പ്രവാചകനിന്ദയുടെ പേരിൽ കഴിഞ്ഞ ഏതാനും ദിവസങ്ങൾ ബംഗളൂരു പട്ടണം കലാപ കലുഷിതമാവുകയുണ്ടായി. മുഹമ്മദ് നബി (സ്വ) യെ അപകീർത്തിപ്പെടുത്തിക്കൊണ്ട് ഒരാൾ നടത്തിയ ഫേസ്‌ബുക്ക് പോസ്റ്റാണ് അക്രമത്തിലേക്ക് നയിക്കുകയും ഒരു നിയമസഭാ സാമാജികന്റെ വീട് ആക്രമിച്ച് നശിപ്പിക്കുകയും തുടർന്ന് പോലീസ് വെടിവെപ്പിൽ മൂന്നു പേരുടെ മരണത്തിനു കാരണമാവുകയും ചെയ്തത്. സംഭവത്തെ തുടർന്ന് പ്രവാചകനിന്ദ നടത്തിയ നവീൻ എന്ന വ്യക്തിക്കെതിരെയും നിരപരാധിയായ ഒരു നിയമസഭാ സാമാജികന്റെ വീട് ആക്രമിച്ച് നശിപ്പിച്ചവർക്കെതിരെയും പോലീസ് കേസെടുക്കുകയുണ്ടായി. രാജ്യം ഒരു മഹാമാരിയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന സന്ദർഭത്തിൽ പ്രവാചകന്റെ പേരിലുണ്ടായ ഈ സംഭവം ഭയപ്പെടുത്തുന്നതും ലജ്ജിപ്പിക്കുന്നതുമാണ്.
മനസ്സുകളിൽ പ്രകോപനം സൃഷ്ടിക്കപ്പെടുന്നു എന്ന കാരണത്താൽ അക്രമത്തിലേക്ക് ഇറങ്ങിത്തിരിക്കാൻ ഇസ്‌ലാം അനുവദിക്കുന്നില്ല. അക്രമം അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടാത്ത കാര്യമാണ്. "അക്രമികള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനാണെന്ന് നീ വിചാരിച്ച് പോകരുത്. കണ്ണുകള്‍ തള്ളിപ്പോകുന്ന ഒരു ഭയാനകമായ ദിവസം വരെ അവര്‍ക്കു സമയം നീട്ടികൊടുക്കുക മാത്രമാണ് ചെയ്യുന്നത്. (ഖുർആൻ 14:42). അല്ലാഹു പറഞ്ഞതായി പ്രവാചകൻ പഠിപ്പിക്കുന്നു: "എന്റെ അടിമകളേ, അക്രമം ഞാൻ എന്റെ മേൽ നിഷിദ്ധമാക്കിയിരിക്കുന്നു. അതുകൊണ്ട് നിങ്ങൾ പരസ്പരം അക്രമം കാണിക്കാതിരിക്കുക". (മുസ്‌ലിം). ഒരു ഇസ്‌ലാം മത വിശ്വാസിയെ സംബന്ധിച്ചിടത്തോളം അല്ലാഹുവിനെയോ പ്രവാചകനെയോ ഇസ്‌ലാമിക അടയാളങ്ങളെയോ പരിഹസിക്കുകയോ നിന്ദിക്കുകയോ ചെയ്യുന്നത് അയാൾക്ക് വളരെ അസഹനീയമാണ് എന്നത് യാഥാർഥ്യമാണ്. എന്നാൽ അത്തരം സന്ദർഭങ്ങളിൽ സ്വന്തമായ നിലയ്ക്ക് അക്രമത്തിലേക്ക് പോകുകയോ പ്രതികാര നടപടികൾക്കായി മുതിരുകയോ ചെയ്യാൻ പാടുള്ളുള്ളതല്ല. പലപ്പോഴും വിശ്വാസികളെ പ്രകോപിപ്പിച്ച് അവരെ അക്രമ മാർഗത്തിലേക്ക് നയിക്കുന്നതിനുവേണ്ടിയാണ് ചിലർ ഇങ്ങനെ പ്രവർത്തിക്കുന്നത്. എന്നാൽ ക്ഷമയും ആത്മസംയമനവും കൈക്കൊള്ളേണ്ട വിശ്വാസികൾ ഒരിക്കലും അക്രമത്തിന്റെ മാർഗം സ്വീകരിക്കാൻ പാടുള്ളതല്ല. വിശ്വാസികൾക്ക് വിഷമകരമാകുന്ന വാർത്തകൾ പ്രചരിക്കപ്പെടുമ്പോൾ അതിന്റെ യാഥാർഥ്യം അന്വേഷിക്കാതെ ഒരു വിഭാഗത്തെ മുഴുവൻ ശത്രുപക്ഷത്തേക്ക് കൊണ്ടുപോകുന്ന തരത്തിൽ വിശ്വാസികൾ പ്രവർത്തിക്കാൻ പാടില്ല. ഖുർആൻ പറയുന്നു: "സത്യവിശ്വാസികളേ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്‍റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി." (49 :6). പേരിൽ ഹിന്ദുവെന്നു തോന്നിപ്പിക്കുന്ന ഒരാൾ ചെയ്യുന്ന അതിക്രമത്തിന്റെ പേരിൽ മതനിരപേക്ഷതയിൽ വിശ്വസിക്കുന്ന രാജ്യത്തെ നല്ലവരായ ഭൂരിപക്ഷം ഹിന്ദുമതവിശ്വാസികളെ മുഴുവൻ വിഷമിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ യഥാർത്ഥ വിശ്വാസികൾക്ക് ഭൂഷണമല്ല. രാജ്യത്തെ നിയമസംവിധാനങ്ങൾ, മതേതര പ്രസ്ഥാനങ്ങളുടെ നേതാക്കൾ, മതനിരപേക്ഷതയിൽ വിശ്വസിക്കുന്ന മുസ്‌ലിം നേതാക്കൾ, പണ്ഡിതന്മാർ തുടങ്ങിയവരോട് സംഭവങ്ങളെ സംബന്ധിച്ച് ധരിപ്പിക്കുകയും അവരിൽ നിന്നുള്ള ഉചിതമായ തീരുമാനങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയും ചെയ്യുകയാണ് വേണ്ടത്. ഖുർആൻ പറയുന്നു: "സമാധാനവുമായോ ഭീതിയുമായോ ബന്ധപ്പെട്ട വല്ല വാര്‍ത്തയും അവര്‍ക്ക് വന്നുകിട്ടിയാല്‍ അവരത് പ്രചരിപ്പിക്കുകയായി. അവരത് റസൂലിന്‍റെയും അവരിലെ കാര്യവിവരമുള്ളവരുടെയും തീരുമാനത്തിന് വിട്ടിരുന്നുവെങ്കില്‍ അവരുടെ കൂട്ടത്തില്‍ നിന്ന് നിരീക്ഷിച്ച് മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ അതിന്‍റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കിക്കൊള്ളുമായിരുന്നു. നിങ്ങളുടെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍ നിങ്ങളില്‍ അല്‍പം ചിലരൊഴികെ പിശാചിനെ പിന്‍പറ്റുമായിരുന്നു." (4:87).
ബംഗളുരുവിൽ അടക്കം ഇതിനകം പ്രവാചകന്റെയോ ഇസ്‌ലാമിന്റെയോ പേരിൽ നടന്ന അതിക്രമങ്ങൾ ഒരിക്കലും ഇസ്‌ലാം അംഗീകരിക്കുന്നില്ല. എന്നു മാത്രമല്ല, ഇസ്‌ലാം അതിനെയെല്ലാം നിരാകരിക്കുകയും അപലപിക്കുകയും ചെയ്യുന്ന മാനവികതയിൽ ഊന്നിയ ദർശനമാണ്. കൊലക്കുറ്റം നടത്തുകയോ വലിയ കലാപം സൃഷ്ടിക്കുകയോ ചെയ്യുന്നവർക്കെതിരെ ഭരണകൂടം കൃത്യമായ വിചാരണകളിലൂടെ നടപ്പാക്കുന്ന വധശിക്ഷകളല്ലാതെ ഒരു സമൂഹം അക്രമത്തിലൂടെ ശിക്ഷകൾ നടപ്പാക്കുകയോ കൊലപാതകങ്ങൾ നടത്തുകയോ ചെയ്യുന്നത് ഇസ്‌ലാം വിരോധിച്ചതാണ്. ഖുർആൻ പറയുന്നു: "മറ്റൊരാളെ കൊന്നതിന് പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്‍റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു." (5:32). കൊലപാതകവും കലാപങ്ങളും ഇസ്‌ലാം വൻപാപങ്ങളായി കാണുന്നു. വിശുദ്ധ ഖുർആനും പ്രവാചകനും ആവർത്തിച്ച് ഈ കാര്യങ്ങൾ വ്യക്തമാക്കിയിട്ടും ഖുർആനിന്റെയും പ്രവാചകന്റെയും പേരിൽ ആൾക്കൂട്ട കൊലപാതങ്ങളും കലാപങ്ങളും സൃഷ്ടിച്ച് വിടുന്നത് ഇസ്‌ലാമിനെ അവഹേളിക്കുന്നതിനു തുല്യമാണ്.
നാക്കു കൊണ്ടോ നോക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ ഒരാളും അക്രമിക്കപ്പെടാൻ പാടില്ല എന്നാണു ഇസ്‌ലാമികനിയമം. സ്വന്തം നാവിൽ നിന്നും കൈകളിൽ നിന്നും മറ്റുള്ളവർ സുരക്ഷിതമാകണമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അപ്പോൾ മാത്രമാണ് ഒരാൾ യഥാർത്ഥ വിശ്വാസിയായിത്തീരുന്നത്. അന്യമതസ്ഥർക്ക് വിഷമകരമാകുന്ന വിധത്തിലുള്ള പരാമർശങ്ങളും അവർ പുണ്യപുരുഷന്മാരായി കാണുന്നവരെ നിന്ദിച്ചുകൊണ്ടുള്ള അധിക്ഷേപങ്ങളും ഒരിക്കലും ഒരു മുസ്‌ലിമിൽ നിന്നും ഉണ്ടാവാൻ പാടില്ലെന്നാണ് ഇസ്‌ലാമിന്റെ നിലപാട്. "അല്ലാഹുവിനു പുറമെ അവര്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവരെ നിങ്ങള്‍ നിന്ദിച്ചു സംസാരിക്കരുത്." (ഖുർആൻ 6 :108). പരനിന്ദ ഇസ്‌ലാമിന്റെ നിലപാടല്ല. അധിക്ഷേപകരമായ യാതൊന്നും വിശ്വാസിയിൽ നിന്നും വന്നുകൂടാ എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. സ്വന്തം നാവിനെയും മനസ്സിനെയും പരനിന്ദകളിൽ നിന്നും അധിക്ഷേപങ്ങളിൽ നിന്നും മുക്തമാക്കുക എന്നത് വിശ്വാസിയുടെ വ്യക്തിത്വത്തെയാണ് സൂചിപ്പിക്കുന്നത്. ഖുർആൻ പറഞ്ഞു: "നിങ്ങള്‍ അന്യോന്യം കുത്തുവാക്ക് പറയരുത്. നിങ്ങള്‍ പരിഹാസപേരുകള്‍ വിളിച്ച് പരസ്പരം അപമാനിക്കുകയും ചെയ്യരുത്. സത്യവിശ്വാസം കൈക്കൊണ്ടതിനു ശേഷം അധാര്‍മ്മികമായ പേര് വിളിക്കുന്നത് എത്ര ചീത്ത!" (49:11). എന്തിനേറെ മനുഷ്യന്റെ പ്രത്യക്ഷ ശത്രുവായ പിശാചിനെപ്പോലും നിങ്ങൾ ശകാരിക്കുകയല്ല വേണ്ടത്, മറിച്ച് അവനിൽ നിന്നും നിങ്ങൾ അല്ലാഹുവിനോട് രക്ഷ ചോദിക്കുകയാണ് വേണ്ടത് എന്നു പ്രവാചകൻ (സ്വ) പഠിപ്പിക്കുകയുണ്ടായി. കാരണം വിശ്വാസിയുടെ നാവിൽ നിന്നും അധിക്ഷേപകരമായ വാക്കുകൾ വരുന്നതാണ് പിശാചിന് ഏറെ ഇഷ്ടം. മനുഷ്യന്റെ സ്വർഗപ്രവേശനം തടയാൻ പരനിന്ദയിൽ അധിഷ്ഠിതമായ വാക്കുകൾ പര്യാപ്തമാണല്ലോ.
വർത്തമാനകാലത്ത് പരനിന്ദകളുടെ തോത് വളരെയേറെ വർധിച്ചിട്ടുണ്ട്. അതിനുള്ള പ്രധാന കാരണം സാമൂഹിക മാധ്യമങ്ങളാണ്. ഫേസ്ബുക്ക്, വാട്‍സാപ്പ് തുടങ്ങിയ കൂട്ടായ്മകളിലും വിവിധ മാധ്യമങ്ങളുടെ ഓൺലൈൻ ചാനലുകളുടെ കമന്റ് ബോക്സുകളിലൊമൊക്കെയാണ് പരനിന്ദകൾ ഒഴുകിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ വളരെയേറെ ചർച്ചയായിട്ടുള്ള വിഷയവുമാണിത്. നമുക്കിഷ്ടമില്ലാത്ത ആളുകളെയെല്ലാം വളരെ വിലകുറഞ്ഞ പരാമർശങ്ങളിലൂടെയോ ലൈംഗിക ചുവയോടെ താറടിച്ചുകൊണ്ടോ അല്ലെങ്കിൽ മാതാപിതാക്കളിലേക്ക് ചേർത്തിക്കൊണ്ടോയുള്ള സംസാരങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. സംസ്‌കൃതവും ഉന്നതവുമായ ചിന്തകൾ നയിക്കുന്ന ഒരു സമൂഹത്തിന് ഒട്ടും ചേർന്നതല്ല സാമൂഹിക മാധ്യമങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന പല ചർച്ചകളും. ആർക്കും പ്രത്യേകിച്ച് ഉത്തരവാദിത്തമില്ലാത്ത ഈ കൂട്ടായ്മകൾ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ ചെറുതല്ല. ഇങ്ങനെയൊരു കൂട്ടായ്മയിലാണ് നവീൻ എന്ന വ്യക്തി പ്രവാചകനെ കുറിച്ച് വളരെ അപഹാസ്യമായ പോസ്റ്റിട്ടത്. ഒട്ടും പക്വതയില്ലാത്ത ആളുകൾ അപഹാസ്യമാക്കി ചിത്രീകരിച്ചാൽ ഒലിച്ചുപോകുന്ന വ്യക്തിത്വമല്ല മുഹമ്മദ് നബിയുടേത് എന്നു ലോകത്തിനറിയാം. ജനനം മുതൽ മരണം വരെ ഒരു രഹസ്യവുമില്ലാതെ ജീവിച്ച മഹാനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കൂടെ ജീവിച്ച അനുചരന്മാരിൽ ഒരാൾ പോലും അദ്ദേഹത്തെ പ്രകീർത്തിക്കാതിരുന്നിട്ടില്ല. ഒരാളും ഒരു പോരായ്മയും അദ്ദേഹത്തെ കുറിച്ച് കണ്ടെത്തിയിട്ടില്ല. ലോകപ്രശസ്ത ചിന്തകരും സാഹിത്യകാരന്മാരുമായ ബർണാഡ് ഷാ, ലിയോ ടോൾസ്റ്റോയ്, ലാമാർട്ടിൻ, എഡ്വേർഡ് റംസി തുടങ്ങി ധാരാളം പേർ പ്രവാചകന്റെ വ്യക്തിത്വത്തെ പുകഴ്ത്തിയിട്ടുണ്ട്. മഹാത്മാ ഗാന്ധി, ഡോ. രാധാകൃഷ്ണൻ, ജവാർഹർലാൽ നെഹ്‌റു, ബി ആർ അംബേദ്‌കർ തുടങ്ങിയ ഇന്ത്യാ മഹാരാജ്യത്തിന്റെ ശില്പികളും മറ്റു ലോകനേതാക്കളും പ്രവാചക നന്മകളെ പ്രശംസിച്ചിട്ടുണ്ട്. ലോകത്ത് കടന്നുവന്ന മഹാരഥന്മാരിൽ ഒന്നാമനായിട്ടാണ് പ്രവാചകനെ മൈക്കിൾ ഹാർട്ട് രേഖപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഫേസ്‌ബുക്കിൽ ഒട്ടും ഉത്തരവാദിത്തമില്ലാത്ത ഏതോ ഒരാൾ പ്രവാചകനെ അപകീർത്തിപ്പെടുത്തി പോസ്റ്റിട്ടതുകൊണ്ട് പ്രവാചകന്റെ വ്യക്തിത്വത്തിനോ പ്രവാചകനെ ലോകം മനസ്സിലാക്കിയതിനോ ഒരു കോട്ടവും സംഭവിക്കുന്നില്ല.
സാമൂഹിക മാധ്യമങ്ങളിലാവട്ടെ അല്ലാത്ത ഇടങ്ങളിലാവട്ടെ, സംവാദങ്ങളും ചർച്ചകളും മാന്യമായിട്ടാവണം. മനുഷ്യർ വിവിധ ആശയങ്ങളെ പ്രതിനിധീകരിക്കുന്നവരാണ്. ആശയപരമായ ഭിന്നത തികച്ചും ബൗദ്ധികമായ നിലപാടിന്റെ ഭാഗമായാണ് ഇസ്‌ലാം കാണുന്നത്. ഒരാളുടെ ബുദ്ധിക്ക് യോജിക്കാത്തത് നിർബന്ധിച്ച് അടിച്ചേൽപ്പിക്കാൻ ഇസ്‌ലാം ആവശ്യപ്പെടുന്നില്ല. 'ലാ ഇക്‌റാഹ ഹിദ്ദീൻ', മതത്തിൽ അടിച്ചേൽപ്പിക്കലില്ല എന്നും 'ഫമൻ ശാഅ ഫൽ യുഅ്മിൻ വമൻ ശാഅ ഫൽ യക് ഫുർ', ഉദ്ദേശിക്കുന്നവർ വിശ്വസിക്കട്ടെ, ഉദ്ദേശിക്കുന്നവർ അവിശ്വസിക്കട്ടെ എന്നുമുള്ള ഖുർആനിന്റെ പരാമർശങ്ങൾ വളരെ പ്രസക്തമാണ്. 'താങ്കൾ ഒരു പ്രബോധകൻ മാത്രമാണ്, അടിച്ചേൽപ്പിക്കുന്നവനല്ല' എന്ന പ്രവാചകനെക്കുറിച്ചുള്ള അല്ലാഹുവിന്റെ പരാമർശവും ഇതോടൊപ്പം വായിക്കേണ്ടതാണ്. മനുഷ്യർ തമ്മിലുള്ള ഭിന്നതകളും സംവാദങ്ങളും ബൗദ്ധിക തലങ്ങളിൽ മാത്രമാണെന്നും ഒരിക്കലും അത് കേവല തർക്കങ്ങളിലേക്ക് വഴുതിപ്പോവാൻ പാടില്ല എന്നുമാണ് ഖുർആനിന്റെ നിലപാട്. ഖുർആൻ പറയുന്നു: "യുക്തിദീക്ഷയോടു കൂടിയും, സദുപദേശം മുഖേനയും നിന്‍റെ രക്ഷിതാവിന്‍റെ മാര്‍ഗത്തിലേക്ക് നീ ക്ഷണിച്ച് കൊള്ളുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക." (16:125). സംവാദങ്ങൾ വഴുതി തർക്കങ്ങളിലേക്ക് പോകുമ്പോൾ പിന്നെ അതുമായി തുടർന്നുപോവാൻ പാടില്ല എന്നാണ് ഖുർആനിന്റെ നിർദ്ദേശം. കാരണം അത് വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് നയിക്കും. പരസ്പരം വിദ്വേഷം വളർത്തുന്ന പരാമർശങ്ങൾ, ഇരുവിഭാഗങ്ങളിലെയും ആദരിക്കപ്പെടുന്ന മഹാന്മാരെക്കുറിച്ചുള്ള തെറിയഭിഷേകങ്ങൾ തുടങ്ങിയ നിലയിലേക്ക് അവ വഴിമാറും. സംസാരങ്ങൾ അവിവേകങ്ങളിലേക്ക് പോകുന്നുവെങ്കിൽ അവിടെ സ്വീകരിക്കേണ്ട നിലപാട് ഇങ്ങനെയാണ് ഖുർആൻ വരച്ചുകാണിക്കുന്നത്: "പരമകാരുണികന്‍റെ ദാസന്‍മാര്‍ ഭൂമിയില്‍ വിനയത്തോടെ നടക്കുന്നവരും, അവിവേകികള്‍ തങ്ങളോട് സംസാരിച്ചാല്‍ സമാധാനപരമായി മറുപടി നല്‍കുന്നവരുമാകുന്നു."(25:63). വിവരമില്ലാത്തവർ എന്തെങ്കിലും വിളിച്ചുപറയുമ്പോൾ സമാധാനം കാത്തുസൂക്ഷിച്ച് മാന്യമായി പിരിയുകയാണ് വേണ്ടത് എന്നർത്ഥം.
സംസാരങ്ങൾ മതനിന്ദകളിലേക്ക് പോകുന്നത് കുറച്ചുകൂടി ഗൗരവത്തിൽ കാണണം. ഇസ്‌ലാമേതര മതങ്ങൾ ബഹുമാനിക്കുകയും അവർ ആരാധ്യപുരുഷന്മാരായി കാണുകയും ചെയ്യുന്നവരെ ഇടിച്ചു താഴ്ത്തി സംസാരിക്കുന്നത് ഖുർആൻ കർശനമായി വിലക്കിയിരിക്കുന്നു. ഒരു അന്യമത വിശ്വാസിയുടെ മൃതശരീരം കാണുമ്പോൾ പോലും എഴുന്നേറ്റു നിൽക്കണമെന്ന് പഠിപ്പിച്ച ഇസ്‌ലാമിന്റെ യഥാർത്ഥ അനുയായികൾക്ക് അന്യമത വിഭാഗങ്ങളുടെ പുണ്യപുരുഷന്മാരെ അധിക്ഷേപിച്ചു സംസാരിക്കാൻ ഒരിക്കലും കഴിയില്ല. മറുവിഭാഗത്തിൽ നിന്നും പ്രകോപനങ്ങൾ ഉണ്ടായാൽ പോലും അനുവർത്തിക്കേണ്ട നയം ഖുർആൻ പറയുന്നത് ഇങ്ങനെയാണ്: "നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ നിന്‍റെ ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു." (41:34).
സാമൂഹികമായ കാര്യങ്ങളിൽ ഉൾക്കാഴ്ച അനിവാര്യമാണ്. 'ബസ്വീറ' എന്നു ഖുർആൻ നാമകരണം നൽകിയ ഉൾക്കാഴ്ച അറിവുകളുടെയും സംസ്കാരത്തിന്റെയും അടിസ്ഥാനത്തിലുള്ള ദൃഢബോധ്യമാണ്. ഈ ദൃഢബോധ്യത്തിൽ നിന്നുകൊണ്ടായിരിക്കണം സമൂഹത്തോട് സംവദിക്കേണ്ടത്. "പറയുക: ഇതാണ് എന്‍റെ മാര്‍ഗം. ദൃഢബോധ്യത്തോട് കൂടി അല്ലാഹുവിലേക്ക് ഞാന്‍ ക്ഷണിക്കുന്നു. ഞാനും എന്നെ പിന്‍പറ്റിയവരും. അല്ലാഹു എത്ര പരിശുദ്ധന്‍! ഞാന്‍ അവനോട് പങ്കുചേര്‍ക്കുന്ന കൂട്ടത്തിലല്ല തന്നെ." (ഖുർആൻ 12:108). കലാപങ്ങളും സംഘർഷങ്ങളും ഇല്ലാതാക്കാൻ ഈ ഉൾക്കാഴ്ചയും ദൃഢബോധ്യവും അനിവാര്യമാണ്. ബംഗളൂരുകൾ ഇനിയും ആവർത്തിക്കാതിരിക്കാൻ അന്യമത നിന്ദകൾക്ക് ശിക്ഷ ഉറപ്പാക്കാൻ ഭരണകൂടവും പ്രകോപനപരമായ സംസാരങ്ങൾ നിയന്ത്രിക്കാൻ അതാത് മതവിഭാഗങ്ങളും തയ്യാറാവേണ്ടതുണ്ട്. പ്രകോപനമല്ല, പക്വതയും വിവേകവുമാണ് പ്രശ്നങ്ങൾക്കുള്ള പരിഹാരം.