റിയാദ് - ഖത്തര്‍ രാജകുടുംബാംഗം ശൈഖ് അബ്ദുല്ല അല്‍ഥാനിക്കെതിരെ ഖത്തര്‍ ഗവണ്‍മെന്റ് പ്രതികാര നടപടികള്‍ ആരംഭിച്ചു. ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ഗവണ്‍മെന്റ് മരവിപ്പിച്ചു. രാഷ്ട്രത്തിനു വേണ്ടി തന്റെ ധനം സമര്‍പ്പിക്കുന്നതില്‍ അഭിമാനമുണ്ടെന്നും ഇത്തരൊരു ആദരവ് നല്‍കിയതിന് ഗവണ്‍മെന്റിന് നന്ദി പറയുകയാണെന്നും ശൈഖ് അബ്ദുല്ല അല്‍ഥാനി ട്വീറ്റ് ചെയ്തു.
അവസരങ്ങള്‍ മുതലെടുക്കുന്നവരെയും നിക്ഷിപ്ത താല്‍പര്യക്കാരെയും ഖത്തര്‍ പുറത്താക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഖത്തര്‍ ഗള്‍ഫ് രാജ്യങ്ങളുടെ നിരയിലേക്ക് തിരികെയെത്തണം. ഗള്‍ഫ് രാജ്യങ്ങള്‍ മാത്രമേ ഖത്തറിന് ഉപകാരപ്പെടുകയുള്ളൂവെന്നും ശൈഖ് അബ്ദുല്ല അല്‍ഥാനി പറഞ്ഞു.
ഖത്തര്‍ തീര്‍ഥാടകര്‍ക്ക് പ്രത്യേക ഇളവുകള്‍ നേടിയെടുക്കുന്നതിന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അടുത്ത് ശൈഖ് അബ്ദുല്ല അല്‍ഥാനി നേരത്തെ മധ്യസ്ഥശ്രമം നടത്തിയിരുന്നു. ഇദ്ദേഹത്തിന്റെ അപേക്ഷ മാനിച്ച് ഖത്തറില്‍ നിന്ന് ഹജ് നിര്‍വഹിക്കുന്ന മുഴുവന്‍ സ്വദേശികളെയും ഹജ് പെര്‍മിറ്റില്ലാതെ സ്വീകരിക്കുന്നതിനും ഇവര്‍ക്കു വേണ്ടി സൗജന്യ വിമാന സര്‍വീസുകള്‍ നടത്തുന്നതിനും ഖത്തരി തീര്‍ഥാടകരെ തന്റെ അതിഥികളായി പരിഗണിച്ച് എല്ലാവിധ സേവനങ്ങളും സൗജന്യമായി നല്‍കുന്നതിനും രാജാവ് നിര്‍ദേശിച്ചിരുന്നു.
ഈ വര്‍ഷം 1,500 ലേറെ പേരാണ് ഖത്തറില്‍ നിന്ന് ഹജ് നിര്‍വഹിച്ചത്. ഖത്തര്‍ അധികൃതര്‍ പലവിധ പ്രതിബന്ധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പേര്‍ ഈ വര്‍ഷം ഖത്തറില്‍ നിന്ന് ഹജിനെത്തിയിരുന്നു. സൗദിയിലും ഖത്തറിലും കുടുംബബന്ധങ്ങളുള്ളവര്‍ക്ക് പരസ്പരം സന്ദര്‍ശിക്കുന്നതിന് പ്രത്യേക ഇളവുകള്‍ നേടിയെടുക്കുന്നതിനും ശൈഖ് അബ്ദുല്ല അല്‍ഥാനി നടത്തിയ മധ്യസ്ഥശ്രമങ്ങളിലൂടെ സാധിച്ചിരുന്നു.
നിലവിലെ പ്രതിസന്ധിയില്‍ ഖത്തറിനെ പരസ്യമായി വിമര്‍ശിച്ചിരുന്നില്ലെങ്കിലും പ്രതിസന്ധിക്ക് എത്രയും വേഗം പരിഹാരം കാണണമെന്നും ഖത്തര്‍ ഗള്‍ഫ് രാജ്യങ്ങളുടെ ചേരിയില്‍ തിരികെയെത്തണമെന്നുമുള്ള ആഗ്രഹം ശൈഖ് അബ്ദുല്ല അല്‍ഥാനി പ്രകടിപ്പിച്ചിരുന്നു.
ഖത്തറിലും ഗള്‍ഫ് രാജ്യങ്ങളിലും ഏറ്റവും സ്വീകാര്യതയുള്ള നേതാക്കളില്‍ ഒരാളാണ് ശൈഖ് അബ്ദുല്ല അല്‍ഥാനി. ഇദ്ദേഹത്തിന്റെ പിതാവും സഹോദരനും ഖത്തറിലെ മുന്‍ അമീറുമാരായിരുന്നു. പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സൗദി അനുകൂല നിലപാട് സ്വീകരിച്ചതിന് നിരവധി പേരുടെ പൗരത്വം ഖത്തര്‍ ഇതിനകം റദ്ദാക്കിയിട്ടുണ്ട്. ഭീകരതക്ക് പിന്തുണ നല്‍കുന്നതായും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതായും കുറ്റപ്പെടുത്തി ജൂണ്‍ അഞ്ചിനാണ് സൗദി അറേബ്യയും ബഹ്‌റൈനും യു.എ.ഇയും ഈജിപ്തും ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചത്.