Sorry, you need to enable JavaScript to visit this website.

യു.എ.ഇയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു

ദുബായ്- യു.എ.ഇ.യില്‍ വ്യാഴാഴ്ച 461 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 131 പേര്‍ രോഗമുക്തരായതായും രണ്ട് പേര്‍ മരണത്തിന് കീഴടങ്ങിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ മൊത്തം കേസുകള്‍ 65,802 ആയി. ഇതില്‍ 58,153 പേര്‍ രോഗമുക്തരായി. 369 പേരാണ് മരിച്ചത്. മൊത്തം 7280 ആക്ടീവ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്.
ഈയാഴ്ചയിലെ ആദ്യ ദിനങ്ങളുമായി പരിഗണിക്കുമ്പോള്‍ കോവിഡ് കേസുകള്‍ ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. ഞായര്‍-210, തിങ്കള്‍- 229, ചൊവ്വ-365 എന്നിങ്ങനെയാണ് മുന്‍ദിവസത്തെ കണക്കുകള്‍. കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്നത് ആശങ്കയുണ്ടാക്കുന്നതായി കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി അബ്ദുല്‍ റഹ്മാന്‍ അല്‍ ഉവൈസ് പറഞ്ഞിരുന്നു.
കുറച്ച് ആഴ്ചകളായി കോവിഡ് 19 രോഗനിരക്ക് കുറയുന്ന പ്രവണതയാണ് കണ്ടു കൊണ്ടിരുന്നത്. എന്നാല്‍ ദൗര്‍ഭാഗ്യകരമായ രീതിയില്‍ ഇപ്പോള്‍ ദിനംപ്രതിയുള്ള കേസുകള്‍ വര്‍ധിച്ചു വരികയാണ്. മുന്‍കരുതല്‍ നടപടികള്‍ പാലിക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. കുടുംബ-സമൂഹ ഒത്തുചേരലുകള്‍ ഒഴിവാക്കുകയും വേണം- എന്നും മന്ത്രി പറഞ്ഞു.
24 മണിക്കൂറിനിടെ 72,000 കോവിഡ് പരിശോധനകള്‍ നടത്തിയതായി ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. ഇതുവരെ 6.2 ദശലക്ഷം കോവിഡ് പരിശോധന രാജ്യത്ത് നടത്തിയിട്ടുണ്ട്.

 

Latest News