റിയാദ്- അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കാത്ത പശ്ചാത്തലത്തില്‍ പ്രവാസികളുടെ റീ എന്‍ട്രിയും ഫൈനല്‍ എക്‌സിറ്റും നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി സഹകരിച്ച് സ്വമേധയാ നീട്ടിനല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ജവാസാത്ത് അറിയിച്ചു.
വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഭൂരിഭാഗം സൗദി പ്രവാസികളുടെയും റീ എന്‍ട്രി വ്യാഴാഴ്ച അവസാനിക്കുകയാണെന്നും ഇനി എന്തു ചെയ്യണമെന്നുമുള്ള ചോദ്യത്തിന് മറുപടിയായാണ് ജവാസാത്ത് ഇക്കാര്യം അറിയിച്ചത്.
അബ്ശിര്‍ ബിസിനസില്‍ റീ എന്‍ട്രി നീട്ടി നല്‍കുന്നതിനുള്ള സംവിധാനം ഇല്ലെന്ന പരാതിയും പലരും ഉന്നയിച്ചിരുന്നു. റീ എന്‍ട്രി കാലാവധി രണ്ടാഴ്ച മുമ്പ് അവസാനിച്ചവര്‍ക്കും ഈ ആനുകൂല്യം ലഭിക്കുമെന്ന് ജവാസാത്തിന്റെ അറിയിപ്പിലുണ്ട്.
വിദേശത്തുള്ളവരുടെ റീ എന്‍ട്രിയും ഇഖാമയും മൂന്നു മാസത്തേക്ക് നീട്ടിനല്‍കിയിട്ടുണ്ടെന്നും ഇനി നീട്ടിനല്‍കുമോ എന്ന കാര്യം പിന്നീട് അറിയിക്കുമെന്നുമായിരുന്നു നേരത്തെ ഇത്തരം ചോദ്യങ്ങള്‍ക്ക് ജവാസാത്ത് മറുപടി നല്‍കിയിരുന്നത്.
ഇത് സംബന്ധിച്ച് പലരും നിരന്തരമായി ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളില്‍ പുതുക്കല്‍ നടപടികളുണ്ടാവുമെന്നാണ് പ്രതീക്ഷ.
തൽസമയം വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
അതിനിടെ, മിക്ക കമ്പനികളും തങ്ങളുടെ തൊഴിലാളികളുടെ റീ എന്‍ട്രി ഒരു മാസത്തിന് 100 റിയാല്‍ തോതില്‍ പണമടച്ച് മുഖീം വഴി പുതുക്കിയിട്ടുണ്ട്. മുഖീം ഇല്ലാത്തവര്‍ അബ്ശിര്‍ വഴി പുതുക്കാന്‍ ശ്രമം തുടങ്ങിയിട്ടുമുണ്ട്. ആശ്രിത വിസക്കാരുടെ റീ എന്‍ട്രി സ്വന്തം അബ്ശിര്‍ വഴി രക്ഷിതാക്കള്‍ പുതുക്കുകയും ചെയ്തു. എന്നാല്‍ ജവാസാത്തിന്റെ ആനുകൂല്യം ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ ചിലര്‍ ഇതുവരെ റീ എന്‍ട്രി പുതുക്കിയിട്ടില്ല.
ഫൈനല്‍ എക്‌സിറ്റും റീ എന്‍ട്രിയും പുതുക്കുമെന്നാണ് ഇന്നലെ ജവാസാത്ത് വ്യക്തമാക്കിയിട്ടുള്ളത്. നാട്ടിലുള്ളവര്‍ക്കും സൗദിയിലുള്ളവര്‍ക്കും ഈ ആനുകൂല്യം ലഭിക്കുമെന്നാണ് ഇതില്‍ നിന്ന് മനസ്സിലാവുന്നത്. ഇഖാമയെ കുറിച്ച് പ്രത്യേക പരാമര്‍ശമില്ലെങ്കിലും അതും നീട്ടിനല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.