റിയാദ് - മണിക്കൂറിൽ 240 കിലോമീറ്റർ വേഗത്തിൽ കാറോടിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്ത സോഷ്യൽ മീഡിയ സെലിബ്രിറ്റിയെ ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തു. അമിത വേഗത്തിൽ വാഹനമോടിച്ചതിനു പുറമെ ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചും യുവാവ് നിയമ ലംഘനം നടത്തി. വീഡിയോ ട്വിറ്റർ ഉപയോക്താക്കളിൽ ഒരാൾ ട്വിറ്ററിലെ സൗദി ട്രാഫിക് ഡയറക്ടറേറ്റ് അക്കൗണ്ടിൽ ഷെയർ ചെയ്യുകയായിരുന്നു.
ഉടൻ തന്നെ സംഭവത്തിൽ അന്വേഷണം നടത്തി നിയമ ലംഘകനെ തിരിച്ചറിഞ്ഞ് ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തു. നിയമം അനുശാസിക്കുന്ന ഏറ്റവും കടുത്ത ശിക്ഷ വിധിക്കുന്നതിന് യുവാവിനെതിരായ കേസ് ഗുരുതരമായ ട്രാഫിക് നിയമ ലംഘനങ്ങൾ പരിശോധിച്ച് തീർപ്പ് കൽപിക്കുന്ന ട്രാഫിക് അതോറിറ്റിക്ക് കൈമാറിയതായി സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ഡ്രൈവിംഗിനിടെ കൈ കൊണ്ട് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് 500 റിയാൽ മുതൽ 900 റിയാൽ വരെ പിഴ ലഭിക്കുന്ന നിയമ ലംഘനമാണ്. നിശ്ചിത വേഗ പരിധിയേക്കാൾ മണിക്കൂറിൽ 50 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ വാഹനമോടിക്കുന്നത് 1500 റിയാൽ മുതൽ 2000 റിയാൽ വരെ പിഴ ലഭിക്കുന്ന നിയമ ലംഘനമാണ്.