അബഹ - അസീർ പ്രവിശ്യയിൽ പെട്ട ദഹ്‌റാൻ അൽജനൂബിൽ രണ്ടു ബാലന്മാർ മുങ്ങിമരിച്ചു. അൽശത് ഗ്രാമത്തിലെ വാദി അൽഅരീനിലാണ് അപകടം.
അപകടത്തെ കുറിച്ച് ബുധനാഴ്ച വൈകിട്ട് 6.09 നാണ് സിവിൽ ഡിഫൻസ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതെന്ന് അസീർ പ്രവിശ്യ സിവിൽ ഡിഫൻസ് വക്താവ് ക്യാപ്റ്റൻ മുഹമ്മദ് അൽസയ്യിദ് പറഞ്ഞു. രണ്ടു മീറ്റർ താഴ്ചയുള്ള വെള്ളക്കെട്ടിലാണ് കുട്ടികൾ മുങ്ങിമരിച്ചത്. സിവിൽ ഡിഫൻസ് സംഘം എത്തുന്നതിനു മുമ്പായി കുട്ടികളിൽ ഒരാളുടെ മൃതദേഹം നാട്ടുകാർ പുറത്തെടുത്തിരുന്നു. എട്ടു വയസ്സുകാരന്റെ മൃതദേഹമാണ് പ്രദേശവാസികൾ പുറത്തെടുത്തത്.
നാട്ടുകാരുടെ സഹായത്തോടെ സിവിൽ ഡിഫൻസ് അധികൃതർ വെള്ളക്കെട്ടിൽ നടത്തിയ തെരച്ചിലിൽ രണ്ടാമത്തെ ബാലന്റെ മൃതദേഹവും കണ്ടെത്തി. പതിനൊന്നു വയസ്സുകാരന്റെ മൃതദേഹം സിവിൽ ഡിഫൻസ് സംഘം പുറത്തെടുത്തു.
അസീർ പ്രവിശ്യയിൽ പെട്ട ഖമീസ് മുഷൈത്തിൽ കിണറിൽ വീണ് മരിച്ച യെമനിയുടെ മൃതദേഹവും സിവിൽ ഡിഫൻസ് അധികൃതർ പുറത്തെടുത്തു. ഖമീസ് മുഷൈത്തിനു സമീപം തന്ദഹയിലെ അൽഅയാശ് ഗ്രാമത്തിലാണ് അപകടം. കാർഷികാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന, പതിനാറു മീറ്റർ താഴ്ചയും മൂന്നു മീറ്റർ വ്യാസവുമുള്ള കിണറിലാണ് യെമനി വീണത്. കിണറിലെ വെള്ളം അടിച്ചൊഴിവാക്കിയാണ് സിവിൽ ഡിഫൻസ് അധികൃതർ മൃതദേഹം പുറത്തെടുത്തത്. മോട്ടോർ പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ യെമനി തൊഴിലാളി കാൽ തെന്നി കിണറിൽ വീഴുകയായിരുന്നെന്ന് ഒപ്പമുണ്ടായിരുന്നയാൾ അറിയിച്ചതായി ക്യാപ്റ്റൻ മുഹമ്മദ് അൽസയ്യിദ് പറഞ്ഞു.