ജിസാൻ - ബേശിൽ ജിസാൻ റിഫൈനറി നിർമാണത്തിൽ പങ്കാളിത്തം വഹിക്കുന്ന പ്രമുഖ കോൺട്രാക്ടിംഗ് കമ്പനി സൗദി യുവാക്കളെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. കമ്പനിയിൽ വിവിധ വിഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്ന നിരവധി സ്വദേശി യുവാക്കൾക്ക് പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചിട്ടുണ്ട്. തൊഴിൽ നിയമത്തിലെ 77 ാം വകുപ്പ് പ്രകാരമാണ് പിരിച്ചുവിടൽ നോട്ടീസ് നൽകുന്നതെന്ന് തൊഴിലാളികളെ കമ്പനി അറിയിച്ചു.
കൊറോണ മൂലം ജോലികൾ നിർത്തിവെച്ച കമ്പനിയിൽ ജോലിയിൽ തിരികെ പ്രവേശിച്ചയുടനെയാണ് ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചത്. കൊറോണ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാൻ സർക്കാർ പ്രഖ്യാപിച്ച ധനസഹായ പദ്ധതി കമ്പനി പ്രയോജനപ്പെടുത്തിയിരുന്നു. സ്വകാര്യ സ്ഥാപനങ്ങളിലെ 70 ശതമാനത്തോളം സൗദി ജീവനക്കാരുടെ വേതനം ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിൽ നിന്ന് വിതരണം ചെയ്യുന്ന പദ്ധതി പ്രയോജനപ്പെടുത്തുന്ന സ്ഥാപനങ്ങൾ ധനസഹായ വിതരണ പദ്ധതി പൂർത്തിയായാലുടൻ ജീവനക്കാരുടെ വേതന വിതരണം പുരനരാരംഭിക്കണമെന്നും സ്വദേശി തൊഴിലാളികളെ പിരിച്ചുവിടാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. ഇത് ലംഘിച്ചാണ് കമ്പനി സ്വദേശി ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസുകൾ നൽകിയിരിക്കുന്നത്.
സർക്കാർ പ്രഖ്യാപിച്ച ധനസഹായ പദ്ധതി വഴിയാണ് മാർച്ച് മുതൽ തങ്ങൾക്ക് വേതനം ലഭിച്ചതെന്ന് സൗദി ജീവനക്കാർ പറഞ്ഞു. ധനസഹായ പദ്ധതി വഴി വേതനം വിതരണം ചെയ്യുന്ന ജീവനക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യേണ്ടതില്ലെന്ന് വ്യവസ്ഥയുണ്ട്. കമ്പനി ആവശ്യപ്പെട്ടതു പ്രകാരം ജൂലൈ ഒന്നിനാണ് തങ്ങൾ ജോലിയിൽ തിരികെ പ്രവേശിച്ചത്. പൂർണ വേതനം വിതരണം ചെയ്യുമെന്ന് കമ്പനി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ നാൽപതു ശതമാനം വേതനം മാത്രമേ വിതരണം ചെയ്യൂ എന്ന് കമ്പനി പിന്നീട് അറിയിച്ചു. ഇതു തന്നെ ഇതുവരെ കമ്പനി വിതരണം ചെയ്തിട്ടില്ല.
പദ്ധതിയിലെ തൊഴിൽ കരാർ അവസാനിച്ചതായി അറിയിക്കുന്ന നോട്ടീസിൽ ഒപ്പുവെക്കാൻ കമ്പനി പിന്നീട് നിർബന്ധിച്ചു. റിഫൈനറി പദ്ധതിയിൽ കമ്പനി ഏറ്റെടുത്ത ജോലികൾ പൂർത്തിയായിട്ടില്ല. നോട്ടീസിൽ ഒപ്പുവെക്കാൻ വിസമ്മതിച്ചവർക്ക് തൊഴിൽ നിയമത്തിലെ 77 ാം വകുപ്പ് പ്രകാരം തൊഴിൽ കരാർ അവസാനിപ്പിച്ചതായി അറിയിച്ച് കമ്പനി എസ്.എം.എസുകൾ അയച്ചു. കൊറോണ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാൻ സർക്കാർ പ്രഖ്യാപിച്ച ധനസഹായ പദ്ധതി പ്രയോജനപ്പെടുത്തുന്ന സ്ഥാപനങ്ങൾക്ക് ജീവനക്കാരെ പിരിച്ചുവിടാൻ അവകാശമില്ലെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതി പ്രയോജനപ്പെടുത്തുന്ന കമ്പനികൾ സ്വദേശി ജീവനക്കാരെ പിരിച്ചുവിടുന്നതിന് വിലക്കുള്ള കാര്യം ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസും ഉണർത്തിയിട്ടുണ്ട്.
റിഫൈനറി പദ്ധതിയിൽ ചില ജോലികൾ പൂർത്തിയായിട്ടുണ്ടെന്നും മറ്റു ചില ജോലികൾ പൂർത്തിയാറാകായിട്ടുണ്ടെന്നും ഇക്കാരണത്താൽ സൗദി ജീവനക്കാരെ പിരിച്ചുവിടാൻ നടപടികൾ ആരംഭിച്ചതായും അറിയിച്ച് ജിസാൻ ലേബർ ഓഫീസിന് കമ്പനി കത്തയച്ചിട്ടുണ്ട്. കമ്പനിയുടെ ഈ വാദം വാസ്തവ വിരുദ്ധമാണ്. റിഫൈനറി പദ്ധതിയിൽ മൂന്നു പദ്ധതികളുടെ കരാറുകളാണ് കമ്പനി ഏറ്റെടുത്തിരുന്നത്. ഇതിൽ രണ്ടു പദ്ധതികൾ പൂർത്തിയായിട്ടുണ്ട്. എന്നാൽ തങ്ങൾ ജോലി ചെയ്യുന്ന മൂന്നാമത്തെ പദ്ധതി ഇനിയും പൂർത്തിയായിട്ടില്ല.
കോൺട്രാക്ടിംഗ് മേഖലയിലെ വൻകിട കമ്പനിയാണ് തങ്ങളുടേത്. ജിസാനിലെ ഒരു പദ്ധതിയിൽ മാത്രം കമ്പനിക്കു കീഴിൽ 9000 ത്തിലേറെ വിദേശ തൊഴിലാളികളുണ്ട്. നേരത്തെ 1200 ലേറെ സ്വദേശി ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു. ഇക്കൂട്ടത്തിൽ 720 പേർ എൻജിനീയർമാരായിരുന്നു. അവശേഷിക്കുന്ന 174 സൗദി ജീവനക്കാരെ കൂടി പിരിച്ചുവിടാനാണ് കമ്പനി ഇപ്പോൾ ശ്രമിക്കുന്നതെന്ന് പരാതിക്കാർ പറയുന്നു. സംഭവത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ ഉടനടി അന്വേഷണം നടത്തി നിയമ ലംഘനങ്ങൾക്ക് കമ്പനിക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് സൗദി ജീവനക്കാർ ആവശ്യപ്പെട്ടു.