റിയാദ് - ആറു മാസത്തിനിടെ 551 ബിനാമി ബിസിനസ് കേസുകളിൽ നിയമ നടപടികൾ സ്വീകരിച്ചതായി വാണിജ്യ മന്ത്രാലയ വക്താവ് അബ്ദുറഹ്മാൻ അൽഹുസൈൻ വെളിപ്പെടുത്തി. ഈ വർഷം ആദ്യത്തെ ആറു മാസക്കാലത്താണ് ഇത്രയും ബിനാമി ബിസിനസ് കേസുകൾ നിയമ നടപടികൾക്ക് വാണിജ്യ മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്.
ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാമിന് മേൽനോട്ടം വഹിക്കാനും ബിനാമി ബിസിനസ് പ്രവണത ഇല്ലാതാക്കാൻ സഹായിക്കുന്ന പദ്ധതികളും പോംവഴികളും നിർദേശിക്കാനും മന്ത്രിതല സമിതി രൂപീകരിച്ചത് ഈ പ്രവണത ഇല്ലാതാക്കാൻ സഹായിക്കുമെന്ന് വാണിജ്യ മന്ത്രി ഡോ. മാജിദ് അൽഖസബി പറഞ്ഞു.
നിയമ ലംഘകർക്ക് കൂടുതൽ കടുത്ത ശിക്ഷകൾ വ്യവസ്ഥ ചെയ്യുന്ന പരിഷ്‌കരിച്ച ബിനാമി ബിസിനസ് വിരുദ്ധ നിയമം മന്ത്രിസഭാ യോഗം പാസാക്കിയിരുന്നു. പുതിയ നിയമത്തിൽ കുറ്റക്കാർക്ക് അഞ്ചു വർഷം വരെ തടവും അമ്പതു ലക്ഷം റിയാൽ വരെ പിഴയുമാണ് ശിക്ഷ വ്യവസ്ഥ ചെയ്യുന്നത്.