Sorry, you need to enable JavaScript to visit this website.

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂലം കേരളത്തിലെ ചെമ്മീന്‍ കൃഷിക്ക് 308 കോടി നഷ്ടം

കൊച്ചി- കോവിഡ്19 മഹാമാരിയെ തുടര്‍ന്ന് സംസ്ഥാനത്തെ ചെമ്മീന്‍ കൃഷി മേഖലയ്ക്ക് 308 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി പഠനം. ചെന്നൈ ആസ്ഥാനമായ കേന്ദ്ര ഓരുജലകൃഷി ഗവേഷണ സ്ഥാപനം (സിബ) നടത്തിയ പഠനത്തിലാണ് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം സംസ്ഥാനത്തെ ചെമ്മീന്‍ ഉല്‍പാദനം ഗണ്യമായി കുറഞ്ഞതായി കണ്ടെത്തിയത്. കേരളത്തില്‍ ലോക്ഡൗണ്‍ കാലയളവില്‍ ചെമ്മീന്‍ ഉല്‍പാദനം 500 ടണ്‍ വരെ കുറഞ്ഞതായി സിബയുടെ പഠനം വ്യക്തമാക്കുന്നു. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടമായെന്നും പഠനം വെളിപ്പെടുത്തുന്നു.  

ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന കൃഷിക്ക് ആവശ്യമായ വിത്ത്, തീറ്റ എന്നിവ ലഭിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടതും തൊഴിലാളികളെ ലഭിക്കാത്തതുമാണ് ചെമ്മീന്‍ കൃഷിയില്‍ നഷ്ടമുണ്ടാകാന്‍ കാരണം. ഇവയുടെ ലഭ്യത കുറഞ്ഞതോടെ ചെമ്മീന്‍ കൃഷി സംസ്ഥാനത്ത് മുന്‍ വര്‍ഷത്തേക്കാള്‍ 30 ശതമാനം കുറഞ്ഞു. ചെമ്മീന്‍ വിത്തിനും തീറ്റയ്ക്കും കേരളം ഇതര സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. ചെമ്മീന്‍ കൃഷിക്കായുള്ള കുളമൊരുക്കല്‍ തുടങ്ങിയ തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ച ശേഷം, മതിയായ തോതില്‍ വിത്തും തീറ്റയും ലഭിക്കാത്തതിനാല്‍ 50 ശതമാനം കര്‍ഷകരാണ് സംസ്ഥാനത്ത് കൃഷിയില്‍ നിന്ന് പിന്തരിഞ്ഞത്. തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നെത്തുന്ന ചെമ്മീന്‍ തീറ്റ വരവ് ലോകഡൗണ്‍ കാരണം പ്രതിസന്ധിയിലായത് വില കൂടാനും കാരണമായി.

കൃഷി തുടങ്ങിയവരില്‍ തന്നെ രോഗവ്യാപനം ഭയന്ന് മിക്കവരും ചെമ്മീന്‍ പൂര്‍ണവളര്‍ച്ചയെത്തുന്നിതിന് മുമ്പ് വിളവെടുപ്പ് നടത്തിയത് നഷ്ടത്തിന് ആക്കം കൂട്ടിയതായും സിബ കണ്ടെത്തി. ഇത് കാരണം ചെറിയ വലിപ്പത്തിലുള്ള ചെമ്മീന്‍ കുറഞ്ഞവിലയ്ക്കാണ് കര്‍ഷകര്‍ വിറ്റഴിച്ചത്. രോഗവ്യാപനം നിയന്ത്രിക്കുന്നതിന് അക്വാ-ലബോറട്ടറികളുടെയും വിദഗ്ധരുടെയും സേവനം ലോക്ഡൗണ്‍ കാലത്ത് ലഭിക്കാത്തതാണ് കാലാവധി തികയുന്നതിന് മുമ്പായി വിളവെടുക്കാന്‍ കര്‍ഷകരെ പ്രേരിപ്പിച്ചത്. 80 ദിവസം വേണ്ടിടത്ത്, 25 ശതമാനം കര്‍ഷകരും 30 ദിവസത്തിനുള്ളില്‍ വിളവെടുപ്പ് നടത്തി. 15 ശതമാനം കര്‍ഷകര്‍ 30-80 ദിവസങ്ങള്‍ക്കുള്ളില്‍ വിളവെടുത്തപ്പോള്‍ കേവലം 10 ശതമാനം കര്‍ഷകരാണ് 80 ദിവസം കൃഷി കാലാവധി പൂര്‍ത്തിയാക്കിയത്.

തൊഴില്‍ നഷ്ടം
ലോകഡൗണ്‍ കാരണം സംസ്ഥാനത്തെ ചെമ്മീന്‍കൃഷി മേഖലയില്‍ ഏകദേശം 12,000 പേര്‍ക്കാണ് തൊഴില്‍ നഷ്ടമായതെന്ന് പഠനം വെളിപ്പെടുത്തുന്നു. കൃഷി, സംസ്‌കരണം, വിതരണം എന്നീ രംഗങ്ങളിലായി ഇത്രയും പേര്‍ക്ക് ആറ് മാസം നീണ്ടുനില്‍ക്കുന്ന ഒരു കൃഷി സീസണിലെ തൊഴില്‍ ഇല്ലാതായതിലൂടെയുള്ള നഷ്ടം 108 കോടി രൂപയാണ്. ചെമ്മീന്‍ ഉല്‍പാദന-വിതരണ രംഗത്ത് കൃഷിയിടങ്ങള്‍, ഹാച്ചറികള്‍, സംസ്‌കരണ യൂണിറ്റുകള്‍, ചില്ലറ-മൊത്ത വ്യാപാരം എന്നീ രംഗങ്ങളിലായി നിരവധി തൊഴിലവസരങ്ങളുണ്ട്.

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം ഇന്ത്യയുടെ ചെമ്മീന്‍ ഉല്‍പാദനത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ ഇക്കാലയളവില്‍ 40 ശതമാനത്തോളം ഇടിവുണ്ടായിട്ടുണ്ടെന്നാണ് കണക്ക് കൂട്ടുന്നതെന്ന് സിബ ഡയറക്ടര്‍ ഡോ കെ കെ വിജയന്‍ പറഞ്ഞു. ഇതിലൂടെയുള്ള നഷ്ടം 1.60 ബില്യണ്‍ യുഎസ് ഡോളറാണ്. എന്നാല്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സമയോചിതമായ ഇടപെടല്‍ കാരണം മത്സ്യ-ചെമ്മീന്‍ കൃഷിയെ അവശ്യസേവന വിഭാഗത്തില്‍ ഉള്‍പെടുത്താനും ഇതുമായി ബന്ധപ്പെട്ടുള്ള യാത്രാനിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനും സാധിച്ചു. ഇത്‌കൊണ്ട് നഷ്ടത്തിന്റെ തോത് കുറയ്ക്കാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

നിലവില്‍ 3,144 ഹെക്ടറിലാണ് കേരളത്തില്‍ ചെമ്മീന്‍ കൃഷി നടക്കുന്നത്. കൃഷിയിലൂടെയുള്ള സംസ്ഥാനത്തിന്റെ ശരാശരി വാര്‍ഷിക ചെമ്മീന്‍ ഉല്‍പാദനം 1,500 ടണ്‍ ആണ്. കൃഷിക്കാവശ്യമുള്ള വിത്ത്, തീറ്റ തുടങ്ങിയവയ്ക്ക് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടതിനാല്‍ അന്തര്‍സംസ്ഥാന ഗതാഗതത്തിലെ പ്രതിസന്ധി കേരളത്തിലെ ചെമ്മീന്‍ കൃഷിയെ കാര്യമായി ബാധിക്കുമെന്ന് ഡോ വിജയന്‍ സൂചിപ്പിച്ചു. ദുരന്തകാലയളവില്‍ കര്‍ഷകര്‍ക്ക് സഹായകമാകുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ കര്‍ഷകര്‍ക്ക് ലഭ്യമാക്കണമെന്നും ഇത്തവണ കര്‍ഷകര്‍ക്കുണ്ടായ നഷ്ടം നികത്തുന്നതിന് സാമ്പത്തിക സഹായം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

പുറത്തു നിന്നു വരുന്ന ചെമ്മീന്‍ വിത്തുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് സംസ്ഥാനത്തെ അക്വാകള്‍ച്ചര്‍ ക്വാറന്റൈന്‍ സംവിധാനം മെച്ചപ്പെടുത്തണമെന്ന് സിബയുടെ പഠനം നിര്‍ദേശിക്കുന്നു. ഇതര സംസ്ഥാനത്തെ കൂടുതലായി ആശ്രയിക്കുന്നത് ഒഴിവാക്കാന്‍ വനാമി ചെമ്മീന്‍ വിത്തുല്‍പാദനത്തിന് കേരളത്തില്‍ ഹാച്ചറി സംവിധാനങ്ങള്‍ വികസിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

Latest News