റിയാദ് - ബിനാമി നിയമ ലംഘകരായ സ്വദേശികളെ ഏതു മേഖലയിലും പുതിയ ബിസിനസ് സ്ഥാപനങ്ങൾ ആരംഭിക്കുന്നതിൽ നിന്ന് അഞ്ചു വർഷത്തേക്ക് പുതിയ നിയമം വിലക്കുന്നു.
പഴയ നിയമത്തിൽ ബിനാമി ബിസിനസ് കേസ് പ്രതികൾക്ക് പത്തു ലക്ഷം റിയാൽ വരെ പിഴയും രണ്ടു വർഷം വരെ തടവുമാണ് ശിക്ഷ വ്യവസ്ഥ ചെയ്തിരുന്നത്. പഴയ നിയമം അനുസരിച്ച് ബിനാമി ബിസിനസ് കേസിൽ കുറ്റക്കാരായ സ്വദേശികളെ അതേ മേഖലയിൽ പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിൽ നിന്ന് അഞ്ചു വർഷത്തേക്ക് വിലക്കുകയാണ് ചെയ്തിരുന്നത്. പുതിയ നിയമം ബിനാമി ബിസിനസ് സ്ഥാപനങ്ങൾ കണ്ടെത്താൻ വാണിജ്യ മന്ത്രാലയവുമായി സഹകരിക്കുന്നവർക്ക് നിയമ ലംഘകരിൽ നിന്ന് ഈടാക്കുന്ന പിഴ തുകയുടെ 30 ശതമാനം വരെയാണ് പാരിതോഷികമായി പഴയ നിയമത്തിൽ വ്യവസ്ഥ ചെയ്തിരുന്നത്. പുതിയ നിയമത്തിലും ഇതേ പാരിതോഷികമാണ് വ്യവസ്ഥ ചെയ്യുന്നത്.
ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാമിന് മേൽനോട്ടം വഹിക്കാനും ബിനാമി ബിസിനസ് പ്രവണത ഇല്ലാതാക്കാൻ സഹായിക്കുന്ന പദ്ധതികളും പോംവഴികളും നിർദേശിക്കാനും ദിവസങ്ങൾക്കു മുമ്പ് മന്ത്രിതല സമിതി രൂപീകരിച്ചിട്ടുണ്ട്. വാണിജ്യ മന്ത്രി അധ്യക്ഷനായ ബിനാമി വിരുദ്ധ പോരാട്ടത്തിനുള്ള മന്ത്രിതല സമിതിയിൽ ഗതാഗത മന്ത്രിയെയും പരിസ്ഥിതി, ജല, കൃഷി മന്ത്രിയെയും സൗദി അതോറിറ്റി ഫോർ ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേധാവിയെയും അംഗങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്. സർവ മേഖലകളിലും ബിനാമി ബിസിനസ് പ്രവണതക്ക് പരിഹാരം കാണാനും ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ പരിഷ്‌കരിക്കാനും ഇ-കൊമേഴ്‌സ് ഉത്തേജിപ്പിക്കാനും സാങ്കേതിക പോംവഴികൾ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം ആരംഭിച്ചത്.