കണ്ണൂർ-കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ എൻട്രി ഫീസ് കുത്തനെ ഉയർത്തി കണ്ണൂർ രാജ്യാന്തര വിമാനത്താവള (കിയാൽ) അധികൃതർ. രാജ്യത്തെ ഒരു വിമാനത്താവളത്തിലും ഇല്ലാത്ത നിലയിലുള്ള നിരക്ക് വർധനയാണ് ഇവിടെ ഏർപ്പെടുത്തിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു കഴിഞ്ഞു. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ആദ്യ കാലത്ത് എൻട്രി ഫീസ് ഉണ്ടായിരുന്നില്ല.
യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനും പതിനഞ്ച് മിനിട്ടു വരെ ചെലവഴിക്കുന്നതിനും യാതൊരു ഫീസും ഏർപ്പെടുത്തിയിരുന്നില്ല. പിന്നീട് ഒരു മണിക്കൂർ നേരത്തേക്ക് ടാക്‌സിക്ക് 70 രൂപയും ട്രാവലറിന് 80 രൂപയും ബസിന് 100 രൂപയുമാണ് നിരക്ക് ഏർപ്പെടുത്തിയിരുന്നു. ഈ നിരക്കാണിപ്പോൾ കുത്തനെ വർധിപ്പിച്ചത്. കഴിഞ്ഞ ദിവസം നിലവിൽ വന്ന നിരക്കനുസരിച്ച് ടാക്‌സിക്ക് 250 രൂപയും ട്രാവലറിന് 700 രൂപയും ബസിന് 1000 രൂപയും നൽകണം. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു കഴിഞ്ഞു. കൊറോണ മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ, സാധാരണക്കാരായ യാത്രക്കാർക്കും ടാക്‌സി ഡ്രൈവർമാർക്കും വാഹന ഉടമകൾക്കും ഇത് താങ്ങാനാവാത്തതാണെന്ന് കോൺട്രാക്ട് കാര്യേജ് ഓപറേറ്റേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.