അബുദാബി- ചൊവ്വയിലേക്കുള്ള യു.എ.ഇയുടെ ചരിത്ര ദൗത്യമായ ഹോപ് പ്രോബ് നിര്‍ണായക ഘട്ടം പിന്നിട്ടു. യാത്രയുടെ ആദ്യത്തെ സഞ്ചാരപഥം ശരിപ്പെടുത്തല്‍ പ്രക്രിയയാണ് ഉപഗ്രഹം പൂര്‍ത്തിയാക്കിയത്. ടി.സി.എം 1 എന്നാണ് സാങ്കേതികമായി ഇത് അറിയപ്പെടുന്നത്. നേരത്തെ ആസൂത്രണം ചെയ്തതിനേക്കാള്‍ ചെറിയ ക്രമീകരണങ്ങള്‍ മാത്രമാണ് ഇതിനു വേണ്ടി വന്നതെന്ന് ഇ.എം.എം പ്രോജക്ട് ഡയറക്ടര്‍ ഉംറാന്‍ ഷറഫ് പറഞ്ഞു.
'ടി.സി.എം1 ഞങ്ങള്‍ക്ക് സുപ്രധാന വഴിത്തിരിവാണ്. ചൊവ്വയിലേക്കുള്ള യാത്രാ മാര്‍ഗം സുഗമമാക്കുന്ന പ്രക്രിയയാണിത്. ആദ്യയാണ് പേടകത്തിന്റെ ഡെല്‍റ്റ ഫൈവ് (ദിശ മാറ്റാന്‍ ഉപയോഗിക്കുന്ന ചെറിയ റോക്കറ്റ്) വിന്യസിക്കുന്നത്'- ഷറഫ് കൂട്ടിച്ചേര്‍ത്തു.
ബഹിരാകാശത്തേക്ക് അയക്കുന്ന പേടകത്തെ ശരിയായ ദിശയിലേക്ക് കൊണ്ടുപോകാന്‍ നടത്തുന്ന ശ്രമമാണ് കഴിഞ്ഞ ദിവസം വിജയിച്ചത്. 493 ദശലക്ഷം കിലോമീറ്റര്‍ പിന്നിടുന്നതിനിടെ ഇത്തരത്തില്‍ ഏഴ് ടി.സി.എമ്മുകള്‍ ഹോപ് പ്രോബ് പ്രയോഗിക്കും എന്നാണ് കരുതപ്പെടുന്നത്. 2021 ഫെബ്രുവരിയിലാണ് ഉപഗ്രഹം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുക.
ജൂലൈ 20ന് ജപ്പാനിലെ തനേഗാഷിമ സ്‌പേസ് സെന്ററില്‍ നിന്നാണ് ഹോപ് പ്രോബ് കുതിച്ചുയര്‍ന്നത്. ഏതെങ്കിലും ഒരു അറബ് രാഷ്ട്രത്തിന്റെ ആദ്യത്തെ ചൊവ്വാ ദൗത്യമാണ് ഹോപ് പ്രോബ് എന്ന അല്‍ അമല്‍. 400 ദശലക്ഷം അറബികളുടെ പ്രതീക്ഷയും കൊണ്ടാണ് പര്യവേഷണ വാഹനം ഉപഗ്രവുമായി കുതിച്ചുയര്‍ന്നത്. 687 ദിവസം ഉപഗ്രഹം ചൊവ്വയുടെ ഭ്രമണപഥത്തിലുണ്ടാകും. രാഷ്ട്ര രൂപീകരണത്തിന്റെ അമ്പതാം വര്‍ഷത്തിലാണ് യു.എ.ഇ ചൊവ്വയിലേക്കുള്ള ദൗത്യം സാക്ഷാത്കരിക്കുക.