കോട്ടയം - നിയമസഭയിൽ രാജ്യസഭാ തെരഞ്ഞെടുപ്പിൽനിന്നും അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ നിന്നും വിട്ടു നിൽക്കാൻ കേരള കോൺഗ്രസ് ജോസ് വിഭാഗം തീരുമാനിച്ചു. സ്വതന്ത്രനിലപാടോടെ മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി എം.പി പ്രഖ്യാപിച്ചു. റോഷി അഗസ്റ്റിൻ എംഎൽഎ തന്നെയാണ് പാർട്ടി വിപ്പെന്ന നിലപാടിലാണ് പാർട്ടി. വർക്കിംഗ് ചെയർമാൻ എന്ന നിലയിൽ വിപ്പ് നൽകിയാലും ജോസ് കെ മാണി വിഭാഗത്തിലുളള എംഎൽഎമാർ അത് അംഗീകരിക്കില്ല. ജോസഫ് പക്ഷത്തുളള പി.ജെ ജോസഫ് അടക്കമുളള മൂന്ന് എംഎൽമാർ അടക്കം അഞ്ച് പേർക്കും ജോസ് പക്ഷം വിപ്പു നൽകും.
പാർട്ടി പിളർന്നുമാറിയതോടെ മൂന്ന് എംഎൽഎമാർ ഉളള ജോസഫ് പക്ഷത്തിനാണ് വിപ്പു നൽകാനുളള അധികാരമെന്നാണ് ജോസഫ് വിഭാഗം വ്യക്തമാക്കിയിരുന്നത്.
എന്നാൽ തെരഞ്ഞെടുപ്പു കമ്മീഷന് മുമ്പാകെ ഇരു വിഭാഗവും തമ്മിലുളള ചിഹ്ന തർക്ക പരാതി വിധി കാത്തിരിക്കുകയാണ്. ഈ പരാതിയിലെ തീർപ്പ് അനുസരിച്ചു മാത്രമേ ഇതിൽ തീരുമാനം എടുക്കൂ എന്ന് സ്പീക്കറുടെ ഓഫീസിൽ നിന്നും സൂചന ലഭിച്ചതോടെയാണ് സ്വന്തം നിലപാടിൽ ഉറച്ചു നിൽക്കാൻ ജോസ് വിഭാഗം തീരുമാനിച്ചതത്രെ. കഴിഞ്ഞ ദിവസം ചേർന്ന ഉന്നതാധികാര സമിതി യോഗത്തിലും ഇതേ അഭിപ്രായമായിരുന്നു. എന്തു വന്നാലും സ്വതന്ത്ര നിലപാടിൽ മുന്നോട്ടുപോകണമെന്ന അഭിപ്രായമാണ് ജോസ് കെ മാണിക്ക് ലഭിച്ചത്.
ബാർക്കോഴ വിവാദത്തെ തുടർന്ന് ചരൽക്കുന്ന് ക്യാമ്പിൽവെച്ച് യുഡിഎഫ് വിടാൻ മാണി ഗ്രൂപ്പ് തീരുമാനിച്ചശേഷവും സ്വതന്ത്ര നിലപാടായിരുന്നു. പക്ഷേ തദ്ദേശ സ്ഥാപനങ്ങളിലെ ധാരണ അതേ പോലെ തുടർന്നിരുന്നു. ഇക്കുറി കോട്ടയം ജില്ലാ പഞ്ചായത്തിലെ പ്രസിഡന്റ് പദം ജോസഫ് പക്ഷത്തിന് വിട്ടുകൊടുക്കുന്നതിനെ ചൊല്ലി ഉയർന്ന തർക്കമാണ് യുഡിഎഫ് അച്ചടക്ക നടപടിയിലേക്കും പുറത്താക്കലിലേക്കും നയിച്ചത്. അതുകൊണ്ടു തന്നെ യുഡിഎഫിന് അനുകൂലമായി നിലപാട് എടുക്കരുതെന്നാണ് പാർട്ടി ഉന്നതാധികാര സമിതിയിലും നേതൃയോഗങ്ങളിലും ഉയർന്ന നിർദേശം. ഇതാണ് എന്തു സംഭവിച്ചാലും രാജ്യസഭാ തെരഞ്ഞെടുപ്പിൽ വിട്ടു നിൽക്കാനുളള തീരുമാനത്തിനു കാരണം. യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാർഥിക്ക് നിലവിലുളള അംഗബലത്തിൽ സാധ്യത ഇല്ലതാനും. അതിനാൽ വോട്ടു ചെയ്താലും വിട്ടുനിന്നാലും ഫലത്തിലൊന്നാണ്.
അതേ സമയം മുന്നണി പ്രവേശനത്തിൽ ഇനിയും തീരുമാനം ആയില്ല. ജില്ലാ തല യോഗങ്ങളിൽ യുഡിഎഫിൽ നിന്നും പുറത്താകാനുളള സാഹചര്യം ജോസ് കെ മാണി വിശദീകരിച്ചിരുന്നു. യുഡിഎഫുമായി യോജിക്കുന്നതിനോട് ഭൂരിപക്ഷവും വിയോജിക്കുകയും ചെയ്തു. എന്നാൽ കോൺഗ്രസും ജോസ് പക്ഷവുമായുളള അകലം കുറയുകയാണെന്നാണ് സൂചനകൾ.
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മുന്നണി തീരുമാനം വൈകാതെ എടുക്കണം. അല്ലെങ്കിൽ ശക്തി തെളിയിക്കുക എന്ന ലക്ഷ്യത്തോടെ സ്വതന്ത്ര നിലപാടിൽ തന്നെ തുടരാനുളള സാധ്യതയും ഉണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി വന്നാൽ പിന്നെ കാര്യങ്ങൾ എളുപ്പമാകും. കമ്മീഷൻ അംഗീകരിക്കുന്ന വിഭാഗമായിരിക്കും ഔദ്യോഗികം.