ഇന്നലെ പുലർച്ചെ കോഴിക്കോട്ട് അന്തരിച്ച പ്രസിദ്ധ ഫോട്ടോഗ്രാഫർ പുനലൂർ രാജനെക്കുറിച്ച്
കേരളത്തിലെ പ്രഗത്ഭരായ പലരുടെയും അസാധാരണമായ ജീവിത മു ഹൂർത്തങ്ങളെ തന്റെ നിരവധി ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോകളിലൂടെ പകർത്തി അവയിലൂടെ അവരെ കാലത്തിനുമപ്പുറത്തേക്ക് കൂടി അനശ്വരരാക്കും വിധം വർണാഭമാക്കിയ പ്രതിഭാധനനായിരുന്നു പുനലൂർ രാജൻ. അവരിൽ സിനിമ, സാഹിത്യ, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖ വ്യക്തികൾ പലരുമുണ്ട്. വൈക്കം മുഹമ്മദ് ബഷീർ, കേശവദേവ്, തകഴി, ഉറൂബ്, എസ്.കെ പൊറ്റെക്കാട്, എം.ടി. വാസുദേവൻ നായർ, വയലാർ, കടമ്മനിട്ട, മാധവിക്കുട്ടി, എ.കെ.ജി, ഇ.എം.എസ്, സി. അച്യുതമേനോൻ, പി.കെ. വാസുദേവൻ നായർ, എം.എൻ. ഗോവിന്ദൻ നായർ, അടൂർ ഗോപാലകൃഷ്ണൻ, പി.എ. ബക്കർ, പവിത്രൻ, ജോൺ എബ്രഹാം, ടി. ദാമോദരൻ തുടങ്ങി നിരവധി പേരുണ്ട് ആ പട്ടികയിൽ സ്ഥാനം പിടിക്കാൻ.
ഒരു ഫോട്ടോഗ്രഫർ എന്നതിലുപരി അവരിൽ പലരുമായും അടുത്ത ബന്ധവും ആത്മബന്ധവും പുലർത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ അവരിൽ പലരുടെയും മനഃസാക്ഷി സൂക്ഷിപ്പുകാരനുമായിരുന്നു അദ്ദേഹം. ബഷീറിനെ പോലെ ഹൃദയ വിശാലതയും നൻമയുമുള്ള ആളുകൾ ലോകത്ത് വിരളമാണ് എന്നദ്ദേഹം പറയും.
സി. അച്യുതമേനോൻ നല്ല രാഷ്ട്രീയക്കാരനായിരുന്നെങ്കിലും അദ്ദേഹത്തിന് ചുറ്റും ചില ഉപജാപക വൃന്ദങ്ങൾ ഉണ്ടായിരുന്നു എന്നും അവർ അദ്ദേഹത്തെ പലപ്പോഴും വഴി തെറ്റിച്ചിരുന്നു എന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. അധികാരത്തിലിരിക്കുമ്പോൾ കുറഞ്ഞത് മൂന്നു പ്രാവശ്യമെങ്കിലും അദ്ദേഹം രാജിക്കൊരുങ്ങിയ കാര്യവും പുനലൂരിനറിയാം. ഇത്തരം കാര്യങ്ങൾ പലതും നമുക്കറിയാത്തതാണ്. ഇങ്ങനെ പുനലൂർ ഫോട്ടോ എടുക്കുമ്പോൾ അയാളുടെ മുഖം മാത്രമല്ല, ഒപ്പം അതിലേക്ക് അയാളുടെ മനസ്സും മനസ്സിലെ രഹസ്യങ്ങളും കൂടി പലപ്പോഴും പതിയുന്നു എന്ന രാസപരിണാമം കൂടി നടക്കുന്നു.
ആ ഫോട്ടോകളിലൂടെ ഒരു കാലത്തിന്റെ ചരിത്രവും ഇതിഹാസവും ര ചിക്കുകയായിരുന്നു പുനലൂർ രാജൻ എന്ന ഫോട്ടോഗ്രഫർ. അപൂർവങ്ങളും അത്യപൂർവങ്ങളുമായ ആ ഫോട്ടോകളിൽ പലതും ചരിത്ര കേരളത്തിന്റെ ഇ ന്നലെകളെ കുറിച്ചുള്ള വിലപിടിപ്പുള്ള ഓർമകളും അടയാളപ്പെടുത്തലുകളുമാണ് പങ്കുവെക്കുന്നത്. മലയാള സാഹിത്യത്തിലെ അതികായകരായി ബഷീറിനെയും എം.ടിയെയും ഏറ്റവും അധികം തവണ ക്യാമറയിൽ പകർത്തിയ ആൾ എന്ന ഖ്യാതി ഒരുപക്ഷേ, അദ്ദേഹത്തിനായിരിക്കും. രാജൻ, ഫോട്ടോ എടുത്തെടുത്താണ് എന്റെ മുഖം തേഞ്ഞുപോയത് എന്ന് ബഷീർ കളിയാക്കുമായിരുന്നു. അതേസമയം തന്റെ ഏറ്റവും നല്ല ഫോട്ടോകൾ എടുത്തിട്ടുള്ളത് രാജനാണ് എന്ന് ബഷീർ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ബഷീറിന്റെ മിക്കവാറും എല്ലാ പുസ്തകങ്ങളുടെയും കവർചിത്രം പുനലൂർ രാജന്റേതാണ് എന്നതും വാസ്തവം.
കൊല്ലത്തെ പുനലൂരിലാണ് രാജന്റെ ജനനം. പുനലൂർ ഹൈസ്‌കൂളിലായിരുന്നു പഠനം. അക്കാലത്തു തന്നെ നല്ല വായനക്കാരൻ. കഥയും കവിതയും എഴുതി ധാരാളം സമ്മാനങ്ങൾ നേടി. അന്നേ അദ്ദേഹം വൈക്കം മുഹമ്മദ് ബഷീറിന്റെ ആരാധകനായിരുന്നു. ചിത്രകലയിലെ കമ്പം കാരണം ഹൈസ്‌കൂൾ പഠനം കഴിഞ്ഞ് നേരെ മാവേലിക്കരയിലെത്തി. അവിടെ രവിവർമ സ്‌കൂളിൽ നിന്നും ഫൈൻ ആർട്ട്‌സിൽ ഡിപ്ലോമയെടുത്തു. 1963 ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആർട്ടിസ്റ്റ് ഫോട്ടോഗ്രഫറായി എത്തിയ അദ്ദേഹം തുടർന്ന് കോഴിക്കോടൻ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായി; ഒപ്പം ബഷീറിന്റെ സന്തത സഹചാരിയും. എവിടെ ബഷീറുണ്ടോ അവിടെ പുനലൂരുണ്ടാവും, ക്യാമറയും തൂക്കി.
ഫോട്ടോഗ്രഫിയിൽ പ്രഗത്ഭനായിരുന്ന പുനലൂരിന് സിനിമയിലും വലിയ താൽപര്യമുണ്ടായിരുന്നു. അന്ന് കറകളഞ്ഞ കമ്യൂണിസ്റ്റ് സഹചാരിയായിരുന്നു അദ്ദേഹം. പ്രമുഖ കമ്യൂണിസ്റ്റുകാരനും ജനയുഗം വാരികയുടെ പത്രാ ധിപരുമായിരുന്ന കാമ്പിശ്ശേരി കരുണാകരൻ അദ്ദേഹത്തിന്റെ ഇളയച്ഛനായിരുന്നു. പുനലൂരിന്റെ സിനിമാ കമ്പം തിരിച്ചറിഞ്ഞ കമ്യൂണിസ്റ്റ് പാർട്ടി ഫിലിം പഠനത്തിനായി അദ്ദേഹത്തെ സോവിയറ്റ് യൂനിയനിലേക്ക് അയച്ചു. മോസ്‌കോയിലായിരുന്നു പഠനം. അന്ന് സ്വന്തമായി സിനിമയെടുക്കാൻ പദ്ധതിയുണ്ടായിരുന്ന കെ.പി.എ.സിക്ക് വേണ്ടി അദ്ദേഹത്തെ ഉപയോഗപ്പെടുത്താം എന്നായിരുന്നു പാർട്ടി കരുതിയത്. പക്ഷേ, മൂന്നു വർഷത്തെ പഠനം കഴിഞ്ഞ് പുനലൂർ തിരിച്ചു വരുമ്പോഴേക്കും പാർട്ടി സിനിമാ പരിപാടി ഉപേക്ഷിച്ചിരുന്നു. അതോടെ അദ്ദേഹത്തിന്റെ സിനിമാ സ്വപ്‌നം സഫലമാകാതെ പോയി.
പുനലൂർ റഷ്യയിൽ ഉള്ളപ്പോഴാണ് തകഴി സോവിയറ്റ്‌ലാന്റ് നെഹ്‌റു അവാർഡ് സ്വീകരിക്കാൻ അവിടെ എത്തുന്നത്. കോട്ടും സൂട്ടുമൊക്കെ ഇട്ടായിരുന്നു അ ദ്ദേഹത്തിന്റെ വരവ്. കുട്ടനാടൻ പാടശേഖരങ്ങളിൽ മുണ്ടുടുത്ത് ഷർട്ടിടാതെ തലയിൽക്കെട്ടുമായി നിന്നിരുന്ന തകഴിയെ കണ്ട് ശീലിച്ച മലയാളിക്ക് കോട്ടിട്ട തകഴിയുടെ അപൂർവ പടമെടുത്ത് പരിചയപ്പെടുത്തിയത് അദ്ദേഹമാണ്. സിനിമാ മോഹം നടക്കാതെ പോയെങ്കിലും മോസ്‌കോയിൽ വെച്ച് കോട്ടിട്ട തകഴിയെ ക്യാമറയിൽ ഒപ്പിയെടുക്കാൻ കഴിഞ്ഞത് ജീവിതത്തിലെ വലിയ നേട്ടങ്ങളിലൊന്നായി അദ്ദേഹം കരുതി. ഒരിക്കൽ കവയിത്രി ബാലാമണിയമ്മയെ കാണാൻ വീട്ടിൽ ചെന്നപ്പോൾ യാദൃഛികമായി മാധവിക്കുട്ടിയെ കണ്ടു. അവരുടെ ഒരു ഫോട്ടോക്ക് അനുവാദം ചോദിച്ചു. പക്ഷേ, അന്ന് എടുത്തത് നൂറുകണക്കിന് ഫോട്ടോകൾ. അതിൽ ഏറ്റവും നല്ലൊരു ഫോട്ടോ ജനയുഗത്തിന് നൽകി. അവരത് വാരികയുടെ മുഖചിത്രമാക്കി. ആ ആഴ്ച വാരിക വിറ്റുപോയത് ചൂടപ്പം പോലെ ആയിരുന്നു.
ബഷീർ: ഛായയും ഓർമയും, എം.ടിയുടെ കാലം എന്നീ പുസ്തകങ്ങൾ പുനലൂർ രാജൻ രചിക്കുകയുണ്ടായി. രണ്ടാം ലോക മഹായുദ്ധത്തിൽ തകർന്നു തരിപ്പണമായ ഇടങ്ങളിലൂടെ സഞ്ചരിച്ചെഴുതിയ മഹായുദ്ധത്തിന്റെ മുറിപ്പാടുകൾ എന്ന ശ്രദ്ധേയമായ പുസ്തകത്തിന് സോവിയറ്റ്‌ലാന്റ് നെഹ്‌റു അവാർഡ് ലഭിക്കുകയുണ്ടായി. ആ അംഗീകാരം സോവിയറ്റ് പ്രതിനിധികൾ അദ്ദേഹത്തിന് വീട്ടിലെത്തി നൽകുകയായിരുന്നു. അപ്പോൾ അദ്ദേഹം അവരോട് പറഞ്ഞത് ഈ അംഗീകാരം എനിക്ക് മുമ്പേ നിങ്ങൾ നൽകേണ്ടിയിരുന്ന മറ്റൊരാൾ ഇവിടെയുണ്ട്, അത് തോപ്പിൽ ഭാസി ആണ് എന്നാണ്. കലയിലായാലും രാഷ്ട്രീയത്തിലായാലും അർഹതപ്പെട്ടത് പലതും പലർക്കും കിട്ടാതെ പോകുന്നതിന്റെ ആധി പലപ്പോഴും പലതരത്തിലും പ്രകടിപ്പിച്ച ശുദ്ധാത്മാവായിരുന്നു പുനലൂർ.
അനേകം പ്രഗത്ഭരുടെ ഒട്ടനവധി ഫോട്ടോകളെടുത്ത അദ്ദേഹം സ്വയം ഒരു ക്യാമറക്ക് മുമ്പിൽ നിൽക്കാൻ ഏറെ മടി കാണിച്ച ആളായിരുന്നു. കളർ ഫോട്ടോകളുടെ കാലം വന്നതും അവ ഡിജിറ്റലായതും രാജനെ ഫോട്ടോഗ്രഫിയിൽ വിരക്തിയുള്ളവനാക്കി. ബ്ലാക് ആന്റ് വൈറ്റിന്റെ സംശുദ്ധിയിലും യാഥാർഥ്യത്തിലും വിശ്വസിച്ച ആ കലാകാരൻ കളറിലും ഡിജിറ്റലിലും ജീവിതങ്ങൾ അയാഥാർഥ്യമാവുകയോ അവിശ്വസനീയമാവുകയോ ചെയ്യുന്ന പുതിയ കാലത്തിന്റെ നിരർഥകത തിരിച്ചറിഞ്ഞിരുന്നു. ബ്ലാക് ആന്റ് വൈറ്റ് യുഗം അവസാനിച്ചു എന്ന യാഥാർഥ്യം അലോസരപ്പെടുത്തിയ മനസ്സുമായി കുറേക്കാലമായി ഫോട്ടോകളൊന്നും എടുക്കാതെ വീട്ടിൽ തന്നെ ഒതുങ്ങിക്കഴിയുകയായിരുന്നു അദ്ദേഹം. അതേസമയം കളറിലേക്ക് മാറാൻ അദ്ദേഹത്തിന്റെ മനസ്സ് സമ്മതിച്ചുമില്ല. നാം ഇതുവരെ അറിയാത്ത ആയിരക്കണക്കിന് ഫോട്ടോകളുണ്ട്, പുനലൂർ രാജന്റെ ശേഖരത്തിൽ. ഒരർഥത്തിൽ അവ കേരളം അവശ്യം ഉപയോഗിക്കേണ്ട ചരിത്ര ശേഖരമാണ്. അതിന് വേണ്ടപ്പെട്ടവർ മുതിരുന്നില്ല എന്ന വ്യസനത്തോടെയാണ് അദ്ദേഹമിപ്പോൾ വിട വാങ്ങിയത്.