റിയാദ്- കോവിഡിന്റെ പശ്ചാത്തലത്തില്‍ ആരവങ്ങളില്ലാതെ സൗദി അറേബ്യയിലും ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷം നടന്നു. റിയാദ് ഇന്ത്യന്‍ എംബസിയില്‍ കാലത്ത് എട്ട് മണിക്ക് നടന്ന ചടങ്ങില്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് പതാകയുയര്‍ത്തി. എംബസി ഉദ്യോഗസ്ഥരും ക്ഷണിക്കപ്പെട്ട ഏതാനും അതിഥികളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ശേഷം രാഷ്ട്രപതിയുടെ സന്ദേശം അംബാസഡര്‍ വായിച്ചു.
സൗദിയിലെ എല്ലാ ഇന്ത്യക്കാര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന അംബാസഡര്‍ സൗദി അറേബ്യയും ഇന്ത്യയും തമ്മിലുളള ബന്ധത്തിന്റെ ഊഷ്മളത വിശദീകരിച്ചു. ഇന്ത്യന്‍ സംസ്‌കാരം നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ലോകത്ത് സുപരിചിതമാണ്. വൈവിധ്യങ്ങളില്‍ ഊന്നിയുള്ളതാണ് ഇന്ത്യയുടെ സംസ്‌കാരം. ലോക സമാധാനത്തിനും അഭിവൃദ്ധിക്കും എല്ലാവിധ പിന്തുണയും നല്‍കി ശ്രദ്ധേയമായ ഇന്ത്യയിപ്പോള്‍ യു.എന്‍ സുരക്ഷാ കൗണ്‍സിലിലെ നോണ്‍ പെര്‍മനന്റ് മെംബര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കോവിഡ് മഹാമാരി ലോകത്തിന്റെ ആരോഗ്യ, സാമ്പത്തിക, സാമൂഹിക രംഗം അസ്ഥിരപ്പെടുത്തിയിരിക്കുകയാണ്. ലോകത്തിന്റെ ഫാര്‍മസി എന്ന റോളിലാണ് ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. 60 ലധികം രാജ്യങ്ങളിലേക്ക് 620 മില്യണ്‍ പാരസറ്റാമോള്‍ ഇന്ത്യ കൊടുത്തയച്ചു. പല രാജ്യങ്ങള്‍ക്കും മാനുഷിക സഹായങ്ങളും നല്‍കി.
വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ വന്ദേ ഭാരത് മിഷന്‍ തുടങ്ങി. അഞ്ചു ഘട്ടങ്ങളിലായി ഏകദേശം 80,000 ത്തോളം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ എംബസിക്ക് സാധിച്ചു. ഇത്തരം ഒരു ഒഴിപ്പിക്കല്‍ എംബസിയുടെ ചരിത്രത്തിലാദ്യമാണ്. ഇന്ത്യയിലെയും സൗദിയിലെയും വിവിധ ഏജന്‍സികളുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ആവശ്യമുള്ളവര്‍ക്ക് ഭക്ഷണവും മരുന്നും എത്തിച്ച എല്ലാ ഇന്ത്യന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നതായും അംബാസഡര്‍ പറഞ്ഞു.
സൗദി അറേബ്യയിലെ ഭക്ഷ്യ സുരക്ഷാ പദ്ധതിയും ആരോഗ്യം, വെള്ളം, വിദ്യാഭ്യാസം എന്നിവ സ്വകാര്യവത്കരിക്കാനുള്ള പദ്ധതിയും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാനുള്ള അവസരമാണ് തുറക്കാനിരിക്കുന്നത്. ഇന്ത്യയുടെ ആത്മ നിര്‍ഭര്‍ ഭാരത് അഭിയാനും സൗദിയുടെ വിഷന്‍ 2030 ഉം ഒരേ ദിശയിലാണ് പ്രവര്‍ത്തിക്കുന്നത്. ആഭ്യന്തര ശേഷി വികസിപ്പിക്കാനും പ്രദേശിക ഉല്‍പാദനം വര്‍ധിപ്പിക്കാനുമാണ് ഇരുരാജ്യങ്ങളും ഇതുവഴി ലക്ഷ്യമിടുന്നത്. നവംബറില്‍ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിയും അതോടനുബന്ധിച്ചുണ്ടാകുന്ന ഉന്നതതല കൂടിക്കാഴ്ചയും ഇന്ത്യ-സൗദി ബന്ധത്തില്‍ കൂടുതല്‍ കരുത്തേകുമെന്ന് അംബാസഡര്‍ പറഞ്ഞു.