മക്ക - ഹറംകാര്യ വകുപ്പിൽ ഉന്നത പദവികളിൽ പത്തു വനിതകൾക്ക് നിയമനം. സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായാണ് വനിതകളെ ഉന്നത പദവികളിൽ നിയമിച്ചതെന്ന് ഹറംകാര്യ വകുപ്പ് പറഞ്ഞു. ഹറംകാര്യ വകുപ്പിനു കീഴിൽ ജോലി ചെയ്യുന്ന യോഗ്യരായ വനിതാ ഉദ്യോഗസ്ഥരെ ഉന്നത പദവികളിൽ നിയമിക്കാൻ ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് അബ്ദുറഹ്മാൻ അൽസുദൈസ് നിർദേശിക്കുകയായിരുന്നു.
ഇരു ഹറമുകളിലുമെത്തുന്ന വനിതകൾക്ക് സേവനങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളിലും ഉന്നത പദവികളിൽ വനിതകളെ നിയമിച്ചിട്ടുണ്ട്. പുതിയ ചുവടുവെപ്പ് വിശുദ്ധ ഹറമിനെയും മസ്ജിദുന്നബവിയെയും സേവിക്കുന്ന കാര്യത്തിൽ വനിതകൾക്ക് മുൻനിര സ്ഥാനം നൽകും. ഹറംകാര്യ വകുപ്പിനു കീഴിൽ ഏതാനും വനിതാ വിഭാഗങ്ങൾ പുതുതായി ആരംഭിക്കുകയും വനിതാ കാര്യങ്ങളുമായി ബന്ധപ്പെട്ട ഡിപ്പാർട്ട്‌മെന്റുകൾ പുനഃസംഘടിപ്പിക്കുകയും ചെയ്തതോടെയാണ് ഉന്നത പദവികളിൽ വനിതകളെ നിയമിച്ചത്.