Sorry, you need to enable JavaScript to visit this website.

ദുബായില്‍ പെണ്‍വാണിഭ റാക്കറ്റില്‍ കുടുങ്ങിയത് അഞ്ഞൂറിലധികം മലയാളി യുവതികള്‍

തിരുവനന്തപുരം- ദുബായ് കേന്ദ്രീകരിച്ച് നടക്കുന്ന മനുഷ്യക്കടത്ത് റാക്കറ്റ് അഞ്ഞൂറിലധികം മലയാളി യുവതികളെ പെണ്‍വാണിഭ സംഘങ്ങള്‍ക്കു വിറ്റതായി സൂചന. ഇവരില്‍ അഞ്ചു വര്‍ഷത്തിനിടെ രക്ഷപ്പെട്ടു നാട്ടിലെത്തിയവര്‍ വെറും 12 പേര്‍ മാത്രം. കേസ് അന്വേഷിച്ച സിബിഐക്കു ലഭിച്ച വിവരങ്ങളാണിത്. നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചു നടന്ന മനുഷ്യക്കടത്തു കേസിന്റെ അന്വേഷണത്തിലാണ് മലയാളി യുവതികളെ ഫ്ളാറകളിലും വില്ലകളിലും തടങ്കലിലാക്കി പെണ്‍വാണിഭം നടത്തുന്ന സംഘത്തെ കുറിച്ച് വിവരം ലഭിച്ചത്. മലയാളികളെ കൂടാതെ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള യുവതികളും ഇവരുടെ വലയിലകപ്പെട്ടിട്ടുണ്ട്. 

വിദേശത്തു നടന്ന കുറ്റകൃത്യമായതിനാല്‍ കേസന്വേഷണത്തില്‍ സിബിഐ പ്രതിസന്ധി നേരിട്ടു. രക്ഷപ്പെട്ടവരില്‍ എട്ടു പേര്‍മാത്രമാണ് അന്വേഷണ സംഘത്തിനു മൊഴി നല്‍കാന്‍ തയാറായത്. ഇവര്‍ നല്‍കിയ വിവരങ്ങള്‍ എംബസികള്‍ക്കു കൈമാറിയിരുന്നു. ഷാര്‍ജയിലും അജ്മാനിലും ഇത്തരം സംഘങ്ങളുടെ പിടിയിലകപ്പെട്ടവരെ കുറിച്ചും സിബിഐക്കു വിവരം ലഭിച്ചിരുന്നെങ്കിലും അവിടെ കൂടുതല്‍ അന്വേഷണം നടത്താന്‍ സിബിഐക്കു കഴിഞ്ഞില്ല. തുടരന്വേഷണത്തിന് സിബിഐ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. 

സിബിഐ നല്‍കിയ ചോദ്യാവലിക്ക് ദുബയ് പോലീസ് നല്‍കിയ മറുപടികളുടെ അടിസ്ഥാനത്തിലാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. മുഖ്യപ്രതി കെ വി സുരേഷിനെ ഏറ്റുവാങ്ങാന്‍ മാത്രമാണ് സിബിഐക്കു യുഎഇയിലേക്ക് പ്രവേശനം ലഭിച്ചത്. കേസിലുള്‍പ്പെട്ട വിദേശികളെ കുറിച്ചു വിവരം ലഭിച്ചിട്ടും ഇവരെ കണ്ടെത്തി ചോദ്യം ചെയ്യാന്‍ സിബിഐക്ക് അവസരം ലഭിച്ചില്ല. മലയാളികളായ ഇടനിലക്കാര്‍ മാത്രമാണ് കേസില്‍ പിടിയിലായത്. പെണ്‍വാണിഭ കേന്ദ്രങ്ങളുടെ യഥാര്‍ത്ഥ നടത്തിപ്പുകാരെ കുറിച്ചു വിവരം വെളിപ്പെടുത്താന്‍ പ്രതികളാരും തയാറായിട്ടില്ല.

കേരളത്തിലെ മുഴുവന്‍ ജില്ലകളിലും ഈ പെണ്‍വാണിഭ സംഘത്തിന്റെ ഏജന്റുമാരുണ്ടെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. 20,000-25,000 രൂപ ശമ്പളം ലഭിക്കുന്ന വീട്ടു ജോലി വാഗ്ദാനം നല്‍കിയാണ് യുവതികളെ ഇവര്‍ വലയിലാക്കുന്നത്. മനുഷ്യക്കടത്ത് ഇപ്പോഴും തുടരുന്നതായി കേസിലെ പ്രതികള്‍ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പാസ്‌പോര്‍ട്ട് പോലുമില്ലാത്ത യുവതികളെ വ്യാജ യാത്രാ രേഖകള്‍ ഉപയോഗിച്ചാണ് കടത്തിയിരുന്നത്. ഒരു യുവതിയെ കൈമാറിയാല്‍ അരലക്ഷം രുപയാണ് ഏജന്റിനു ലഭിക്കുക. 

Latest News