കുവൈത്ത് സിറ്റി- വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്രാവിലക്ക് നീക്കിയതോടെ ക്വാറന്റൈന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ കുവൈത്ത്. വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ ഹോം ക്വാറന്റൈന്‍ നിയമം ലംഘിച്ചാല്‍ മൂന്നു മാസം തടവും 5000 ദിനാര്‍ പിഴയുമാണ് ശിക്ഷ.
ആരോഗ്യനിയമം ലംഘിക്കുന്നവരെ ജുഡീഷ്യല്‍ അതോറിറ്റിക്ക് റഫര്‍ ചെയ്യുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സാമൂഹ്യ സുരക്ഷ കാത്തു സൂക്ഷിക്കുന്നതിന്റെ ഭാഗമായി വിദേശത്ത് നിന്ന് വരുന്ന എല്ലാവരും ഹോം ക്വാറന്റൈന്‍ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
കുവൈത്തില്‍ ഇന്നലെ വരെ 74,486 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനിടെ, വൈറസ് ബാധ സ്ഥിരീകരിച്ച 701 പേരില്‍ 500 പേര്‍ കുവൈത്തികളും 201 പേര്‍ വിദേശികളുമാണ്. പുതുതായി 648 രോഗികള്‍ കൊറോണയെ അതിജീവിച്ചു. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 66,099 ആയി ഉയര്‍ന്നു. ഇന്നലെ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 489 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചവര്‍. അഞ്ചര ലക്ഷത്തോളം കോവിഡ് പരിശോധനകള്‍ രാജ്യത്ത് നടത്തിയതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.