കോഴിക്കോട്- കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെടുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് മറ്റൊരു വിമാനവും ഇറങ്ങാന്‍ ബുദ്ധിമുട്ട് നേരിട്ടെന്ന് റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെടുന്നതിന് ഒരു മണിക്കൂര്‍ നാല്‍പത് മിനുറ്റ് മുമ്പാണ് സംഭവം. ഇന്‍ഡിഗോ എ.ടി72 എന്ന വിമാനത്തിനാണ് ലാന്‍ഡിംഗിന് തടസ്സം നേരിട്ടത്. പ്രതിസന്ധി നേരിട്ടെങ്കിലും പിന്നീട് സുരക്ഷിതമായി വിമാനം ലാന്‍ഡ് ചെയ്യുകയായിരുന്നുവെന്ന് ഫ്‌ളൈറ്റ്‌റഡാര്‍ 24 നല്‍കുന്ന വിവരങ്ങള്‍ പറയുന്നു.കിഴക്ക് ഭാഗത്ത് നിന്നാണ് ഇന്‍ഡിഗോ വിമാനം ലാന്‍ഡിംഗിന് ശ്രമിച്ചത്. നിരവധി തവണ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. ഇതിനെ തുടര്‍ന്ന് പടിഞ്ഞാറ് ഭാഗത്ത് നിന്ന് ലാന്‍ഡിംഗിന് ശ്രമിക്കാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. ഈ ശ്രമം വിജയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് സുരക്ഷിതമായി വിമാനം ലാന്‍ഡ് ചെയ്യുകയായിരുന്നു. അന്ന് പരക്കെ മഴയുള്ള ദിവസമായിരുന്നു.
കരിപ്പൂരില്‍ വിമാനത്തിന്റെ ലാന്‍ഡിങ് പാളിയതോടെ വീണ്ടും പറന്നുയരാന്‍ ശ്രമിച്ചതായാണ് തെളിവുകളെന്ന് വ്യോമയാന വിദഗ്ധര്‍ പറയുന്നു. കോക്ക്പിറ്റ് ചിത്രങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത് വീണ്ടും പറന്നുയരാന്‍ ശ്രമിച്ചുവെന്നാണെന്നും വിദഗ്ധര്‍ പറയുന്നു.
റണ്‍വേയില്‍ ഏറെ ദൂരെ മുന്നോട്ടു പോയാണ് വിമാനം നിലം തൊട്ടത്. വേഗം നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ വീണ്ടും പറന്നുയരാന്‍ ശ്രമിച്ചതാകാം. ഇതും പരാജയപ്പെടുകയായിരുന്നു. ടേക്ക് ഓഫിന് വിമാനച്ചിറകുകളിലെ ഫഌപ്പുകള്‍ 10 ഡിഗ്രിയില്‍ താഴെയാണു ക്രമീകരിക്കേണ്ടത്. എന്നാല്‍ അവ 40 ഡിഗ്രിയിലാണെന്നു ചിത്രത്തില്‍ വ്യക്തമാണ്. ഇത് ലാന്‍ഡിങ് സമയത്തു മാത്രം നടത്തുന്ന ക്രമീകരണമാണ്.
വിമാനം ലാന്‍ഡ് ചെയ്തത് നിശ്ചിത മീറ്ററിലും മുന്നിലായിരുന്നുവെന്നും പിന്നീട് നിയന്ത്രണം വിട്ടു കൂപ്പു കുത്തുകയാണെന്നും ആദ്യമേ വിലയിരുത്തലുകള്‍ വന്നിരുന്നു. ഇതിനു കാരണം പൈലറ്റിന്റെ കാഴ്ച മറച്ചതാണോ വെള്ളക്കെട്ടാനോ എന്നതാണ് അറിയാനുള്ളത് .മലഞ്ചരിവില്‍ നിര്‍മിച്ച വിമാനത്താവളം ആയതിനാലും ടേബിള്‍ ടോപ്പ് റണ്‍വെ ആയതിനാലും മഴയുള്ളപ്പോള്‍ പൈലറ്റുമാരുടെ കാഴ്ച തടസപ്പെടാനും വിമാനം തെന്നിമാറാനുമുള്ള സാധ്യത കൂടുതലാണ്.
ടേബിള്‍ ടോപ്പ് റണ്‍വെ ഉള്ള മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം 2010ല്‍ അപകടത്തില്‍പ്പെട്ടതിനു ശേഷം മഴയുള്ള സമയത്ത് വിമാനങ്ങള്‍ ഇറക്കാന്‍ അനുവദിക്കാറില്ല. എന്നാല്‍ കരിപ്പൂരില്‍ കനത്ത മഴയത്തും വിമാനമിറക്കുന്നു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ ലാന്‍ഡിങ്ങിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.