കേന്ദ്രസർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പരിസ്ഥിതി ആഘാത വിലയിരുത്തലുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്ന അതേ നാളുകളിലാണ് മൂന്നാർ രാജമലയിലെ പെട്ടിമുടിയിൽ മണ്ണിടിഞ്ഞു 55 ജീവനുകൾ പൊലിഞ്ഞ ഏറെ ദുഃഖകരമായ സംഭവം അരങ്ങേറുന്നത്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, പ്രളയം തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ എത്രതന്നെ ഭൂമിയെ തകിടം മറിച്ചാലും മനുഷ്യരടക്കമുള്ള ജീവിവർഗ്ഗങ്ങൾ ചത്തൊടുങ്ങിയാലും വൃക്ഷങ്ങൾ കടപുഴകി വീണ് വൻ നാശനഷ്ടങ്ങളുണ്ടായാലും ഭൂമിയെ ചൂഷണം ചെയ്തു തന്റെ സ്വാർത്ഥമായ താല്പര്യങ്ങൾ മാത്രം വിജയിക്കണമെന്ന ത്വരയാണ് മനുഷ്യനെ നയിക്കുന്നത്. പരിസ്ഥിതി എന്ന മഹത്തായ സംജ്ഞയുടെ വിശാലമായ താല്പര്യം എന്താണെന്ന് മനസ്സിലാക്കി പ്രവർത്തിക്കാൻ ഭരണകൂടങ്ങൾക്ക് പോലും സാധിക്കുന്നില്ല.
ജീവജാലങ്ങളും അജീവിയ ഘടകങ്ങളും സമരസപ്പെട്ടു കഴിയുന്ന വാസസ്ഥലങ്ങളെയും ചുറ്റുപാടുകളെയുമാണ് പരിസ്ഥിതി എന്നു വിളിക്കുന്നത്. ജൈവ വൈവിധ്യങ്ങളുടെ കലവറയായ ഭൂമി സസ്യ ജന്തുജാലങ്ങളുടെ അഭയകേന്ദ്രമാണ്. ജീവിവർഗ്ഗങ്ങൾക്ക് സ്വച്ഛന്ദമായി ജീവിക്കാൻ സ്രഷ്ടാവ് തിരഞ്ഞെടുത്തിട്ടുള്ളത് ഭൂമിയെയാണ്. ഭൂമിയിലെ അചേതനവും സചേതനവുമായ വിവിധ ജീവികൾക്കും സസ്യങ്ങൾക്കും വസ്തുക്കൾക്കുമെല്ലാം നിർവഹിക്കാനുള്ളത് അതിന്റേതായ പ്രകൃതി ധർമ്മമാണ്. മനുഷ്യനെന്ന സ്രഷ്ടാവിന്റെ ഏറ്റവും ഉത്കൃഷ്ടമായ ജീവിക്ക് സഹായകമായ ധർമ്മങ്ങളാണ് അവ നിർവ്വഹിച്ചുവരുന്നത്. 'ഭൂമിയിലുള്ളതെല്ലാം നിങ്ങൾക്കായി അവൻ സൃഷ്ടിച്ചിരിക്കുന്നു.' (ഖുർആൻ 2:29). സ്രഷ്ടാവിന്റെ നിയമനിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് ജീവിക്കാനാണ് മനുഷ്യർക്ക് ഭൂമിയെ അവൻ പാകപ്പെടുത്തി നൽകിയിട്ടുള്ളത്. ഏറ്റവും നല്ല ഘടനയോടെ സൃഷ്ടിക്കപ്പെട്ട മനുഷ്യൻ പിന്നീട് അധമരിൽ ഏറ്റവും അധമരായിരിക്കുന്നുവെന്നും ഖുർആൻ പറയുന്നു. അല്ലാഹു പറയുന്നു: 'തീർച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും, കടലിലും കരയിലും അവരെ നാം വാഹനത്തിൽ കയറ്റുകയും, വിശിഷ്ടമായ വസ്തുക്കളിൽ നിന്ന് നാം അവർക്ക് ഉപജീവനം നൽകുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരിൽ മിക്കവരെക്കാളും അവർക്ക് നാം സവിശേഷമായ ശ്രേഷ്ഠത നൽകുകയും ചെയ്തിരിക്കുന്നു.' (ഖുർആൻ 17:70).
ഇങ്ങനെ സവിശേഷമായ ശ്രേഷ്ഠത നൽകപ്പെട്ട മനുഷ്യന് ചില ഉത്തരവാദിത്വങ്ങളും നൽകുകയുണ്ടായി. ലക്ഷ്യബോധമില്ലാത്ത ആരാധനകളല്ല, മറിച്ച് ഭൂമിക്കും പരിസ്ഥിതിക്കും സഹജീവികൾക്കും അയല്പക്കങ്ങൾക്കും കോട്ടം തട്ടാതെ ജീവിക്കുവാനും ചൂഷണമുക്തമായ ജീവിതം നയിക്കാനുമുള്ള വലിയ ഉത്തരവാദിത്വമാണ് മനുഷ്യന് നൽകപ്പെട്ടത്. ഭൂമിയെ തകിടം മറിച്ചുകൊണ്ട് എല്ലാം വെട്ടിപ്പിടിച്ചുകൊണ്ട് ജീവിക്കുകയല്ല, നിയതവും നിയന്ത്രിതവുമായ ജീവിതത്തിലൂടെ ഭൂമിയെ നശിപ്പിക്കാതെ ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥക്ക് കോട്ടം തട്ടിക്കാതെ ജീവിക്കുമ്പോഴാണ് ആരാധനകൾക്ക് അർത്ഥമുണ്ടാവുന്നത്. ആരാധനാലയങ്ങളിൽ നടക്കുന്ന സ്വാഭാവികമായ ചടങ്ങുകളല്ല ആരാധന, മറിച്ച് അത് ജീവിതത്തെ ചൂഷണമുക്തമാക്കി ഭൂമിക്കും പരിസ്ഥിതിക്കും ആവാസവ്യവസ്ഥക്കും അനുഗുണമാക്കി അനുഷ്ഠിക്കുമ്പോളാണ് സ്രഷ്ടാവിന്റെ പ്രീതി മനുഷ്യന് ലഭിക്കുന്നത്. ഭൂമിയെ ചൂഷണം ചെയ്തിരുന്നവരെ അല്ലാഹു നശിപ്പിച്ചതിനെ കുറിച്ച് ഖുർആൻ വിവരിക്കുന്നത് കാണുക: 'അവർ ഇവരേക്കാൾ കൂടുതൽ ശക്തിയുള്ളവരായിരുന്നു. അവർ ഭൂമി ഉഴുതുമറിക്കുകയും, ഇവർ അധിവാസമുറപ്പിച്ചതിനെക്കാൾ കൂടുതൽ അതിൽ അധിവാസമുറപ്പിക്കുകയും ചെയ്തു.' (ഖുർആൻ 30:9). ഖുർആൻ വിവിധ ആയത്തുകളിലൂടെ ഈ കാര്യം മനുഷ്യരെ ബോധിപ്പിച്ചു. 'നിങ്ങൾ ഭൂമിയിൽ കുഴപ്പമുണ്ടാക്കി നാശകാരികളാകരുത്' (അൽബഖറ 60), 'ഭൂമിയിൽ നൻമവരുത്തിയതിനു ശേഷം നിങ്ങൾ അവിടെ നാശമുണ്ടാക്കരുത്.' (അഅ്‌റാഫ് 56), 'അല്ലാഹു നാശകാരികളെ ഇഷ്ടപ്പെടുന്നില്ല' (മാഇദ 64).
ഭൂമിയെ ഹരിതവൽക്കരിക്കുന്നതിലൂടെയാണ് കായ്കനികളും ഫലങ്ങളും വൃക്ഷങ്ങളും ഉണ്ടാവുന്നത്. നയനാനന്ദകരമായ പുഷ്പങ്ങളും പൂവാടികളും ഉണ്ടായിത്തീരുന്നത്. കിളികൾക്കും മൃഗങ്ങൾക്കും ഇഴജന്തുക്കൾക്കും ആവാസകേന്ദ്രമുണ്ടാവുന്നത്. ശ്യാമ സുന്ദരവും സ്വച്ഛശീതളവുമായ പ്രകൃതി രൂപപ്പെടുന്നത്. ചോലകളും അരുവികളും അതിലൂടെ തഴുകി ഒഴുകുമ്പോളാണ് സസ്യജീവിവർഗങ്ങൾക്ക് അത് ആശ്രയമാകുന്നത്. നമ്മുടെ ഭൂമിയെ ഹരിതാഭമാക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ പ്രവാചകൻ (സ്വ) നൽകിയതായി നമുക്ക് കാണാം. പ്രവാചകൻ (സ്വ) അരുളിയതായി അനസ് (റ) പറയുന്നു: 'അന്ത്യനാൾ വന്നെത്തുന്ന നേരം ഒരാളുടെ കൈയിൽ വിത്തുണ്ടെങ്കിൽ അതയാൾക്ക് സാധിക്കുമെങ്കിൽ കുഴിച്ചിടട്ടെ'. (ഇമാം അഹ്മദ്). മനുഷ്യരാകമാനം അല്ലാഹുവിലേക്ക് ഉയർത്തപ്പെടുമെന്നുറപ്പായിട്ടും ഭൂമിക്കും ഭൂമിയിൽ ഇനിയും വരാനിരിക്കുന്ന ജന്തുവർഗങ്ങൾക്കും ഉപകരിക്കാൻ സാധിക്കുന്നത് മനുഷ്യൻ ചെയ്തിരിക്കണമെന്നാണല്ലോ അത് നമ്മെ പഠിപ്പിക്കുന്നത്. അത്രമാത്രം ഭൂമിയെ നാം സ്‌നേഹിക്കണമെന്നർത്ഥം. പ്രവാചകൻ പറഞ്ഞു: 'ഒരു വിശ്വാസി ഒരു ചെടി നടുകയോ കൃഷി നടത്തുകയോ ചെയ്തിട്ട് അതിൽ നിന്നും പക്ഷികളോ മനുഷ്യരോ മൃഗങ്ങളോ കഴിക്കുകയാണെങ്കിൽ തീർച്ചയായും അത് ദാനധർമ്മങ്ങളിൽ എണ്ണപ്പെടും'. (ബുഖാരി). മറ്റൊരു റിപ്പോർട്ടിലുള്ളത് അതിൽ നിന്നും മോഷ്ടിക്കപ്പെട്ടാലും ആരെങ്കിലും എടുത്തുകൊണ്ടുപോയാലും അതെല്ലാം അയാൾക്കുള്ള പുണ്യമായി രേഖപ്പെടുത്തുമെന്നാണ്. ഭൂമിയും പരിസ്ഥിതിയുമായി ഒരു വിശ്വാസിക്ക് എത്രമാത്രം ബന്ധമുണ്ടാവണമെന്ന് ഈ വചനങ്ങൾ നമ്മെ പഠിപ്പിക്കുന്നു. നാം വിത്തിട്ട് വളമിട്ട് വളർത്തി വലുതാക്കിയ മരങ്ങളിൽ എല്ലാ ജീവജാലങ്ങൾക്കും അവകാശമുണ്ടെന്നർത്ഥം. ആരാധനക്കായി പരിശുദ്ധ ഗേഹങ്ങൾ തേടിവരുന്ന വിശ്വാസികൾ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കൂടി മനസ്സിലാക്കണം എന്ന സന്ദേശമാണ് മക്ക, മദീന എന്നിവിടങ്ങളിലെ ഹറം പ്രദേശങ്ങളിലെ മരങ്ങളോ ചെടികളോ വെട്ടിമാറ്റരുതെന്ന പ്രവാചക കല്പനയിലുള്ളത്. പ്രവാചകൻ പറഞ്ഞതായി അബൂദാവൂദ് റിപ്പോർട്ട് ചെയ്യുന്നു: 'വഴിപോക്കരും മൃഗങ്ങളും തണൽകൊള്ളുന്ന വെളിപ്രദേശത്തുള്ള മരങ്ങൾ ആരെങ്കിലും മുറിച്ചാൽ അവന്റെ തല അല്ലാഹു നരകത്തിലേക്കെറിയും'
ഓരോ മനുഷ്യനും അത്യാവശ്യമായി എന്താണോ ആവശ്യമുള്ളത് അത് മാത്രമേ ഭൂമിയിൽ നിന്നും എടുക്കാവൂ. യഥേഷ്ടമുണ്ടെങ്കിൽ പോലും ആവശ്യത്തിൽ കവിഞ്ഞു അതിൽ നിന്നും ഉപയോഗിക്കാൻ പാടില്ല. അത് ഭൂമിയെ ചൂഷണം ചെയ്യലും സ്വന്തം നിലക്ക് ധൂർത്തടിക്കലുമാണ്. ഒരിക്കൽ സഅദ് (റ) വുദു ചെയ്തുകൊണ്ടിരിക്കുമ്പോൾ പ്രവാചകൻ അദ്ദേഹത്തോട് ചോദിച്ചു: 'എന്തിനാണ് ഈ ഇസ്‌റാഫ് (അമിതമായി വെള്ളമെടുക്കുന്നത് )? അദ്ദേഹം ചോദിച്ചു: വുദുവിലും അമിതത്വമുണ്ടോ? പ്രവാചകൻ പറഞ്ഞു: 'അതെ, ഒഴുകിക്കൊണ്ടിരിക്കുന്ന നദിയാണെങ്കിലും'. (അഹ്മദ്). ഒഴുകുന്ന വെള്ളത്തിന് തടയിടാൻ പാടില്ലെന്ന് അദ്ദേഹം അനുചരന്മാരെ ഉപദേശിച്ചു. ചരിഞ്ഞു നിൽക്കുന്ന ഭൂമിയിൽ മുകൾ ഭാഗത്ത് കൃഷി ചെയ്യുന്ന ആൾ വെള്ളം അവിടെ തടഞ്ഞു നിർത്തിയപ്പോൾ പ്രവാചകൻ അയാളെ ശകാരിച്ചു. വെള്ളം അതിന്റെ വഴിക്ക് ഒഴുകിപ്പോവണം; തടഞ്ഞു നിർത്താൻ പാടില്ല എന്നദ്ദേഹം ഉപദേശിച്ചു. പുഴകളും കായലുകളും തടാകങ്ങളും കുളങ്ങളുമെല്ലാം സംരക്ഷിച്ചു നിർത്തുക എന്നത് വിശ്വാസികളുടെ ബാധ്യതയിൽ പെട്ടതാണ്. അവയെല്ലാം മനുഷ്യന്റെയും ഇതര ജീവിവർഗങ്ങളുടെയും സസ്യലതാതികളുടെയും ജീവൻ സംരക്ഷിക്കുകയും അവർക്ക് ജീവിതവിഭവങ്ങൾ ഒരുക്കുകയും ചെയ്യുന്ന അല്ലാഹു ഒരുക്കിയ പ്രകൃതി സ്രോതസ്സുകളാണ്.
ഭൂമിയുടെ സന്തുലിതാവസ്ഥയെ നിലനിർത്തുന്നതിനുള്ള പർവതങ്ങളുടെ പങ്ക് വളരെ വലുതാണ്. ആണികൾ എന്നാശയം വരുന്ന 'റവാസീ' എന്ന പ്രയോഗമാണ് ഖുർആൻ പർവ്വതങ്ങളെ കുറിച്ച് നടത്തിയിരിക്കുന്നത്. ഭൂമിയുടെ ബാലൻസിംഗ് നഷ്ടപ്പെടാതിരിക്കാൻ വേണ്ടി അതിന്റെ പ്രതലത്തിൽ ആണികളടിച്ച് നിർത്തിയ പ്രത്യേക സംവിധാനങ്ങളാണ് പർവതങ്ങൾ എന്നാണു അതിന്റെ ഉദ്ദേശ്യം. പർവതങ്ങളുടെ സ്ഥാനമോ ഘടനയോ മാറ്റുന്നത് ഭൂമിയുടെ നിലനില്പിനെ തന്നെ സാരമായി ബാധിക്കും. പരിഷ്‌കൃതരല്ലാത്ത ജനവിഭാഗങ്ങൾ ജീവിക്കാൻ തിരഞ്ഞെടുക്കുന്ന പ്രദേശങ്ങളാണ് മലമ്പ്രദേശങ്ങൾ. ഇങ്ങനെ മലകളും പർവ്വതങ്ങളും വലിയ ധർമ്മങ്ങളാണ് നിർവഹിച്ചു വരുന്നത്. പ്രവാചകൻ (സ്വ) പർവ്വതങ്ങളെ മഹത്വവത്കരിച്ചുകൊണ്ടു ധാരാളം സംസാരിച്ചിട്ടുണ്ട്. ഉഹ്ദിനെ കുറിച്ച് പ്രത്യേകിച്ചും അദ്ദേഹം എടുത്തുപറയുകയുണ്ടായി. ഉഹ്ദിനെ ഞാൻ ഇഷ്ടപ്പെടുന്നു എന്നു പറഞ്ഞു മതിയാക്കാതെ അത് നമ്മെയും ഇഷ്ടപ്പെടുന്നു എന്ന പ്രവാചക പരാമർശം എത്രമാത്രം ഭാവതീവ്രമാണ്. അചേതനവസ്തുവായ പർവതത്തിന്റെ മനുഷ്യരോടുള്ള തീക്ഷ്ണമായ വികാരത്തെ അദ്ദേഹം കൊച്ചുവാക്കുകളിൽ പറഞ്ഞുതന്നു. പ്രവാചകാനുനായികളിൽ പലരും അവരുടെ കവിതകളിലും മറ്റുമായി പർവ്വതങ്ങളെ കുറിച്ചും സമതലങ്ങളെക്കുറിച്ചുമെല്ലാം ധാരാളം വർണ്ണിച്ചതായി കാണാം. അവയുടെയെല്ലാം നിലനില്പിന്റെ പ്രാധാന്യം വികാരവായ്‌പോടെ പ്രസ്തുത കവിതകളിൽ നിറഞ്ഞു നിൽക്കുന്നത് കാണാം. ബിലാലിബ്‌നു റബാഹ് (റ) മക്കയിൽ നിന്നും മദീനയിലെത്തിയ ശേഷം മക്കയിലെ പർവ്വതങ്ങളെ കുറിച്ചും പ്രകൃതി വിഭവങ്ങളെ കുറിച്ചും ഗൃഹാതുരത്വത്തോടെ വർണ്ണിക്കുന്നത് വളരെ മനോഹരമാണ്. 'ചുറ്റും ഇദ്ഖിറും ജലീലുമുള്ള താഴ്‌വരയിൽ ഒരു രാത്രി പാർക്കാൻ എനിക്കു കഴിയുമോ? മജന്നയിലെ ജല സ്രോതസ്സുകളിൽ ഒരു ദിവസം ഞാൻ ചെല്ലുമോ? ശാമയും ത്വുഫൈലും ഇനിയെനിക്ക് കാണുവാൻ കഴിയുമോ?' ഇദ്ഖിറും ജലീലും വ്യത്യസ്തയിനം പുല്ലുകളാണ്. മജന്നയും ശാമയും ത്വുഫൈലുമെല്ലാം അദ്ദേഹം പണിയെടുത്ത് വിയർപ്പൊഴുക്കിയ ഭൂമികളായിരുന്നു. അവർ ജീവിച്ചിരുന്ന പരിസ്ഥിതികളെ അവരെ അത്യധികം സ്‌നേഹിച്ചിരുന്നു.
ഭൂമി അതിന്റെ പ്രകൃതിപരമായ സൗന്ദര്യത്തോടെ ജീവിക്കട്ടെ. അതിലെ വിഭവങ്ങൾ അനുഭവിക്കുമ്പോൾ തന്നെ അതിനു കേടുപാടുകളില്ലാതെ നോക്കുക വിശ്വാസികളുടെ ബാധ്യതയാണ്. കൊച്ചുകേരളം പ്രകൃതിധന്യമാണ്. ഒട്ടനവധി വിഭവങ്ങളുള്ള നാട്. പുഴകളും പൂന്തോട്ടങ്ങളും വനങ്ങളും വന്യജീവികളുമെല്ലാം നിറഞ്ഞു നിൽക്കുന്ന പ്രദേശം. കൃത്രിമമായി പുഴയോ പൂന്തോട്ടങ്ങളോ ഉണ്ടാക്കേണ്ടതില്ല. വാട്ടർ തീമും അമ്യൂസ്‌മെന്റുമായി കൃത്രിമ ഉല്ലാസകേന്ദ്രങ്ങൾ ആവശ്യമില്ല. കുയിലുകളുടെ മനോഹരനാദങ്ങളും കുരുവിയുടെ കൊച്ചുവർത്തമാനങ്ങളും കാക്കകളുടെ കലപിലകളും മൂങ്ങകളുടെ മൂളക്കങ്ങളുമൊക്കെയായി ധന്യമായ നമ്മുടെ പരിസ്ഥിതി അല്ലാഹുവിന്റെ അനുഗ്രഹമാണ്. 'ഖൈറുള്ളാഹ്' (അല്ലാഹുവിന്റെ നന്മ) എന്നതാണോ കേരളം എന്ന പദത്തിന്റെ ഉത്ഭവമെന്നു അതിശയിച്ചുപോകുന്ന ലോകത്തെ ഏറ്റവും മനോഹരമായ പ്രകൃതിയുടെ നാടാണ് കവികൾ വർണ്ണിച്ച ശ്യാമസുന്ദരകേരകേദാരഭൂമി.
ഗാഡ്ഗിലും പിന്നീട് കസ്തൂരിരംഗനും നമ്മോടു പറഞ്ഞു. പരിസ്ഥിതി ലോലപ്രദേശങ്ങൾ ധാരാളമാണ്. അവിടങ്ങളിൽ നിർമ്മാണപ്രവർത്തനങ്ങൾ പാടില്ല. അവിടങ്ങളിൽ ക്വാറി കിളക്കാനോ പാറ തുളക്കാനോ പാടില്ല. മലമ്പ്രദേശങ്ങളിൽ മഴവെള്ളം താഴോട്ടൊഴുകുന്ന ഇടങ്ങളിൽ തടസ്സങ്ങൾ പാടില്ല. അവിടങ്ങളിൽ താഴോട്ടൊഴുകാൻ സാധിക്കാത്ത ജലമാണ് താഴോട്ടിറങ്ങി 'ശ്വാസംമുട്ടി' പിന്നീട് ഉരുൾപൊട്ടലായി മാറുന്നത്. കവളപ്പാറകളും പെട്ടിമുടികളുമെല്ലാം ഉണ്ടാകുന്നത് ഇങ്ങനെയാണ്. കൃഷിഭൂമി കാർഷികേതര ആവശ്യത്തിനായി ഉപയോഗിക്കാൻ പാടില്ലെന്നും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് മുമ്പ് പാരിസ്ഥിതിക പഠനങ്ങൾ നടത്തണമെന്നും കെട്ടിടങ്ങൾ പരിസ്ഥിതി സൗഹൃദമായിരിക്കണമെന്നും പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കപ്പെടണമെന്നും നിർമാണരംഗങ്ങളിൽ പുതിയ രീതികളും ചട്ടങ്ങളും നടപ്പാക്കണമെന്നും ഗാഡ്ഗിലും കസ്തൂരിരംഗനും ശിപാർശ ചെയ്തിരുന്നു. നദികളും നീർത്തടങ്ങളും സംരക്ഷിക്കാനും നദികളുടെ ഒഴുക്കിനെ തടസ്സപ്പെടുത്താതിരിക്കാനും ജലപരിപാലനത്തിനും മഴവെള്ള സംഭരണത്തിനും ജനകീയ പങ്കാളിത്തത്തോടെ പദ്ധതികൾ ആവിഷ്‌കരിക്കാനും നിർദേശമുണ്ടായിരുന്നു. പക്ഷെ ഒന്നും നടക്കുന്നില്ല. ഒടുവിൽ ചോദ്യമോ ഉത്തരമോ കൂടാതെ ആർക്കും എവിടെയും നിർമ്മാണ പ്രവർത്തനങ്ങൾ ആവാമെന്ന നിർദ്ദേശമാണ് ഇപ്പോൾ കേന്ദ്രം 'പരിസ്ഥിതി ആഘാത വിലയിരുത്തൽ' എന്നുപറഞ്ഞു കൊണ്ട് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.
ഭൂമി കോർപറേറ്റുകളുടേതല്ല. ഭൂമിയെ ആരും വിലയ്ക്ക് വാങ്ങുകയും വേണ്ട. മുഴുവൻ ജീവിവർഗങ്ങളുടേതുമാണ് ഭൂമി. അവയെ അവഗണിച്ചുകൊണ്ടുള്ള നിർമ്മാണപ്രവർത്തനങ്ങൾ ദുരന്തങ്ങളായിരിക്കും ഭൂമിക്ക് അടിച്ചേൽപ്പിക്കുന്നത്. ഇത് തിരിച്ചറിയാനുള്ള വിവേകം എല്ലാ വിഭാഗം ജനങ്ങളും കാണിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ ഭൂമിക്കൊരു ചരമഗീതം സമ്മാനിച്ച് സ്വയം നശിക്കുവാൻ തയ്യാറാവുക; ഒ. എൻ. വി പാടിപ്പറഞ്ഞതുപോലെ:
'ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന
മൃതിയിൽ നിനക്കാത്മശാന്തി!
ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം.'
ഖുർആൻ പറഞ്ഞുതന്ന, പ്രവാചകൻ വിവരിച്ച പരിസ്ഥിതിയുടെ സംരക്ഷണവും പരിപാലനവും ജീവിതസപര്യയാക്കിയെങ്കിൽ മാത്രമേ ജീവിക്കുന്ന തലമുറക്കും വരാനിരിക്കുന്ന തലമുറകൾക്കും ഭൂമിയിലെ വിഭവങ്ങൾ ഉപകാരപ്പെടുകയുള്ളൂ. ഇസ്‌ലാമിക സമൂഹം പരിസ്ഥിതിയുടെ കാര്യത്തിൽ എത്രമാത്രം ഉൽബുദ്ധരാണ് എന്ന് ആത്മപരിശോധന നടത്തുക. പരിസ്ഥിതിയുടെ മുന്നറിയിപ്പുകൾ അവഗണിക്കാതിരിക്കുക