കുവൈത്ത് സിറ്റി - വ്യാജ വിവരങ്ങളും രേഖകളും സമര്‍പ്പിച്ച് കുവൈത്ത് പൗരത്വം നേടിയ കേസില്‍ സൗദി പൗരനെ കുവൈത്ത് ക്രിമിനല്‍ കോടതി 22 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു.
പ്രതി 41,000 കുവൈത്തി ദീനാര്‍ ആഭ്യന്തര മന്ത്രാലയത്തില്‍ തിരിച്ചടക്കണമെന്നും വിധിയുണ്ട്. വ്യാജ രേഖകള്‍ സമര്‍പ്പിച്ച് കുവൈത്ത് പൗരത്വം നേടിയ പ്രതി കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തില്‍ ജോലി ചെയ്തുവരികയായിരുന്നു.
നിയമ നടപടി സ്വീകരിക്കുന്നതിനുള്ള നിയമാനുസൃത കാലം പിന്നിട്ടതിനാല്‍ പ്രതിയുടെ പിതാവിനെതിരായ ആരോപണം റദ്ദാക്കുന്നതിന് കോടതി തീരുമാനിച്ചു.
കേസിലെ ഒന്നാം പ്രതി (പിതാവ്) 1986 ലാണ് വ്യാജ വിവരങ്ങള്‍ സമര്‍പ്പിച്ച് തനിക്കും മകനും പൗരത്വം നേടിയെടുത്തത്. ഒന്നാം പ്രതിയുമായി ധാരണയിലെത്തി രണ്ടാം പ്രതി വ്യാജ രേഖകള്‍ നിര്‍മിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് 41,000 ദീനാര്‍ തട്ടിയെടുക്കുകയും ചെയ്തിരുന്നു. ഈ തുക തിരിച്ചടക്കുന്നതിനാണ് കോടതി വിധിച്ചത്.