മലപ്പുറം സോളാർ കേസുമായി ബന്ധപ്പെട്ട് ഇടതു എം.എൽ.എയായ കെ ബി ഗണേഷ് കുമാറിനെതിരെ നിർണായകവും സ്‌ഫോടനാത്മകവുമായ തെളിവുകൾ തന്റെ പക്കലുണ്ടെന്ന കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ നിർണായ വെളിപ്പെടുത്തലിനു തൊട്ടുപിറകെ സരിത എസ് നായർ ബിജുവിന്റെ അഭിഭാഷകയെ ഫോണിൽ പലതവണ വിളിച്ച് ഭീഷണിപ്പെടുത്തി.
കഴിഞ്ഞ ദിവസം സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ പെരിന്തൽമണ്ണയിലെ കോടതിയിൽ ഹാജരാകാൻ എത്തിയപ്പോഴാണ് ഗണേഷിനെ കേസിൽ പ്രതി ചേർക്കണമെന്നും തന്റെ പക്കൽ നിർണായക തെളിവുകളുണ്ടെന്നും ബിജു അവകാശപ്പെട്ടത്.
ബിജുവിന്റെ അഭിഭാഷക നിഷ കെ പീറ്ററാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. ഈ വാർത്ത പുറത്തു വന്ന് എറെ താമസിയാതെ തന്നെ സരിത തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് നിഷ പറഞ്ഞു.
'ഇത്തരം കാര്യങ്ങൾ പുറത്തു വിളിച്ചു പറഞ്ഞാൽ വിവരമറിയും. ഞാൻ ആരാണെന്ന് തനിക്കറിയില്ല എന്നൊക്കെയാണ് സരിത പറഞ്ഞത്. ഗണേഷിനെതിരെ തെളിവുകളുണ്ടെന്ന വാർത്ത പുറത്തു വന്ന് മണിക്കൂറിനുള്ളിൽ സരിത എന്നെ ഒമ്പതു തവണ ഫോണിൽ വിളിച്ചു. രണ്ടു മൂന്ന് തവണ മാത്രമെ ഞാൻ അറ്റൻഡ് ചെയ്തിട്ടുള്ളൂ. ഭീഷണി സ്വരത്തിലാണ് അവർ സംസാരിച്ചത്,' അഡ്വ. നിഷ പറഞ്ഞു. ഫോൺ റെക്കോർഡുകൾ സഹിതം സരിതക്കെതിരെ പരാതി നൽകുമെന്നും അവർ അറിയിച്ചു.
കമ്മീഷനു ലഭിക്കാത്തതും ഇതുവരെ പുറത്തുവരാത്ത നിരവധി തെളിവുകൽ ബിജുവിന്റെ പക്കലുണ്ട് നിഷ പറയുന്നു. കൂടാതെ ബിജു രാധാകൃഷ്ണൻ ശിക്ഷിക്കപ്പെട്ട രശ്മി വധക്കേസ് പുനരന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. സോളാർ തട്ടിപ്പ് പുറത്തു വന്നതിനു ശേഷമാണ് ബിജുവിന്റെ ഭാര്യയായിരുന്ന രശ്മി വധക്കേസിൽ ബിജുവിനെ ഉൾപ്പെടുത്തിയതെന്നും അവർ പറഞ്ഞു.
അതിനിടെ, സോളാർ തട്ടിപ്പു കേസിലെ മുഖ്യസൂത്രധാരനാണ് മുൻമന്ത്രി കൂടിയായ കെ ബി ഗണേഷ് കുമാറെന്ന് ബിജി വെള്ളിയാഴ്ച വെളിപ്പെടുത്തി. സോളാർ ഇടപാടുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതാക്കളേയും വ്യവസായികളേയും സരിതയ്ക്ക് പരിചയപ്പെടുത്തി നൽകിയത് ഗണേഷ് കുമാറാണെന്ന് ബിജു പറഞ്ഞു. സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ വെള്ളിയാഴ്ച വടകര കോടതിയിൽ ഹാജരാക്കാനെത്തിച്ചപ്പോഴാണ് ബിജു ഈ വെളിപ്പെടുത്തൽ നടത്തിയത്.
തന്റേയും അമ്മയുടേയും ജീവന് ഭീഷണിയുണ്ടെന്നും മരണമൊഴി രേഖപ്പെടുത്തണമെന്നും ബിജു കോടതിയിൽ അറിയിച്ചു. എന്നാൽ സോളാർ കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം കോടതി ആണെന്നതിനാൽ ഇതു സംബന്ധിച്ച് അവിടെ മൊഴിനൽകിയാൽ മതിയെന്ന് വടകര കോടതി അറിയിച്ചു.
ഗണേഷ് കുമാറിനെതിരായ തെളിവുകൾ സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി അടുത്തയാഴ്ച് തിരുവനന്തപുരം കോടതിയെ സമീപിക്കാനിരിക്കുകയാണ് ബിജു രാധാകൃഷ്ണൻ.