മുപ്പതാണ്ട് നീണ്ട പ്രവാസത്തിന് വിരാമം;  ടി.എം. ഹംസ നാട്ടിലേക്ക് മടങ്ങുന്നു

പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ടി.എം. ഹംസക്ക് പാലക്കാട് കെ.എം.സി.സിയുടെ ഉപഹാരം ഇഖ്ബാൽ കുമരനെല്ലൂർ നൽകുന്നു.

ദമാം- കിഴക്കൻ പ്രവിശ്യയിലെ സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യമായ കെ.എം.സി.സി നേതാവ്  ടി.എം. ഹംസ നാട്ടിലേക്ക്് മടങ്ങുന്നു. 30 വർഷത്തെ പ്രവാസജീവിതം  അവസാനിപ്പിച്ചാണ് പഴയകാല കെ.എം.സി.സി നേതാക്കളിൽ മുൻ നിരക്കാരനായ ടി.എം. ഹംസ സ്വദേശത്തേക്ക് തിരിച്ചു പോകുന്നത്. പ്രവിശ്യയുടെ വിവിധ മേഖലകളിൽ ജോലി ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ പൊതു മണ്ഡലം തീരദേശമായ ഖത്തീഫിലായിരുന്നു. മികവുള്ള നേതൃ പാടവത്തിലൂടെ തീരദേശത്തെ പാവപ്പെട്ട പ്രവാസികൾക്ക് കൈയ്യത്തുന്ന കരുത്തായിരുന്നു ഹംസയുടെ സാമീപ്യം. 


പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം തൃക്കടീരി സ്വദേശയാണ് ഹംസ. നാട്ടിൽ പഞ്ചായത്ത് യൂത്ത് ലീഗിന്റെ കാര്യദർശിയായി പൊതുരംഗത്ത് സജീവമായ അദ്ദേഹം മറുനാട്ടിലും ഹരിത രാഷ്ട്രീയത്തിൽ സുസമ്മതനായ നേതാവായിരുന്നു. കെ.എം.സി.സി കിഴക്കൻ മേഖല കേന്ദ്ര സമിതിയുടെ ഉപാധ്യക്ഷൻ, ഖത്തീഫ് സെൻട്രൽ കമ്മിറ്റിയുടെ അധ്യക്ഷൻ, പാലക്കാട് ജില്ലാ കമ്മിറ്റിയുടെ സ്ഥാപക പ്രസിഡന്റ്, ചെയർമാൻ മിഡിലീസ്റ്റ് ചന്ദ്രികയുടെ കോ-ഓർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തനം കാഴ്ചവെച്ച ഹംസയുടെ ജീവകാരുണ്യ രംഗത്തെ ആത്മാർഥതയും അർപ്പണ ബോധവും കക്ഷിരാഷ്ട്രീയ ഭേദമന്യേ അംഗീകരിക്കപ്പെട്ടിരുന്നു. ഭാര്യ മിന്ന ഹംസ നാട്ടിൽ ബാങ്ക് ജീവനക്കാരിയും  മക്കൾ ഹസ്‌ന, ഹന്ന, ഹനീൻ എന്നിവർ വിദ്യാർഥികളുമാണ്.  


ഹംസക്ക് കെ.എം.സി.സി പാലക്കാട് ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി. സൂം മീറ്റിംഗിൽ പ്രസിഡന്റ് ബഷീർ ബാഖവി അധ്യക്ഷത വഹിച്ചു.  കിഴക്കൻ പ്രവിശ്യ കെ.എം.സി.സി ജന. സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ല മുസ്‌ലിം ലീഗ് അധ്യക്ഷൻ കളത്തിൽ അബ്ദുല്ല, മുസ്‌ലിം യൂത്ത് ലീഗ് സംസഥാന ഉപാധ്യക്ഷൻ അൻവർ സാദത്ത്, ദമാം മീഡിയ ഫോറം ജനറൽ സെക്രട്ടറി അഷ്‌റഫ് ആളത്ത്, സക്കീർ അഹമ്മദ്, യു.എ. റഹീം, മാലിക് മക്ബൂൽ, സി.പി. ശരീഫ്, റഹ്മാൻ കാരയാട്, ഖാലിദ് തെങ്കര, ഇദ്‌രീസ് സലാഹി, ഹുസൈൻ കരിങ്കര സംസാരിച്ചു. ടി.എം. ഹംസ മറുപടി പ്രസംഗം നടത്തി. ജില്ലാ കമ്മിറ്റി ഉപാധ്യക്ഷൻ ഇക്ബാൽ കുമരനെല്ലൂർ  ഉപഹാരം  കൈമാറി. 
പ്രകൃതി ദുരന്തത്തിലും കരിപ്പൂർ വിമാനാപകടത്തിലും മരിച്ചവരുടെ വിയോഗത്തിൽ കെ.എം.സി.സി അനുശോചിച്ചു. ഇടത് സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സഗീർ കുമരനെല്ലൂർ പ്രമേയം അവതരിപ്പിച്ചു. ആക്ടിംഗ് ജനറൽ സെക്രട്ടറി റാഫി പട്ടാമ്പി സ്വാഗതവും സെക്രട്ടറി ശരീഫ് പാറപ്പുറത്ത് നന്ദിയും പറഞ്ഞു. അഷ്‌റഫ് അശ്‌റഫി ഖിറാഅത്ത് നടത്തി. അനസ് പട്ടാമ്പി,  ഷബീർ അലി അമ്പാടത്ത്, ഖാജാ മൊയ്‌നുദ്ദിൻ, കരീം പി.സി, ശിഹാബ് കപ്പൂർ, ഹംസ താഹിർ, ശരീഫ് വാഴമ്പുറം എന്നിവർ നേതൃത്വം നൽകി.

Latest News