ജിദ്ദ- ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ പാരന്റ്‌സ് ഫോറം (ഇസ്പാഫ്) 'കൊറോണക്കാലം പ്രതിരോധ ശേഷി വർധിപ്പിക്കാൻ ആയുർവേദം' എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. കൊച്ചി ജീവനീയം ആയുർവേദ ഹോസ്പിറ്റൽ ആന്റ് റിസർച്ച് സെന്റർ മാനേജിംഗ് ഡയറക്ടർ ഡോ. രശ്മി പ്രമോദ് വിഷയം അവതരിപ്പിച്ചു. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിൽ ആയുർവേദത്തിന്റെ പങ്കിനെക്കുറിച്ച് കോവിഡ് പശ്ചാത്തലത്തിൽ ഇത്തരമൊരു ചർച്ച ജിദ്ദയിൽ സംഘടിപ്പിക്കുന്നത് ഇതാദ്യമായായിരുന്നു. ജീവിത ക്രമത്തെക്കുറിച്ചും അതു പാലിക്കേണ്ട രീതികളെക്കുറിച്ചും ഭക്ഷണ ശീലത്തെക്കുറിച്ചുമെല്ലാം ഡോ. രശ്മി പ്രമോദ് വിശദീകരിച്ചു. രോഗം വന്ന ശേഷം ചികിത്സിക്കുന്നതിനേക്കാളും രോഗം വരാതിരിക്കാനുള്ള പ്രതിരോധ മാർഗങ്ങൾ അവലംബിക്കുന്നതിനാണ് പ്രാധാന്യം നൽകേണ്ടതെന്നും അതിൽ ആയുർവേദത്തിന്റെയും പാരമ്പര്യ ജീവിത രീതികളുടെയും പങ്ക് വളരെ വലുതാണെന്നും ഡോ. രശ്മി പ്രമോദ് പറഞ്ഞു. കുട്ടികളുടെ ഓട്ടിസം, ഹൈപർ ആക്ടിവിറ്റി, പഠന വൈകല്യം, ഓൺലൈൻ ക്ലാസുകളെ മാത്രം ആശ്രയിക്കുമ്പോഴുണ്ടാകുന്ന പ്രയാസങ്ങളെ ദൂരീകരിക്കുന്നതിനുള്ള മാർഗങ്ങൾ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ വിഷയം അവതരിപ്പിച്ചുകൊണ്ട് ഡോ. രശ്മി പ്രമോദ് പ്രതിപാദിച്ചു. വിവിധ തുറകളിലുള്ള ഒട്ടേറെ പേർ വെബിനാറിൽ പങ്കെടുത്തു. ശ്രോതാക്കളുടെ സംശയങ്ങൾക്കും അവർ മറുപടി നൽകി.
ഇസ്പാഫ് പ്രസിഡന്റ് മുഹമ്മദ് ബൈജു ആമുഖ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് ഫൈസൽ ഇസ്പാഫിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. രക്ഷാധികാരി പി.എം. മായിൻകുട്ടി ഡോ. രശ്മി പ്രമോദിനെ പരിചയപ്പെടുത്തി. രക്ഷാധികാരി സലാഹ് കാരാടൻ ഡോ. രശ്മി പ്രമോദിനുള്ള പ്രശംസാ പത്രം സമർപ്പിച്ചു. മുൻ പ്രസിഡന്റ് നാസർ ചാവക്കാട് നന്ദി പറഞ്ഞു. വൈസ് പ്രസിഡന്റ് ആർ.പി മുഹമ്മദ് കുഞ്ഞിയുടെ നേതൃത്വത്തിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അഷ്്ഫാഖ് മേലേക്കണ്ടി, അഷ്്‌റഫ് അഞ്ചാലൻ, പി.കെ. റിയാസ് എന്നിവർ പരിപാടി നിയന്ത്രിച്ചു.