തൃശൂര്‍- വനിതാ വില്ലേജ് ഓഫീസര്‍ കൈഞരമ്പ് മുറിച്ച സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി. തൃശൂര്‍ പുത്തൂര്‍ വില്ലേജ് ഓഫീസര്‍ സിനിയുടെ പരാതിയിലാണ് പോലീസ് നടപടി.
പഞ്ചായത്ത് പ്രസിഡന്റും സംഘവും ഘരാവോ ചെയ്യുന്നതിനിടെയായിരുന്നു വില്ലേജ് ഓഫീസര്‍ ഓഫീസില്‍വച്ച് കൈഞരമ്പ് മുറിച്ചത്. വില്ലേജ് ഓഫീസറെ ഉടനെ തന്നെ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമില്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.
ലൈഫ് മിഷന്‍ പദ്ധതിയിലേക്ക് ആവശ്യമായ രേഖകള്‍ യഥാസമയം വില്ലേജ് ഓഫീസര്‍ നല്‍കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ കുത്തിയിരിപ്പ് സമരം നടന്നത്. പതിനാലാം തിയ്യതിയാണ് ലൈഫ് മിഷന്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി. അതേസമയം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തന്നെ മാനസികമായി പീഡിപ്പിച്ചു വരികയാണെന്ന് സിനിയുടെ പരാതിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നിരവധി ആളുകള്‍ സര്‍ട്ടിഫിക്കറ്റിനായി വില്ലേജ് ഓഫീസറെ സമീപിച്ചിട്ടും നല്‍കാത്ത സാഹചര്യത്തിലായിരുന്നു കുത്തിയിരുപ്പ് സമരം നടത്താനുള്ള പഞ്ചായത്ത് പ്രസിഡന്റിന്റെയും നാട്ടുകാരുടെ തീരുമാനം. സമരം നടക്കുന്നതിനിടെ വില്ലേജ് ഓഫീസര്‍ ഞരമ്പ് മുറിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചു.