സകാക്ക- നിശ്ചയദാർഢ്യത്തിന്റെയും ഇഛാശക്തിയുടെയും പ്രതീകമായി മാറിയിരിക്കുകയാണ് സകാക്കയിൽ ബഖാല നടത്തുന്ന സൗദി യുവതി നോഫ് അൽനഹാസ്. ബഖാലയിലെ എല്ലാ ജോലികളും നോഫ് സ്വന്തം നിലക്കാണ് നിർവഹിക്കുന്നത്. സകാക്കയുടെ ചരിത്രത്തിൽ ആദ്യമായാണ് സൗദി വനിതകളിൽ ഒരാൾ സ്വന്തമായി ബഖാല നടത്തുന്നത്. ദിവസേന പത്തു മണിക്കൂറിലേറെ നേരം നോഫ് സ്വന്തം സ്ഥാപനത്തിൽ ചെലവഴിക്കുന്നു.
സ്ഥാപനം ആരംഭിക്കാനും വിജയകരമായി നടത്തിക്കൊണ്ടുപോകാനും തുടക്കത്തിൽ നിരവധി വെല്ലുവിളികളും പ്രയാസങ്ങളും നേരിട്ടതായി നോഫ് പറയുന്നു. സൗദിയിൽ ബഖാലകൡ വിദേശ വനിതകൾ ജോലി ചെയ്യുന്നത് പതിവല്ല. രാജ്യത്തെ മറ്റേതെങ്കിലും നഗരത്തിലും സൗദി യുവതികൾ ബഖാലകളിൽ ജോലി ചെയ്യുന്നതായി വിവരമില്ല. വനിതകളുടെ സാന്നിധ്യമില്ലാത്ത പുതിയ മേഖലയിലേക്ക് നോഫ് അൽനഹാസ് സുധീരമായി കാലെടുത്തു വെച്ചത് തുടക്കത്തിൽ എല്ലാവർക്കും വലിയ ആശ്ചര്യമായിരുന്നു. ആരംഭത്തിൽ സ്വന്തം കുടുംബാംഗങ്ങളിൽനിന്നു തന്നെ നോഫിന് വേണ്ടത്ര പിന്തുണയും പ്രോത്സാഹനവും ലഭിച്ചിരുന്നില്ല. മാന്യമായി വരുമാനമുണ്ടാക്കുന്നതിന് സ്വന്തം നിലക്ക് വഴി കണ്ടെത്താനുള്ള ആലോചനയാണ് നോഫിനെ ബഖാല മേഖലയിൽ എത്തിച്ചത്.
കൊറോണ വ്യാപനം തടയാൻ രാജ്യത്ത് കർഫ്യൂ ബാധകമാക്കിയ സമയത്താണ് ഇത്തരമൊരു സംരംഭം ആരംഭിക്കുകയെന്ന ആശയം ആദ്യമായി മനസ്സിൽ ഉദിച്ചതെന്ന് നോഫ് പറയുന്നു. കർഫ്യൂ കാലത്ത് ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് പ്രത്യേക പെർമിറ്റ് നേടി നിത്യോപയോഗ വസ്തുക്കൾ ഹോം ഡെലിവറിയായി ഉപയോക്താക്കളുടെ വീടുകളിൽ നേരിട്ട് എത്തിച്ചു നൽകുന്ന മേഖലയിൽ പ്രവർത്തിച്ചിരുന്നു. ഉപയോക്താക്കൾക്ക് ആവശ്യമായ എല്ലാ വസ്തുക്കളും ഇങ്ങനെ വീടുകളിൽ നേരിട്ട് എത്തിച്ചു നൽകിയിരുന്നു. ഈ ജോലി കുടുംബാംഗങ്ങളും നാട്ടുകാരും സ്വീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
വേതനത്തിൽ നിന്ന് നിശ്ചിത തുക സ്വരൂപിച്ചാണ് സ്വന്തമായി ബഖാല ആരംഭിക്കാനുള്ള മുടക്കു മുതൽ കണ്ടെത്തിയത്. തുടക്കത്തിൽ കുടുംബാംഗങ്ങൾ അടക്കമുള്ളവർ ഒരു യുവതി എങ്ങനെ സ്വന്തം നിലക്ക് ബഖാല നടത്തിക്കൊണ്ടുപോകുമെന്ന് ആശ്ചര്യം കൂറുകയും എതിർപ്പുകൾ പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ സ്ഥാപനം തുറന്ന് പതിനഞ്ചു ദിവസം പിന്നിട്ടപ്പോഴേക്കും തന്റെ പദ്ധതിയെ എല്ലാവരും പിന്തുണക്കാനും സ്വാഗതം ചെയ്യാനും തുടങ്ങി. ബഖാല പദ്ധതി തുടരാൻ നിരവധി പേർ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
വൈകാതെ വനിതകൾ മാത്രം ജോലി ചെയ്യുന്ന കൂടുതൽ മിനിമാർക്കറ്റുകൾ തുറക്കാൻ തനിക്ക് ആഗ്രഹമുണ്ട്. പുതിയ സ്ഥാപനമായതിനാൽ കമ്പനി സെയിൽസ്മാന്മാർക്ക് തന്റെ ബഖാല അറിയില്ല. ഇത് ഒരു പ്രശ്‌നമാണ്. കാലക്രമേണ ഈ പ്രശ്‌നത്തിന് പരിഹാരമാകും. കൂടുതൽ ബഖാലകളും മിനിമാർക്കറ്റുകളും തുറക്കാനാണ് ആഗ്രഹിക്കുന്നതെന്നും നോഫ് അൽനഹാസ് പറയുന്നു. സകാക്കയിൽ ബഖാല നടത്തുന്ന നോഫ് അൽനഹാസിനെ കുറിച്ച റിപ്പോർട്ട് കഴിഞ്ഞ ദിവസം എം.ബി.സി ചാനൽ സംപ്രേഷണം ചെയ്തിരുന്നു.