Sorry, you need to enable JavaScript to visit this website.

അറാംകോക്ക് 8710 കോടി റിയാൽ ലാഭം 

റിയാദ് - ഈ വർഷം ആദ്യ പകുതിയിൽ സൗദി അറാംകോ 8710 കോടി റിയാൽ ലാഭം നേടി. ആഗോള വിപണിയിൽ എണ്ണ വില 39 ശതമാനം തോതിൽ ഇടിഞ്ഞിട്ടും മികച്ച ലാഭം നേടാൻ കമ്പനിക്ക് സാധിച്ചു. കഴിഞ്ഞ കൊല്ലം ആദ്യ പകുതിയിൽ കമ്പനി 17,590 കോടി റിയാൽ ലാഭം നേടിയിരുന്നു. ഇതിനെ അപേക്ഷിച്ച് ഈ വർഷം ആദ്യത്തെ ആറു മാസത്തിനിടെ കമ്പനി ലാഭം 50.5 ശതമാനം തോതിൽ കുറഞ്ഞു. എണ്ണ വില കുറഞ്ഞതും റിഫൈനറി, പെട്രോകെമിക്കൽ മേഖലയിൽ ലാഭം കുറഞ്ഞതുമാണ് കമ്പനിയുടെ ആകെ ലാഭം കുറയാൻ ഇടയാക്കിയത്. 
ഈ വർഷം രണ്ടാം പാദത്തിലെ ലാഭവിഹിതമായി 7032 കോടി റിയാൽ ഓഹരിയുടമകൾക്ക് കമ്പനി വിതരണം ചെയ്യും. ഈ വർഷം ആദ്യത്തെ ആറു മാസത്തിനിടെ കമ്പനിയുടെ ആകെ വരുമാനം 34,880 കോടി റിയാലാണ്. കഴിഞ്ഞ കൊല്ലം ഇതേ കാലയളവിൽ ഇത് 55,610 കോടി റിയാലായിരുന്നു. ഈ വർഷം വരുമാനം 37.3 ശതമാനം തോതിൽ കുറഞ്ഞു. 
ഈ വർഷം ആദ്യത്തെ ആറു മാസത്തിനിടെ ശരാശരി എണ്ണ വില 39 ശതമാനം തോതിലാണ് കുറഞ്ഞത്. കൊറോണ വ്യാപനം മൂലം രണ്ടാം പാദത്തിൽ ശരാശരി എണ്ണ വില 57 ശതമാനം തോതിൽ കുറഞ്ഞു. 


ലോകത്തെ ഏറ്റവും വലിയ മറ്റു എണ്ണക്കമ്പനികളെല്ലാം ഭീമമായ നഷ്ടം നേരിട്ടപ്പോഴും വൻലാഭം നേടാൻ സൗദി അറാംകോക്ക് സാധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എക്‌സൺ മൊബീൽ, ഷെവ്‌റോൺ, ടോട്ടൽ, ഷെൽ, ബി.പി എന്നീ കമ്പനികളെല്ലാം ഈ വർഷം ആദ്യ പകുതിയിൽ നഷ്ടമുണ്ടാക്കി. ഈ വർഷം ആദ്യ പകുതിയിൽ സൗദി അറാംകോ 23.2 ബില്യൺ ഡോളർ ലാഭമാണുണ്ടാക്കിയത്. 
ഇതേ കാലയളവിൽ എക്‌സൺ മൊബീലിന് 1.7 ബില്യൺ ഡോളറും ഷെവ്‌റോണിന് 4.7 ബില്യൺ ഡോളറും ടോട്ടലിന് 8.3 ബില്യൺ ഡോളറും ഷെൽ കമ്പനിക്ക് 18.2 ബില്യൺ ഡോളറും ബ്രിട്ടീഷ് പെട്രോളിയം കമ്പനിക്ക് 21.2 ബില്യൺ ഡോളറും നഷ്ടം നേരിട്ടു. കഴിഞ്ഞ കൊല്ലം ആദ്യ പകുതിയിൽ ഈ അഞ്ചു കമ്പനികളും വലിയ ലാഭം നേടിയിരുന്നു. എസ്‌കൺ മൊബീൽ 5.5 ബില്യൺ ഡോളറും ഷെവ്‌റോൺ 7 ബില്യൺ ഡോളറും ടോട്ടൽ 5.9 ബില്യൺ ഡോളറും ഷെൽ 9 ബില്യൺ ഡോളറും ബി.പി 4.8 ബില്യൺ ഡോളറുമാണ് കഴിഞ്ഞ വർഷം ആദ്യത്തെ ആറു മാസത്തിനിടെ ലാഭം നേടിയത്.
 

Latest News