തിരുവനന്തപുരം- കോവിഡ് കാലത്ത് ശബരിമല മുന്‍ മേല്‍ശാന്തിയെ വിളിച്ചുവരുത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വസതിയില്‍ ശത്രുസംഹാരപൂജ നടത്തിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല. ഹൈന്ദവ വിശ്വാസികളെല്ലാം ആര്‍എസ്എസ് ആണ് എന്നാണ് കോടിയേരി പറയുന്നതെങ്കില്‍ അദ്ദേഹത്തിന്റെ കുടുംബമാണ് ഏറ്റവും വലിയ ആര്‍എസ്എസുകാര്‍. കോവിഡ്കാലത്ത് സ്വന്തം വീട്ടില്‍ പ്രത്യേക പൂജ നടത്തിയ കോടിയേരിയാണ് പ്രതിപക്ഷ നേതാവിന്റെ വിശ്വാസത്തെ പരിഹസിക്കുന്നതെന്ന് പോസ്റ്റില്‍ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം
കോടിയേരിയുടെ ശത്രുസംഹാര പൂജ! രമേശ് ചെന്നിത്തല ആര്‍എസ്എസ് ആണെന്ന് സ്ഥാപിക്കാനുള്ള തത്രപ്പാടിലാണ് കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും. രമേശ് ചെന്നിത്തല ഈശ്വരവിശ്വാസിയാണ് എന്നതില്‍ സംശയം വേണ്ട. ഹൈന്ദവ വിശ്വാസികളെല്ലാം ആര്‍എസ്എസ് ആണ് എന്നാണ് കോടിയേരി പറയുന്നതെങ്കില്‍ അദ്ദേഹത്തിന്റെ കുടുംബമാണ് ഏറ്റവും വലിയ ആര്‍എസ്എസുകാര്‍.. കോവിഡ്കാലത്ത് സ്വന്തം വീട്ടില്‍ പ്രത്യേക പൂജ നടത്തിയ കോടിയേരിയാണ് പ്രതിപക്ഷ നേതാവിന്റെ വിശ്വാസത്തെ പരിഹസിക്കുന്നത്....!മരണാനന്തര ചടങ്ങുകള്‍ പോലും മാറ്റി വച്ചിരുന്ന സമയത്ത് ശബരിമല മുന്‍ മേല്‍ശാന്തിയെ വിളിച്ചു വരുത്തി താങ്കള്‍ പ്രത്യേക പൂജകള്‍ നടത്തിയത് വൈരുദ്ധ്യാത്മക ഭൗതികവാദത്തിലുള്ള വിശ്വാസം മൂലമാണോ സഖാവേ പ്രാര്‍ഥനകളിലും വിശ്വാസത്തിലുമൊന്നും തെറ്റില്ല...പക്ഷേ കോടിയേരിയും കുടുംബവും ഭക്തര്‍, ചെന്നിത്തല ആര്‍എസ്എസ് എന്നത് എവിടുത്തെ ന്യായമാണ്....?പിന്നെ താങ്കള്‍ ഇത്തരം പൂജാദി കര്‍മങ്ങള്‍ നടത്തുന്നത് നല്ലതാണ്. പിണറായി വലതുകാല്‍ വച്ച് കയറിയതുമുതല്‍ ഈ നാട് അനുഭവിക്കുന്ന ദുരന്തങ്ങള്‍ ഇനിയെങ്കിലും മാറിപ്പോവാന്‍ ഉള്ളുരുകി പ്രാര്‍ഥിക്കൂ. അതല്ല മുഖ്യമന്ത്രിക്കസേര 6 മാസമെങ്കിലും കിട്ടാനുള്ള ശത്രുസംഹാര പൂജയാണ് നടത്തിയതെങ്കിലും വിരോധമില്ല. ഒരു കാര്യം കൂടി, ചെന്നിത്തലയെ ആര്‍എസ്എസ് ആക്കിയാല്‍ പത്ത് ന്യൂനപക്ഷ വോട്ട് കൂടുതല്‍ കിട്ടും എന്നാണെങ്കില്‍,ആ വെള്ളം പൊളിറ്റ്ബ്യൂറോയുടെ അടുപ്പത്തിരുന്ന് തിളയ്ക്കുകയേ ഉള്ളൂ. മുമ്പ് 2007 ല്‍ കോടിയേരി ആഭ്യന്തര മന്ത്രി ആയിരുന്നപ്പോള്‍ കോടിയേരിക്കുവേണ്ടി ഭാര്യ കാടാമ്പുഴ ക്ഷേത്രത്തില്‍ പൂമൂടല്‍ വഴിപാട് നടത്തി എന്ന വാര്‍ത്ത വിവാദമായിരുന്നു. പിന്നീട് കോടിയേരിയുടെ മകനെതിരെ യുവതി രംഗത്തുവന്നപ്പോള്‍ മകന്റെ ശബരിമല കയറ്റവും പരിഹസിക്കപ്പെട്ടിരുന്നു.