സൗദി ബാലന്റെ കുറിപ്പ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി
ജിദ്ദ- മാതാവിന്റെ അകാല വിയോഗത്തിൽ മനംനൊന്ത് സൗദി ബാലൻ കുറിച്ച വരികൾ അറബ് ലോകത്തെ സാമൂഹിക മാധ്യമങ്ങളിൽ തരംഗമായി. വിട്ടുപിരിഞ്ഞ മാതാവിന് സ്വന്തം കൈപ്പടയിൽ അറബിയിൽ എഴുതിയ കത്ത് ആയിരക്കണക്കിന് ഷെയറും റി ട്വീറ്റുമായി മുന്നേറുകയാണ്. പ്രമുഖ അറബ് ഓൺലൈൻ മാധ്യമങ്ങളും കത്ത് പ്രസിദ്ധീകരിച്ചു.
വീട്ടിലേക്ക് മടങ്ങിവരണമെന്ന് ആവശ്യപ്പെടുന്ന കത്തിൽ താൻ ഇപ്പോൾ നല്ല കുട്ടിയായെന്നും ഒരിക്കലും അനുസരണക്കേട് കാണിക്കില്ലെന്നും സഹോദരിയെ ശ്രദ്ധിക്കുമെന്നും വാക്കു നൽകുന്നു.
'പ്രിയപ്പെട്ട ഉമ്മാ... ഒരിക്കലും ഉമ്മയെ മറന്നിട്ടില്ലെന്ന് അറിയിക്കാനാണ് ഞാൻ ഈ കത്ത് എഴുതുന്നത്. ഞാനും ഉമ്മയെപോലെ മരിക്കുമ്പോൾ സൂക്ഷിച്ചുവെച്ച ഈ എഴുത്ത് ഞാൻ കാണിക്കും. ഉമ്മയുടെ പരലോക മോചനത്തിനായി ഞാൻ എന്നും പ്രാർഥിക്കാറുണ്ട്. ഞാൻ ഇപ്പോൾ ഒരുപാട് മാറി. കൃത്യമായി ഭക്ഷണം കഴിക്കുന്നുണ്ട്. സാറ പറയുന്നതെല്ലാം അതേപടി അനുസരിക്കുന്നു. വീട് വൃത്തികേടാക്കാറില്ല. ഞാൻ വീട് വൃത്തികേടാക്കുന്നത് കൊണ്ട് അധ്വാനം കൂടുതലാണെന്ന് ഉമ്മ എപ്പേഴും പറയാറില്ലേ..
പ്രിയപ്പെട്ട ഉമ്മാ... ദയവായി എന്നോട് ക്ഷമിക്കണം. അല്ലാഹു അനുഗ്രഹിക്കട്ടെ. ഞങ്ങളോടൊപ്പം ജീവിക്കാനായി തിരിച്ചുവരൂ. ഉമ്മ പറയുന്ന ഓരോ വാക്കും അക്ഷരംപ്രതി അനുസരിക്കാമെന്ന് ഞാൻ അല്ലാഹുവിനോട് ശപഥം ചെയ്തിട്ടുണ്ട്. ഉമ്മയോടൊപ്പം നിന്ന് എല്ലാം ശുചിയാക്കാൻ ഞാനുമുണ്ടാവും. ഉറങ്ങാൻ അനുവദിക്കാം, എഴുന്നേൽപ്പിക്കില്ല. പ്ലീസ് ഉമ്മാ..തിരിച്ചുവരൂ.. അല്ലാഹു അനുഗ്രഹിക്കട്ടെ' -ഇതായിരുന്നു സൗദി ബാലന്റെ വാചകങ്ങൾ.
മാതൃസ്‌നേഹത്തിന്റെയും കരുണ വറ്റാത്ത ആർദ്ര ഹൃദയത്തിന്റെയും വരികളാണിതെന്ന് സാമൂഹിക മാധ്യമങ്ങളിൽ ചിലർ അഭിപ്രായം പങ്കുവെച്ചു. കത്ത് വായിച്ചപ്പോൾ വന്നലച്ച കണ്ണീർ തുള്ളികളെ പിൻവലിക്കാൻ കഴിഞ്ഞില്ലെന്ന് ചിലർ എഴുതി. മാതാവിന്റെ വേർപാട് കുട്ടികളെ എത്രമാത്രം അനാഥമാക്കുന്നുവെന്നതിന്റെ ദൃഷ്ടാന്തമാണ് ഈ വരികളെന്നും ചിലർ ചൂണ്ടിക്കാട്ടി. സത്യസന്ധമായ സ്‌നേഹത്തിന്റെ പ്രതീകമായ ബാലന്റെ കുടുംബത്തിന് വേണ്ടി വായനക്കാർ പ്രാർഥിക്കുകയും ചെയ്തു.