ഇടുക്കി - പെട്ടിമുടി മണ്ണിടിച്ചിൽ ദുരന്തത്തിൽപെട്ട 17 പേരുടെ മൃതദേഹങ്ങൾ കൂടി ഇന്നലെ കണ്ടെടുത്തതോടെ മരണ സംഖ്യ 43 ആയി. ഇനി 28 പേരെയാണ് കണ്ടെത്താനുളളത്.
മലയിടിഞ്ഞു വീണ നാല് ലയങ്ങളിൽ 83 പേരാണ് താമസിച്ചിരുന്നതെന്നാണ് എസ്റ്റേറ്റ് ഉടമകളായ കണ്ണൻ ദേവൻ കമ്പനിയുടെ കണക്ക്. 12 പേർ വ്യാഴാഴ്ച രാത്രിയുണ്ടായ അപകടത്തിൽ നിന്നും രക്ഷപ്പെട്ടിരുന്നു.
അരുൺ മഹേശ്വരൻ (34), പവൻതായി (52), ചെല്ലദുരൈ (37), തങ്കമ്മാൾ (45), തങ്കമ്മാൾ (42), ചന്ദ്ര (63), മണികണ്ഠൻ (22), റോസിൻ മേരി (54), കപിൽ ദേവ് (28), യേശയ്യ (58), സരസ്വതി ചെല്ലമ്മാൾ (60), ഗായത്രി (23), ലക്ഷണശ്രീ (7), അച്ചുതൻ, സഞ്ജയ് (14), അഞ്ജുമോൾ (21) എന്നിവരുടെയും ആറു മാസം പ്രായമുളള കുഞ്ഞിന്റെയും ജഡമാണ് ഇന്നലെ കണ്ടെടുത്തത്.
മണ്ണിനടിയിൽനിന്ന് മൃതദേഹങ്ങൾ വീണ്ടെടുക്കാൻ സഹായിച്ചത് കേരള പോലീസ് സേനയിലെ പ്രത്യേക പരിശീലനം നേടിയ പോലീസ് നായ ആണ്. ബെൽജിയം മെലിനോയിസ് വിഭാഗത്തിൽപെട്ട പത്ത് മാസം മാത്രം പ്രായമുളള ലില്ലിയെന്ന പോലീസ് നായയാണ് മണ്ണിനടിയിൽ നിന്ന് മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. സമീപത്തുള്ള പുഴയിലൂടെ ആളുകൾ ഒഴുകിപ്പോകാനുളള സാധ്യതകളും പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള പരിശോധന ഇന്നും തുടരും.
രക്ഷാപ്രവർത്തനത്തിനെത്തിയ ആലപ്പുഴയിൽ നിന്നുളള ഫയർ ഫോഴ്‌സ് സംഘത്തിലെ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സംഘത്തെ തിരിച്ചയച്ചു. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. മണ്ണിനടിയിൽ പെട്ടവർക്കു വേണ്ടി എൻ.ഡി.ആർ.എഫിന്റെ നേതൃത്വത്തിൽ തിരച്ചിൽ പുരോഗമിക്കുകയാണ്. പത്ത് ഹിറ്റാച്ചികൾ ഉപയോഗിച്ച് മണ്ണും കല്ലും നീക്കുന്നുണ്ട്. ചെളിയും മണ്ണും സമീപത്തെ പുഴയിലേക്ക് ഒഴുക്കി വിട്ടതിനു ശേഷമാണ് മൃതശരീരങ്ങൾക്കു വേണ്ടി തിരച്ചിൽ നടത്തുന്നത്. മൂന്നു ദിവസം കൂടി തിരച്ചിൽ നടത്തുമെന്നാണ് എൻ.ഡി.ആർ.എഫ് അറിയിച്ചുള്ളത്.
വ്യാഴാഴ്ച രാത്രി 10.45 നാണ് കണ്ണൻ ദേവൻ പ്ലാന്റേഷനിലെ തൊഴിലാളികൾ താമസിച്ചിരുന്ന ലയങ്ങളുടെ മുകളിലേക്ക് മണ്ണിടിഞ്ഞു വീണത്. ഉൾപ്രദേശം ആയതിനാൽ ദുരന്തം ഏറെ വൈകിയാണ് പുറംലോകം അറിഞ്ഞത്. ദുരന്തത്തിൽ ഒരു വനിത ഉൾപ്പെടെ വനം വകുപ്പിലെ ആറ് താൽക്കാലിക ജീവനക്കാരും ഉൾപ്പെട്ടതായി വനം മന്ത്രി കെ. രാജു പറഞ്ഞു. ഇവരുടെ കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് ദുരന്ത സ്ഥലം സന്ദർശിച്ച ശേഷം മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേന്ദ്ര മന്ത്രി വി. മുരളീധരനും പെട്ടിമുടിയിലെത്തി.