- ഹൗസിംഗ്, കാർ ലോണുകൾ കുറഞ്ഞു
റിയാദ്- കോവിഡ്19 രൂക്ഷമായ പ്രതിസന്ധി സൃഷ്ടിച്ചുവെങ്കിലും ടൂറിസം, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി സൗദിയിലെ ബാങ്കുകൾ നൽകിയ വായ്പയിൽ ഈ വർഷം ആദ്യപാദത്തേക്കാൾ രണ്ടാം പാദത്തിൽ വൻ വർധന. അതേസമയം, വാഹന-പാർപ്പിട ലോണുകൾ കുറഞ്ഞതായും കേന്ദ്ര ബാങ്കായ സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി (സാമ) പ്രസിദ്ധീകരിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു.
സൗദിയിലെ ബാങ്കുകൾ വിദ്യാഭ്യാസ വായ്പയായി 3.673 ബില്യൺ റിയാൽ 2020 ഏപ്രിൽ മുതൽ ജൂൺ വരെ കാലയളവിൽ അനുവദിച്ചപ്പോൾ ആദ്യ മൂന്ന് മാസങ്ങളിൽ ഇത് 3.466 ബില്യൺ റിയാൽ ആയിരുന്നു. ആറ് ശതമാനം എന്ന തോതിൽ ഉപയോക്താക്കൾക്കിടയിൽ 207 മില്യൺ റിയാൽ അധികമായി വായ്പ നൽകി എന്നർത്ഥം. കൊറോണ വൈറസ് വ്യാപനം മൂലം സ്ഥാപനങ്ങൾ അടച്ചു പൂട്ടിയ സന്ദർഭത്തിലാണ് വിദ്യാഭ്യാസ മേഖലയിൽ ഇത്രയും വലിയ തുക ലോൺ അനുവദിച്ചത് എന്നതാണ് അതിശയം.
രാജ്യത്ത് ഏറ്റവും കൂടുതൽ ലോൺ അനുവദിച്ചതും ഈ മേഖലയിലാണ്. കോവിഡ് വ്യാപനം ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാക്കിയ വിനോദ സഞ്ചാര മേഖലയിൽ ഈ വർഷം രണ്ടാം പാദത്തിൽ 22 മില്യൺ അധികമായി ബാങ്കുകൾ വായ്പ നൽകിയിട്ടുണ്ട്. ആദ്യപാദത്തിൽ 521 മില്യൺ റിയാൽ വായ്പ ഇനത്തിൽ ഉപയോക്താക്കൾക്ക് നൽകിയത്. രണ്ടാം പാദത്തിൽ ഇത് 543 മില്യൺ റിയാൽ ആയി ഉയർന്നു. 4.2 ശതമാനം അധിക തുകയാണ് ഈയിനത്തിൽ വായ്പ നൽകിയതെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
കൊറോണക്കാലത്ത് വായ്പ ഉയർന്ന മറ്റൊരു മേഖല ആരോഗ്യ രംഗമാണ്. 2020 ൽ ആദ്യ മൂന്ന് മാസത്തിനുള്ളിൽ 554 മില്യൺ റിയാൽ അനുവദിച്ചപ്പോൾ രണ്ടാം പാദത്തിൽ ഇത് 558 മില്യൺ റിയാൽ എന്ന നിലയിലേക്ക് ഉയർന്നു. 0.7 ശതമാനം എന്ന തോതിൽ 40 ലക്ഷം റിയാൽ അധികം വായ്പ നൽകിയെന്ന് സാരം.
എന്നാൽ വീടുകൾ മോടിപിടിപ്പിക്കുന്നതിനും അറ്റകുറ്റപ്പണി നടത്തുന്നതിനുമായി ബാങ്കുകൾ ഈ വർഷം രണ്ടാം പാദത്തിൽ അനുവദിച്ച വായ്പ ആദ്യത്തേതിനേക്കാൾ 1.2 ശതമാനം എന്ന തോതിൽ കുറഞ്ഞിരിക്കുകയാണ്. ജനുവരി മുതൽ മാർച്ച് വരെ മേൽ ആവശ്യത്തിന് 25.584 ബില്യൺ റിയാലും ഏപ്രിൽ - ജൂൺ കാലയളവിൽ 25.271 ബില്യൺ റിയാലും രാജ്യത്തെ ബാങ്കുകൾ വായ്പ നൽകി.
വാഹനങ്ങൾ വാങ്ങാൻ ബാങ്ക് രണ്ടാം പാദത്തിൽ അനുവദിച്ച വായ്പയും 0.2 ശതമാനം എന്ന തോതിൽ കുറഞ്ഞിട്ടുണ്ട്. ആദ്യപാദം 15.642 ബില്യൺ റിയാൽ, രണ്ടാം പാദം 15.604 ബില്യൺ റിയാൽ എന്നിങ്ങിനെയാണ് ബാങ്കുകൾ വായ്പ നൽകിയത്. ഗാർഹികോപകരണങ്ങൾ വാങ്ങുന്നതിനായി ബാങ്കുകൾ അനുവദിച്ച വായ്പയും രണ്ടാം പാദത്തിൽ ഇതേ രീതിയിൽ കുറഞ്ഞു. ആദ്യ മൂന്ന് മാസങ്ങളിൽ 12.631 ബില്യൺ റിയാലും രണ്ടാമത്തേതിൽ 12.602 ബില്യൺ റിയാലുമാണ് രാജ്യമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് ബാങ്കുകൾ ഈ ഇനത്തിൽ നൽകിയ വായ്പ.
സൗദിയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ബാങ്കുകൾ ലഭ്യമാക്കിയ വായ്പയും ആദ്യ പാദത്തേക്കാൾ കുറവാണെന്ന് സാമ വ്യക്തമാക്കി. യഥാക്രമം 20.294 ബില്യൺ, 20.081 ബില്യൺ റിയാൽ എന്നിങ്ങനെയാണ് ആളുകൾ ക്രെഡിറ്റ് കാർഡ് വഴി വായ്പ എടുത്തിരിക്കുന്നത്.