മക്ക- വിശുദ്ധ കഅ്ബയിലെ പതിവ് അറ്റകുറ്റപ്പണി ഓപറേഷൻ ആന്റ് മെയിന്റനൻസ് ഡിപ്പാർട്ട്‌മെന്റ് പൂർത്തിയാക്കിയതായി ഇരുഹറം കാര്യാലയം അറിയിച്ചു. ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയും ലോകോത്തര നിലവാരമുള്ള പദാർഥങ്ങളും ഉപയോഗപ്പെടുത്തി വിദഗ്ധ തൊഴിലാളികളാണ് കഅ്ബാലയത്തിലെ പ്രവൃത്തികൾ നടത്തുന്നതെന്ന് ഓപറേഷൻ ആന്റ് മെയിന്റനൻസ് വിഭാഗം മേധാവി മുഹ്‌സിൻ അൽസുലമി പറഞ്ഞു.
കഅ്ബയുടെ പുറംചുവരുകൾ വൃത്തിയായി സൂക്ഷിക്കുന്നതിന്റെ ഭാഗമായി അതിലെ നേരിയ വിള്ളലുകൾ അതീവ ശ്രദ്ധാപൂർവം നികത്തുന്ന പ്രവൃത്തിയാണ് ഇന്നലെ പൂർത്തിയായത്. കൂടാതെ കിസ്‌വ ഉറപ്പിക്കുന്ന വളയങ്ങളിൽ സ്വർണം പൂശുകയും ചെയ്തതായി അദ്ദേഹം വിശദീകരിച്ചു. കിസ്‌വ താഴ്ത്തിയിടുന്നതിന്റെ മുന്നോടിയായാണ് അറ്റകുറ്റപ്പണി നടത്തിയതെന്നും മുഹ്‌സിൻ അൽസലമി കൂട്ടിച്ചേർത്തു.