Sorry, you need to enable JavaScript to visit this website.

അശാന്തിയുടെ പോർമുഖങ്ങൾ തുറക്കുന്ന ചൈന 

ആറു പതിറ്റാണ്ട് മുൻപ് അതിർത്തി ഇല്ലാതിരുന്ന ചൈനയുമായി ഇന്ന് നിരന്തരം അതിർത്തിത്തർക്കങ്ങളുണ്ടാവുകയെന്നത് ഇന്ത്യൻ  ഭരണ തന്ത്രത്തിന്റെ പേരായ്മകളുടെ പരിണത ഫലമായി കാണുന്നവരുണ്ട്. കൊറോണയുടെ കരിമുഖം ലോകത്ത് നിഴലിച്ചു നിൽക്കുമ്പോൾ സംഘർഷങ്ങളുടെ വ്രണവേവുകൾ ഹിമാലയത്തിന്റെ ഹരിത പഥങ്ങളിൽ തുടരുന്നു. ഇന്ത്യക്കു പുറമെ 17 രാജ്യങ്ങളിലെ ജനങ്ങളിൽ രാക്ഷസ രൂപം പൂണ്ട അധികാരത്തിന്റെ ഡ്രാഗൺ സ്വരൂപം കാട്ടി ചൈന അശാന്തിയുടെ ആകുലതകൾ സൃഷ്ടിക്കുന്നുണ്ട്. അധീശാധികാരത്തിനു വേണ്ടി ഇക്കഴിഞ്ഞ ജൂൺ 15 ന് നിലപാടുതറ മാറ്റിയത് 20 സൈനികരുടെ വീരമൃത്യുവിലാണ് കലാശിച്ചത്. 


1959 വരെ തിബത്തായിരുന്നു നമ്മുടെ അയൽക്കാർ. ലോകത്തിന്റെ ആരവങ്ങൾക്കിടയിൽ മൗനത്തിന്റെ തുരുത്തായി ബുദ്ധമതക്കാരുടെ നാട് നിലകൊണ്ടു. പരിത്യാഗത്തിന്റെ വഴിത്താരകൾ നിറഞ്ഞ തിബത്തിലെ ശബ്ദമില്ലാത്തവരുടെ ശബ്ദമായിരുന്ന ദലൈലാമ അല്ലലില്ലാതെ അവിടെ ഭരിച്ചു. ബുദ്ധമതത്തിന്റെ ദർശന വിതാനങ്ങൾ ക്രിസ്തുവിനു മുൻപേ തിബത്തൻ മണ്ണിൽ വേരോടി. ഹിമാലയത്തിന്റെ അനന്തതയുടെ അഗാധതയിൽ നിന്നുറപൊട്ടിയ ആത്മീയതയായിരുന്നു ടിബത്തൻ ജീവിതത്തിന്റെ ജൈവധാര. പട്ടാള സിംഫണി ഉയരാത്ത ഈ നാടു കാത്തു പോന്നിരുന്നത് 12  ാം നൂറ്റാണ്ടു മുതൽ മംഗോളിയയിലെ 'യുവാൻ' രാജവംശമാണ്. യൂറോപ്പിലെ വോൾഗാ നദിക്കര തൊട്ട് റഷ്യയിലെ വാൾഡിവാസ്റ്റോക്ക് വരെ വെട്ടിപ്പിടിച്ച ചെങ്കിസ് ഖാനാണ് 'യുവാൻ ' രാജപരമ്പരയിലെ പ്രബലൻ.

 

തിബത്തിനും മംഗോളിയക്കുമിടയിലെ 'ഷിൻജിയാങ്' പ്രവിശ്യ നവ നാഗരികതയിൽ ഏറെ മുന്നോട്ടു പോയ 'ഉയ്ഗൂർ' മുസ്‌ലിം സമൂഹത്തിന്റേതായിരുന്നു. ചെങ്കിസ് ഖാന്റെ അശ്വമേധം ഗോത്ര മഹിമകളെ തച്ചുടക്കാതെ എതിർത്തവന്റെ തലയറുത്ത് മുന്നേറി വിജയിച്ച് പിന്മാറി. ആകയാൽ തിബത്തിലെ ദീനജന്മങ്ങളായ ബുദ്ധമതക്കാർക്ക് തങ്ങളുടെ മതവും രാജ്യത്തിന്റെ അതിർത്തിയും മാറ്റേണ്ടി വന്നില്ല. ഉയ്ഗൂർ മുസ്‌ലിംകൾക്ക് സ്വന്തമായുണ്ടായിരുന്ന കൈയെഴുത്തു ലിപി ചെങ്കിസ് ഖാൻ മംഗോളിയയുടെ ഔദ്യോഗിക ലിപിയാക്കി. അവരുടെ നാടോടി സംഗീതത്തിന്റെ ശോകതാളങ്ങൾ തീർത്ത ഐഹികാനന്ദം ഇന്നത്തെ അറേബ്യ വരെയെത്തി. ഇന്ന്, ആരാധനാ സ്വാതന്ത്ര്യമില്ലാതെ, റമദാന് നോമ്പു നോൽക്കാൻ അനുവാദമില്ലാതെ ചൈനയുടെ വേട്ടമൃഗങ്ങളായിഉയ്ഗൂർ മുസ്‌ലിംകൾ മാറിയത് ചരിത്രത്തിലെ മറ്റൊരു ദുഃഖകാണ്ഡം.


പതിനാലാം നൂറ്റാണ്ടിൽ യുവാൻ രാജപരമ്പര അസ്തമിച്ചെങ്കിലും പതിനേഴാം നൂറ്റാണ്ടു വരെ തിബത്തിന്റെ ഈ അവസ്ഥ തുടർന്നു. 1720 ൽ അതുവരെ ചൈന ഭരിച്ചിരുന്ന 'മിങ് ' രാജാക്കന്മാരെ അധികാരത്തിൽ നിന്നു തുരത്തി 'മഞ്ചൂറിയൻ' ചക്രവർത്തിമാർ ചൈനയുടെ അരചന്മാരായി. ഇവർ സ്ഥാപിച്ച 'ക്വിങ് ' രാജവംശത്തിലെ 'പ്യൂയി' എന്ന 6 വയസ്സുകാരനായിരുന്നു അവസാനത്തെ കുട്ടിരാജാവ്. നിരവധി ഓസ്‌കർ അവാർഡുകൾ നേടിയ 'ലാസ്റ്റ് എംപറർ ' ഈ ബാലരാജാവിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ്. 1912 ൽ ചിതറിക്കിടന്ന ജനരോഷത്തെ സമന്വയിപ്പിച്ച് 'സൺയാറ്റ്‌സെൻ' രാജഭരണത്തെ വിപ്ലവത്തിലൂടെ അട്ടിമറിച്ച് ചൈനയുടെ ഭാവി ഭാഗധേയം മാറ്റിമറിച്ചു.

 


1949 ൽ സോവ്യറ്റ് യൂനിയന്റെ സഹായത്തോടെ മാവോ ത്‌സേ തൂങ്ങിന്റെ നേതൃത്വത്തിൽ ചൈനയിൽ കമ്യൂണിസ്റ്റ് വിപ്ലവം അരങ്ങേറി. അധികാരത്തിന്റെ കേന്ദ്ര ബിന്ദു കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയും അവരുടെ പോളിറ്റ് ബ്യൂറോയുമായി മാറി. അതോടെ തിബത്തിന്റെ രചിത ഭൂതകാലം മാറുന്നതിന്റെ വെള്ളിടി ഹിമാലയത്തിലെ മേഘമാലകളിലും മുഴങ്ങി.

 


പരിചിത ഭാഷയിൽ പറഞ്ഞാൽ പിന്നെ നടന്നത് ഒരു 'വെട്ടിനിരത്ത'ലായിരുന്നു. 1950 ൽ ചൈനീസ് പട്ടാളം കിഴക്കൻ തിബത്തിനെ വെട്ടിപ്പിടിച്ച് ചൈനയോടു ചേർത്തു. പതിനാലാം ദലൈലാമ ഇന്ത്യയോട് ഇടപെടാൻ ആവശ്യപ്പെട്ടു. ഇന്ത്യയപ്പോൾ അകാലത്തിൽ മരിച്ചുപോയ ചേരിചേരാനയത്തിന്റെ അപ്പോസ്തലന്മാരായി അരങ്ങു തകർക്കുകയായിരുന്നു. ഇംഗ്ലണ്ടും ഐക്യരാഷ്ട്ര സഭയും വിമുഖത കാട്ടി മുഖം തിരിച്ചു. റഷ്യയും അമേരിക്കയും 2 ശാക്തിക ചേരികളായി നിന്ന കാലം. ഏഷ്യയിൽ ഇന്ത്യയെ കൂട്ടുപിടിക്കാൻ അമേരിക്ക കിണഞ്ഞു ശ്രമിച്ചിരുന്നു. അന്നത്തെ നെഹ്‌റുവിന്റെ ഉപദേഷ്ടാക്കളിൽ പ്രധാനി ഒരു മലയാളി ആയിരുന്നു. സമദൂര സിദ്ധാന്തം ഇന്ത്യയിൽ ഒരുപക്ഷേ ആദ്യം പ്രയോഗിക്കാനുപദേശിച്ചത് വി.കെ. കൃഷ്ണമേനോനാകും. 1956 ൽ ചൈനയുടെ മേൽക്കോയ്മക്കെതിരെ തിബത്തിൽ ഗറില്ലാ യുദ്ധം തുടങ്ങി. അപ്പോഴും ഇന്ത്യ അയൽപക്കത്തെ നിന്ദിതരുടെ കദനഭാരം ലോക വേദികളിലെത്തിക്കാതെ മൗനിയായി. 1959 ൽ തിബത്ത് പരിപൂർണ ആഭ്യന്തര വിപ്ലവത്തിലേക്ക് വഴുതി വീണു. മന്ദ്രമായ മന്ത്രോച്ചാരണങ്ങൾക്കു പകരം വെടിയൊച്ചകളുടെ ആരവം ഹിമാലയ സാനുക്കളിൽ മുഴങ്ങി. 


ദലൈലാമയും മന്ത്രിമാരും രാത്രിയുടെ മറവിൽ ഹിമാലയം മുറിച്ചു കടന്ന് ഇന്ത്യയിലേക്കു മുങ്ങി. തിബത്ത് ചൈനയുടെ പ്രവിശ്യയായി. ദിവസങ്ങളോ മാസങ്ങളോ കൊണ്ടല്ല ചൈന ഇന്ത്യയുടെ അയൽക്കാരനായത്. ഒരു ദശാബ്ദക്കാലം തിബത്തിനെ നിരാധാരമാക്കുന്നത് നിശ്ചലമായി നോക്കി നിന്ന നയങ്ങളുടെ വീക്ഷണ ശൂന്യതയാണ് ഈ അയൽക്കാരന്റെ ചരിത്ര ഖണ്ഡം ഇന്ത്യക്കു സമ്മാനിച്ചത്.


1960 ൽ അന്നത്തെ ചൈനീസ് പ്രധാനമന്ത്രി ചൗ എൻ ലായ് ദൽഹി സന്ദർശിച്ച് കശ്മീരിലെ ലഡാക്കിന്റെ കിഴക്കു ഭാഗത്തുള്ള അക്‌സായ് ചിൻ, അരുണാചൽ പ്രദേശ്, ഇന്ത്യയും, ഭൂട്ടാനും, ചൈനയും തുല്യമായി പങ്കിടുന്ന ഡോക്ലാം താഴ്‌വര എന്നിവയുടെ മേൽ ജന്മാവകാശം ചോദിച്ചു. ഇന്ത്യ വഴങ്ങാത്തതിന്റെ പേരിൽ 1962 ൽ അവർ അക്‌സായ്ചിൻ ആക്രമിച്ചു. ആ യുദ്ധത്തിൽ അതിദയനീയമായി ഇന്ത്യ പരാജയപ്പെട്ടു. 38,000 ച.കി വിസ്തീർണമുള്ള അതായത് കേരളത്തിന്റെ ആകെ വിസ്തീർണമുള്ള സ്ഥലം ഇന്ത്യക്കകത്തു കയറി ചൈന പട വെട്ടി സ്വന്തമാക്കി. യുദ്ധത്തിനു മുൻപ് ലോകത്തിന്റെ ഗതി നിയന്താവായി മാറിയിരുന്ന അമേരിക്കയുടെ സഹായഹസ്തം ഇന്ത്യ നിരസിച്ചു. തോൽവിയുടെ കുറ്റവും ശിക്ഷയും പ്രതിരോധ മന്ത്രിയായിരുന്ന കൃഷ്ണമേനോനിൽ കെട്ടിവെച്ച് രാജിവെപ്പിച്ചു.


2019 ൽ 660 തവണ ചൈനയുടെ സൈന്യം ഇന്ത്യൻ അതിർത്തി കൈയേറി. കൈയേറ്റ പ്രകിയ 2020 ലും സക്രിയമായതിന്റെ ഫലമാണ് ജൂൺ 15 ലെ സംഘർഷം. 1962 നെ അപേക്ഷിച്ച് ഇന്ന് ചൈനയുടെ കരുത്ത് ശതഗുണീഭവിച്ച് ലോകം മുഴുവൻ കവിഞ്ഞൊഴുകുന്നു. അധികാരത്തിന്റെ ഔദ്ധത്യ താപം കൊണ്ട് ഇന്ത്യക്കെതിരെ മറ്റൊരു ഘോരയുദ്ധത്തിന്റെ കനൽതാരകൾ ചൈന സൃഷ്ടിച്ചാൽ അദ്ഭുതപ്പെടാനില്ല. കൈയേറ്റത്തിന്റെ കരാള സായൂജ്യം അനുഭവിച്ച ചൈന സമാധാനത്തിന്റെ സേതു പണിയുമെന്ന് ചിന്തിക്കാൻ വയ്യ. 


 

Latest News