കോഴിക്കോട്- രക്ഷപ്പെട്ടത് അവിശ്വസനീയമായി തോന്നുന്നുവെന്ന് കരിപ്പൂരിലെ വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ട കോഴിക്കോട് എലത്തൂർ സ്വദേശി ജുനൈദ്. ദുബായിൽ അക്കൗണ്ടന്റായ ജുനൈദ് രണ്ട് വർഷത്തിന് ശേഷമാണ് നാട്ടിലേക്ക് തിരിച്ചത്. ആദ്യം ഒരു തവണ വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുകയും അപകടം ഭയന്ന് ഉയർത്തുകയുമായിരുന്നുവെന്ന് തോന്നുന്നു. റൺവേയുടെ തൊട്ടടുത്തു വരെ വിമാനം എത്തിയ ശേഷമായിരിക്കണം ലാൻഡിംഗ് നടത്താതെ വീണ്ടും വിമാനം ഉയർത്തിയത്. റൺവേയിൽ തട്ടിയ ശേഷവും വേഗം നിയന്ത്രിക്കാനാവാത്തതിനാൽ വീണ്ടും ഉയർത്താൻ ശ്രമിച്ചതായും തോന്നി.
ലാന്റിംഗ് സമയത്ത് വിമാനം ശക്തമായി ഇളകിക്കൊണ്ടിരുന്നു. സീറ്റ് ഏറ്റവും പിറകിലായിരുന്ന എന്റെ തല പിറകുവശത്ത് ഇടിച്ചു. റൺവേയുടെ പകുതിയും കഴിഞ്ഞാവണം ഭൂമിയിൽ തൊട്ടത്. പ്രത്യേകമായി ഒരു നിർദേശവും യാത്രക്കാർക്ക് ലഭിച്ചിട്ടുണ്ടായിരുന്നില്ല. കാലാവസ്ഥാ സംബന്ധമായ വിവരങ്ങളും ലഭിച്ചിട്ടുണ്ടായിരുന്നില്ല. ലാന്റ് ചെയ്ത് 10-15 സെക്കന്റിനുള്ളിൽ എല്ലാം സംഭവിച്ചുകഴിഞ്ഞിരുന്നു. മുൻഭാഗത്തെ യാത്രക്കാരെയൊന്നും കാണാൻ കഴിഞ്ഞിരുന്നില്ല. ഒരുപാടു പേരുടെ കരച്ചിലാണ് കേട്ടത്. ആളുകൾ സീറ്റിനടിയിലും മറ്റും കുടുങ്ങിക്കിടന്നു. മൂന്ന് കഷ്ണമായാണ് വിമാനം തകർന്നത്. പിറകുവശത്തെ മൂന്നു സീറ്റുകളുള്ള ഭാഗം ഒന്നിന് മുകളിൽ ഒന്നായി അടിഞ്ഞു കിടക്കുകയായിരുന്നു. രക്ഷപ്പെട്ട യാത്രക്കാരും ആവുന്ന രീതിയിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാൻ ശ്രമിച്ചിരുന്നു.
അവസാനത്തെ ഡോറിന് മുകളിലുടെ സ്ലൈഡ് ചെയ്താണ് രക്ഷപ്പെട്ട പലരും പുറത്തെത്തിയത്. കുട്ടികളിൽ ചിലർ തെറിച്ചതുകൊണ്ട് രക്ഷയായി. വിമാനത്തിന് പുറത്തേക്ക് കടക്കുമ്പോൾ എന്റെ കൈയിൽ വന്ന കുട്ടിയെ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിൽ ഏൽപിക്കുകയായിരുന്നു. വിമാനം കത്തിപ്പിടിച്ചില്ല എന്നത് വലിയ ആശ്വാസമായി. അല്ലെങ്കിൽ ഒരാളും രക്ഷപ്പെടില്ലായിരുന്നു. ഓടിവന്ന നാട്ടുകാർ മികച്ച രീതിയിലുള്ള രക്ഷാപ്രവർത്തനമാണ് നടത്തിയത് -ജുനൈദ് പറഞ്ഞു.