കോഴിക്കോട് - മക്കളോടൊപ്പം നാട്ടിലേക്ക് പറഞ്ഞുവിട്ട ഭാര്യയുടെയും ചെറിയ മകന്റെയും മയ്യിത്ത് കാണാൻ പിന്നാലെ വിമാനം കയറേണ്ടി വന്ന സങ്കടത്തിൽ ഭർത്താവ് മുഹമ്മദ് ഇജാസ്.
മുക്കം സ്വദേശിയായ സാഹിറാബാനു മൂന്നു മക്കളെയും കൊണ്ട് നാട്ടിലേക്ക് വിമാനം കയറിയത് വിസ റദ്ദാക്കിയാണ്. മക്കളുടെ പഠനവും സർക്കാർ ജോലിയുമായിരുന്നു ലക്ഷ്യം. രണ്ടു മക്കൾ പരിക്കുകളോടെ ചികിത്സയിലാണ്. സാഹിറയും ഒരു വയസ്സുകാരൻ അസം മുഹമ്മദും അപകടത്തിൽ രക്ഷപ്പെട്ടില്ല.
കോഴിക്കോട് വെള്ളിമാടുകുന്ന് എഴുത്തച്ഛൻകണ്ടി പറമ്പ് നിഷി മൻസിലിൽ മുഹമ്മദ് ഇജാസ് ചെമ്പായി ദുബായിലെ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റാണ്. ഏഴു വർഷമായി കുടുംബം ഇജാസിന്റെ കൂടെയുണ്ട്. കോവിഡ് കാരണം കുട്ടികളുടെ പഠനം മുടങ്ങുമെന്ന ഭയം കൂടിയാണ് വിസ റദ്ദാക്കി കുടുംബത്തെ നാട്ടിലയക്കാൻ ഇജാസിനെ പ്രേരിപ്പിച്ചത്.