Sorry, you need to enable JavaScript to visit this website.

പാലക്കാടിന്റെ ദുഃഖമായി ദുഅയും റിയാസും 

പാലക്കാട് - കരിപ്പൂർ വിമാനാപകടത്തിൽ പാലക്കാട് ജില്ലയിൽ രണ്ടു വയസ്സുകാരി ഉൾപ്പെടെ രണ്ടു പേർ മരിച്ചു. മണ്ണാർക്കാട് കോടതിപ്പടി ചോമേരി ഗാർഡനിൽ താമസിക്കുന്ന പുത്തൻകളത്തിൽ മുർത്തസ ഫസൽ - സുമയ്യ തസ്‌നീം ദമ്പതികളുടെ ഏകമകൾ ആയിഷ ദുഅ (2), ചളവറ മുണ്ടക്കോട്ടുകുറുശ്ശി മോളൂർ വട്ടപ്പറമ്പിൽ വീട്ടിൽ എൻ.പി.നസ്‌റുദ്ദീന്റെ മകൻ മുഹമ്മദ് റിയാസ്(24) എന്നിവർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. സുമയ്യ തസ്‌നീമും മുഹമ്മദ് റിയാസിന്റെ സഹോദരൻ നിസാമുദ്ദീനും പരിക്കേറ്റ് ചികിൽസയിലാണ്. 


യു.എ.ഇയിൽ ടെലികോം കമ്പനിയിലെ ജീവനക്കാരനായ മുർത്തസ ഫസലിനെ സന്ദർശിച്ചതിനു ശേഷം നാട്ടിലേക്കു മടങ്ങുമ്പോഴാണ് സുമയ്യ തസ്‌നീമും ആയിഷ ദുഅയും അപകടത്തിൽ പെട്ടത്. മാർച്ചിൽ മൂന്നു മാസത്തെ സന്ദർശക വിസയിൽ യു.എ.ഇയിലേക്ക് പോയതായിരുന്നു ഇരുവരും. കോവിഡിന്റെ പശ്ചാത്തലത്തിൽ വിസ നീട്ടി. ഒടുവിൽ വന്ദേ ഭാരത് മിഷന്റെ ഭാഗമായി അവസരം ലഭിച്ചപ്പോൾ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. പുലർച്ചെ രണ്ടിനാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. സുമയ്യ തസ്‌നീം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. മകളുടെ മരണ വിവരമറിഞ്ഞ് മുർത്തസ ഫസൽ നാട്ടിലെത്തിയിട്ടുണ്ട്.


വിവാഹവുമായി ബന്ധപ്പെട്ട് സഹോദരൻ നിസാമുദ്ദീനൊപ്പം നാട്ടിലേക്ക് തിരിച്ചതായിരുന്നു മുഹമ്മദ് റിയാസ്. ദുബായിൽ ഒരു ഫാർമസിയിൽ ജോലി ചെയ്തിരുന്ന യുവാവ് നേരത്തേ എത്തേണ്ടതായിരുന്നു. ലോക്ഡൗണിനെത്തുടർന്ന് വിമാന സർവീസുകൾ നിലച്ചതോടെ യാത്ര നീണ്ടുപോയി. ഒടുവിൽ വന്ദേ ഭാരത് മിഷനിൽ അവസരം ലഭിച്ചു. നാട്ടിലെത്തി ക്വാറന്റൈൻ പൂർത്തിയാക്കിയതിനു ശേഷം വിവാഹ നിശ്ചയം നടത്താനായിരുന്നു തീരുമാനം. പഠിക്കുന്ന കാലത്ത് കെ.എസ്.യുവിന്റെ സജീവ പ്രവർത്തകനായിരുന്ന മുഹമ്മദ് റിയാസ് സംഘടനയുടെ ചളവറ മണ്ഡലം വൈസ് പ്രസിഡന്റ്, ഷൊർണൂർ നിയോജക മണ്ഡലം കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ചെർപ്പുളശ്ശേരി ഐഡിയൽ കോളേജ് യൂനിയൻ ചെയർമാൻ ആയിരുന്നു. രണ്ട് വർഷം മുമ്പാണ് ദുബായിലേക്ക് പോയത്. പോസ്റ്റുമാർട്ടത്തിനു ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെ മോളൂരിലെത്തിച്ച മൃതദേഹത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ വി.കെ.ശ്രീകണ്ഠൻ എം.പി, എം.എൽ.എമാരായ ഷാഫി പറമ്പിൽ, പി.കെ.ശശി എന്നിവരടക്കം നിരവധി പേർ എത്തിയിരുന്നു.

പൊതുദർശനത്തിനു ശേഷം മോളൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടന്നു. നിസാമുദ്ദീനു പുറമെ യുവാവിനൊപ്പമുണ്ടായിരുന്ന സുഹൃത്തും അയൽക്കാരനുമായ മുസ്തഫയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. മുഹമ്മദ് റിയാസിന്റെ ഉമ്മ സുമയ്യ. മറ്റു സഹോദരങ്ങൾ- നിയാസ്, നൈന ഫെബിൻ.

 

Latest News