കൊച്ചി- വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്നു നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും എട്ട് വിമാനങ്ങള്‍ മാറ്റി. വെള്ളക്കെട്ടിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും ആഗസ്റ്റ് മാസത്തില്‍ വിമാനത്താവളം അടച്ചിടേണ്ടി വന്നിരുന്നു. പെരിയാറിന്റെ കൈവഴികളിലായി നിരവധി തോടുകള്‍ ഉണ്ട്. ഇവ കരകവിഞ്ഞ് റണ്‍വേയില്‍ ഉള്‍പ്പെടെ വെള്ളം കയറുന്ന സാചര്യമാണ് ഉണ്ടായിരുന്നത്.
ഇത്തവണ വെള്ളപ്പൊക്കം പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നെടുമ്പാശേരി വിമാനത്താവള മേഖലയിലെ തോടുകളും കാനകളും സിയാല്‍ നവീകരിച്ചിരുന്നു. ചെങ്ങല്‍തോട് ഉള്‍പ്പെടെ വിമാനത്താവള മേഖലയിലെ തോടുകളും വിമാനത്താവളത്തിന് തെക്കോട്ട് പതിനഞ്ച് കിലോമീറ്റര്‍ വരെയുള്ള ചാലുകളും സിയാല്‍ ശുചിയാക്കിയിരുന്നു. കുഴിപ്പള്ളം മുതല്‍ പറമ്പയംപാനായിക്കടവ് വരെയുള്ള 13 കിലോമീറ്റര്‍ ദൂരം മുന്‍വര്‍ഷത്തില്‍ 24.68 ലക്ഷം രൂപ ചെലവിട്ടാണ് വൃത്തിയാക്കിയത്.ഈ വര്‍ഷത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 29 ലക്ഷം രൂപ ചെലവിട്ടിട്ടുമുണ്ട്. രണ്ടാംഘട്ട ശുചീകരണം കഴിഞ്ഞദിവസമായിരുന്നു പൂര്‍ത്തിയായത്.
2019ലേതുപോലെ തീവ്രമായ മഴയുണ്ടായാലും വെള്ളം വളരെ വേഗത്തില്‍ പെരിയാറിന്റെ താഴ്ന്ന പ്രദേശങ്ങളിലേയ്ക്ക് ഒലിച്ചുപോകുന്ന തരത്തിലാണ് നിവാരണ പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നത്. എന്നിട്ടുപോലും വിമാനത്താവളം വെള്ളപ്പൊക്ക ഭീഷണിയിലാണ്.
വിമാനങ്ങള്‍ക്ക് അടുത്ത ദിവസങ്ങളില്‍ ലാന്റിങ് അനുമതി നല്‍കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.