കോഴിക്കോട്- കോവിഡ് ഭീതിയും കോരിച്ചൊരിയുന്ന മഴയും കണക്കിലെടുക്കാതെ കരിപ്പൂരില്‍ നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് പരക്കെ പ്രശംസ. അധികൃതരോടൊപ്പം കൈമെയ് മറന്ന് നാട്ടുകാര്‍ രംഗത്തിറങ്ങിയതോടെയാണ് വെറും ഒന്നരമണിക്കൂര്‍ കൊണ്ട് പിളര്‍ന്ന വിമാനത്തില്‍നിന്ന് യാത്രക്കാരെ പുറത്തെത്തിച്ച് ആശുപത്രിയിലാക്കിയത്.
ദുരന്തമുഖത്ത് നാട് മുഴുവന്‍ കാണിച്ച ഒരുമയേയും രക്ഷാപ്രവര്‍ത്തനത്തെയുമാണ് ദേശീയ മാധ്യമങ്ങളടക്കം പ്രകീര്‍ത്തിച്ചത്. അപകടം നടന്ന് നിമിഷങ്ങള്‍ക്കകം ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് തുടക്കത്തില്‍ നേതൃത്വം നല്‍കിയത്. വിമാനത്തിന്റെ മുന്‍ ഭാഗം ഇടിച്ച് തകര്‍ത്ത മതിനിലിടയിലൂടെ ഓടിക്കയറിയാണ് നാട്ടുകാര്‍ കുടുങ്ങിക്കിടന്നവരെ പുറത്തെത്തിച്ചത്.
ഒറ്റക്കെട്ടായ രക്ഷാപ്രവര്‍ത്തനത്തിലൂടെ ഒന്നരമണിക്കൂറിനകം അവസാനത്തെ ആളെ അടക്കം പുറത്തെത്തിക്കാനായി. നാട്ടുകാര്‍ എല്ലാവരും ഒരുമിച്ച് നടത്തിയ രക്ഷാ പ്രവര്‍ത്തനമാണ് ദുരന്തത്തിന്റെ ആഘാതം കുറച്ചത്. വിമാനത്തില്‍ തീ പടരാനിടയുണ്ടെന്ന മുന്നറിയിപ്പുകള്‍ പോലും അവഗണിച്ചാണ് ആളുകള്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയത്. വളരെ വേഗത്തില്‍ രക്തം എത്തിക്കാന്‍ സമൂഹ മാധ്യമങ്ങളുടെ ഇടപെടലും സഹായകമായി. മാതൃകാപരമായ രക്ഷാപ്രവര്‍ത്തനമെന്നാണ് ദേശീയ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.