ദുബായ്- ബെയ്‌റൂത്ത് സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍ക്കായി യു.എ.ഇയില്‍നിന്ന് വീണ്ടും സഹായം. യു.എ.ഇയുടെ അടിയന്തര മെഡിക്കല്‍ സഹായത്തിന് പിന്നാലെ, യു.എ.ഇ ജനറല്‍ വുമണ്‍സ് യൂണിയന്‍ ചെയര്‍വുമണ്‍ ശൈഖ ഫാത്തിമ ബിന്‍ത് മുബാറക് ആണ് സഹായവുമായി രംഗത്തെത്തിയത്.
ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി ശൈഖ ഫാത്തിമ ഒരു കോടി ദിര്‍ഹമാണ് (ഏകദേശം 20.40 കോടി രൂപ) സംഭാവന നല്‍കുക. എമിറേറ്റ്സ് റെഡ്ക്രസന്റ് ഓണററി പ്രസിഡന്റ് കൂടിയാണ് ശൈഖ ഫാത്തിമ.
'ലോകത്തുടനീളം ദുരന്തത്തിലും പ്രതിസന്ധിയിലും അകപ്പെട്ട ഇരകളെ സഹായിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ശൈഖ ഫാത്തിമ ഫണ്ട് കൈമാറുന്നത്. വെല്ലുവിളി നേരിടുന്ന ഈ സാഹചര്യത്തില്‍ ലെബനോന്‍ ജനതയോട് അവര്‍ ഐക്യദാര്‍ഢ്യപ്പെടുന്നു' - ഫണ്ട് അനുവദിച്ച പ്രസ്താവനയില്‍ റെഡ്ക്രസന്റ് വ്യക്തമാക്കി.
ലെബനോനെ നടുക്കിയ സ്ഫോടനത്തില്‍ 157 പേരാണ് കൊല്ലപ്പെട്ടത്. 5,000 ലേറെ പേര്‍ക്ക് പരിക്കേറ്റു. 20 ദശലക്ഷം ഡോളറിന്റെ നഷ്ടമാണ് കണക്കാക്കുന്നത്. രാജ്യത്ത് രണ്ടാഴ്ച സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. തുറമുഖത്തെ കെട്ടിടങ്ങളില്‍ ഒന്നില്‍ സൂക്ഷിച്ചിരുന്ന 2750 ടണ്‍ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
നേരത്തെ, മേഖലയിലേക്ക് യു.എ.ഇ അടിയന്തര മെഡിക്കല്‍ സഹായമെത്തിച്ചിരുന്നു. 43 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളാണ് യു.എ.ഇ ആകാശമാര്‍ഗം ലെബനോനിലെത്തിച്ചത്. പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശപ്രകാരമാണ് സഹായം. ആവശ്യമെങ്കില്‍ കൂടുതല്‍ സഹായമെത്തിക്കുമെന്ന് അന്താരാഷ്ട്ര സഹകരണ മന്ത്രി റീം ബിന്‍ത് ഇബ്രാഹിം അല്‍ ഹാഷ്മി വ്യക്തമാക്കിയിരുന്നു.