ജിദ്ദ - സുലൈമാനിയയിലെ ഹറമൈൻ റെയിൽവെ സ്റ്റേഷനിൽ പടർന്നുപിടിച്ച തീ സിവിൽ ഡിഫൻസ് പൂർണമായും അണച്ചതായി ഹറമൈൻ ഹൈസ്പീഡ് റെയിൽവെ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു. സുലൈമാനിയ സ്റ്റേഷനിൽ താൽക്കാലിക ഓഫീസുകളായി സജ്ജീകരിച്ച പോർട്ടോ കാബിനുകളിലാണ് തീ പടർന്നുപിടിച്ചത്. ആർക്കും പരിക്കോ ആളപായമോ ഉണ്ടായിട്ടില്ല. ജീവനക്കാരില്ലാത്ത സമയത്താണ് താൽക്കാലിക ഓഫീസുകളിൽ തീ പടർന്നുപിടിച്ചതെന്നും ഹറമൈൻ ഹൈസ്പീഡ് റെയിൽവെ അഡ്മിനിസ്‌ട്രേഷൻ പറഞ്ഞു.
സുലൈമാനിയ റെയിൽവെ സ്റ്റേഷനിൽനിന്ന് ദൂരെയുള്ള താൽക്കാലിക ഓഫീസുകളിൽ വ്യാഴാഴ്ച വൈകീട്ടാണ് തീ പടർന്നുപിടിച്ചത്. അഗ്നിബാധയെ കുറിച്ച് വ്യാഴാഴ്ച വൈകീട്ട് 7.27 ന് ആണ് സിവിൽ ഡിഫൻസിൽ വിവരം ലഭിച്ചതെന്ന് മക്ക പ്രവിശ്യ സിവിൽ ഡിഫൻസ് വക്താവ് കേണൽ മുഹമ്മദ് അൽഖർനി പറഞ്ഞു. ഹറമൈൻ റെയിൽവെ പദ്ധതി കരാറുകാരിൽ ഒരാൾക്കു കീഴിലുള്ള ഓഫീസുകളാണ് കത്തിനശിച്ചത്.
കഴിഞ്ഞ വർഷം സെപ്റ്റംബർ 29 ന് ജിദ്ദ സുലൈമാനിയ റെയിൽവെ സ്റ്റേഷൻ കത്തിയമർന്നിരുന്നു. ഇതേതുടർന്ന് ഹറമൈൻ റെയിൽവെയിൽ മൂന്നു മാസക്കാലം സർവീസുകൾ നിർത്തിവെച്ചിരുന്നു. സുലൈമാനിയ റെയിൽവെ സ്റ്റേഷനു സമീപം ഒന്നര കിലോമീറ്റർ നീളത്തിൽ നിർമിച്ച ബദൽ പാതയിലൂടെയാണ് പിന്നീട് ട്രെയിൻ സർവീസ് പുനരാരംഭിച്ചത്. കൊറോണ വ്യാപനം പ്രത്യക്ഷപ്പെട്ടതോടെ മാർച്ചിൽ ഹറമൈൻ റെയിൽവെയിൽ നിർത്തിവെച്ച സർവീസുകൾ ഇനിയും പുനരാരംഭിച്ചിട്ടില്ല. റിയാദ്-ദമാം റൂട്ടിലും റിയാദ്-അൽഖസീം റൂട്ടിലും ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. വിശുദ്ധ ഹറമിൽ ഉംറ വിലക്ക് തുടരുന്നതാണ് ഹറമൈൻ റെയിൽവെയിൽ ട്രെയിൻ സർവീസ് പുനരാരംഭിക്കാതിരിക്കാൻ കാരണം.