ദുബായ് - യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂമിന്റെ സൈക്കിള്‍ സവാരി കൗതുകമായി. ദുബായിലെ വിവിധ പ്രദേശങ്ങളിലൂടെ ശൈഖ് മുഹമ്മദ് സൈക്കിളില്‍ സഞ്ചരിക്കുന്നതിന്റെ ഫോട്ടോകളും വീഡിയോകളും സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ വ്യാപകമായി പങ്കുവെച്ചു. സ്‌പോര്‍ട്‌സ് വേഷത്തില്‍ ഹെല്‍മെറ്റ് ധരിച്ച് ഏതാനും അനുയായികള്‍ക്കൊപ്പമായിരുന്നു ശൈഖ് മുഹമ്മദിന്റെ സൈക്കിള്‍ സവാരി.
കൊറോണ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലെന്നോണം എല്ലാവരും മാസ്‌കുകളും ധരിച്ചിരുന്നു. യാത്രാമധ്യേ ശൈഖ് മുഹമ്മദും സംഘവും ഫുട്പാത്തില്‍ സംഘടിതമായി നമസ്‌കാരം നിര്‍വഹിക്കുകയും ചെയ്തു.
സുരക്ഷാ സൈനികരുടെ അകമ്പടിയില്ലാതെ തീര്‍ത്തും സാധാരണക്കാരെ പോലെയായിരുന്നു ശൈഖ് മുഹമ്മദിന്റെ സൈക്കിള്‍ സവാരി. മാര്‍ഗമധ്യേ ശൈഖ് മുഹമ്മദിനെ തിരിച്ചറിഞ്ഞ് നിരവധി പേര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സൈക്കിള്‍ സവാരിയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു.