വലിയ ശബ്ദത്തോടെ വിമാനം പതിച്ചു, എല്ലാവരും  തെറിച്ചുവീണു-വിമാനത്തിലെ യാത്രക്കാരി 

ഫറോക്ക്- കരിപ്പൂരിലെ വിമാനാപകടത്തിന്റെ നടുക്കം മാറാതെ യാത്രക്കാര്‍. വലിയ ശബ്ദത്തോടെ വിമാനം താഴേക്ക് പതിക്കുകയായിരുന്നുവെന്ന് വിമാനത്തിലെ യാത്രക്കാരി ജയ പറയുന്നു. അതേസമയം കരിപ്പൂരിലെ രക്ഷാപ്രവര്‍ത്തം അവസാനിച്ചു. എല്ലാ യാത്രക്കാരെയും ആശുപത്രികളിലേക്ക് മാറ്റി. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ 18 പേരും മിംസ് ആശുപത്രിയില്‍ 36 പേരുമാണ് ചികിത്സയിലുള്ളത്.  മരണ സംഖ്യ പതിനാറായി. സ്വകാര്യ ആശുപത്രികളില്‍ പത്ത് പേരാണ് മരിച്ചത്. പൈലറ്റും സഹപൈലറ്റും മരിച്ചവരിലുണ്ട്.  വിമാനം ലാന്‍ഡ് ചെയ്യാന്‍ പോവുകയാണെന്ന അറിയിപ്പ് കിട്ടിയിരുന്നതായി യാത്രക്കാരി ജയ പറയുന്നു. വിമാനം റണ്‍വേയിലെത്തി കുറച്ച് കഴിഞ്ഞപ്പോള്‍, വലിയ ശബ്ദം കേട്ടു. പെട്ടെന്ന് ഞങ്ങളെല്ലാവരും വിമാനത്തിനുള്ളില്‍ തെറിച്ചുപോയി. ബെല്‍റ്റില്‍ കുടുങ്ങി കിടക്കുകയായിരുന്നു താനെന്നും ജയ പറഞ്ഞു. ഇവര്‍ ഏറ്റവും പിറകിലുള്ള സീറ്റിലാണ് ഇരുന്നത്. വിമാനം ലാന്‍ഡ് ചെയ്ത  വലിയ വേഗതയില്‍ ഉള്ളപ്പോള്‍ തന്നെയായിരുന്നു അപകടം. സാധനങ്ങളെല്ലാം തെറിച്ച് പോയി. പിന്നിലിരുന്നവര്‍ക്ക് മാത്രമാണ് പരിക്കില്ലാതിരുന്നത്. ബാക്കിയെല്ലാവര്‍ക്കും ഗുരുതര പരിക്കുണ്ടെന്നും ജയ പറഞ്ഞു. അതേസമയം നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തിരിക്കുകയായിരുന്നു. സജീവ സാന്നിധ്യമായി നാട്ടുകാര്‍ രംഗത്തെത്തിയത് കൊണ്ടാണ് എല്ലാവരെയും വേഗത്തില്‍ ആശുപത്രികളില്‍ എത്തിക്കാനായത്. വിമാനത്താവളത്തിനുള്ളില്‍ കയറി നാട്ടുകാര്‍ ആദ്യ ഘട്ടം മുതല്‍ സജീവ ഇടപെടലുകളാണ് നടത്തിയത്. ആംബുലന്‍സിന് കാത്തുനില്‍ക്കാതെ കിട്ടിയ വാഹനങ്ങളിലെല്ലാം പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനാണ് നാട്ടുകാര്‍ ശ്രമിച്ചത്. ക്യാപ്റ്റന്‍ ദീപക് വസന്ത് സാഠെ, സഹപൈലറ്റ് അഖിലേഷ് എന്നിവ മരിച്ചരില്‍ ഉള്‍പ്പെടും.  16 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 15 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. അപകടത്തില്‍ 123 പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ആശുപത്രിയിലെത്തിച്ച ഭൂരിഭാഗം പേരുടെയും നില ഗുരുതരമാണ്. കനത്ത മഴയില്‍ റണ്‍വേയില്‍ ഇറങ്ങിയ വിമാനം റണ്‍വേയില്‍ നിന്ന് തെറ്റി ഇറങ്ങി മുപ്പത് അടിയോളം താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. രണ്ട് മൃതദേഹങ്ങള്‍ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലാണ്. ഫറോക്ക് ക്രസന്റ് ആശുപത്രിയിലും ഒരു സ്ത്രീ മരിച്ചു.


 

Latest News