കരിപ്പൂര്‍- വിമാന അപകടം നടന്ന കരിപ്പൂര്‍ വിമാനത്താവളത്തില്‍ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു. പരിക്കേറ്റ എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചത്. അതേസമയം വിമാനത്തില്‍ ഇപ്പോഴും പരിശോധനകള്‍ തുടരുന്നുണ്ട്. വിമാനത്താവളത്തിലുണ്ടായിരുന്നവരെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമ്മയും കുഞ്ഞും അടക്കം 16 പേര്‍ ഇതിനോടകം മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പൈലറ്റും സഹ പൈലറ്റും അപകടത്തില്‍ മരിച്ചതായാണ് വിവരം. അഞ്ച് പേരുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലുണ്ട്. പൈലറ്റ് ഡിവി സാഥെ, കോഴിക്കോട് സ്വദേശികളായ ഷറഫുദ്ദീന്‍, രാജീവ് എന്നിവരെ കോഴിക്കോട് ബേബി മെമ്മോറിയലിലാണ് എത്തിച്ചിരിക്കുന്നത്. മലപ്പുറത്തെ ആശുപത്രിയിലെത്തിച്ച സ്ത്രീയും രണ്ട് കുട്ടികളും മരിച്ചെന്ന് മലപ്പുറം ഡിഎംഒ അറിയിച്ചു.
എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 1344 വിമാനമാണ് അപകടത്തില്‍ പെട്ടത്. ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയുടെ അവസാന ഭാഗത്ത് നിന്നും വിമാനം തെന്നിമാറുകയായിരുന്നു. 35 അടി താഴ്ചയിലേക്കാണ് വിമാനം വീണത്. കോക് പിറ്റും യാത്രക്കാര്‍ ഇരിക്കുന്ന ഭാഗവുമായി വിമാനം രണ്ടായി പിളര്‍ന്നു. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.അപകടവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നതിന് വിമാനത്താവളത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി 0495 2376901, 04832719493 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് നമ്പര്‍ 056 546 3903, 0543090572, 0543090572, 0543090575.
ദുബൈയില്‍ നിന്നും പുറപ്പെട്ട് കോഴിക്കോട് വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് യാത്രക്കാരുടെ യുഎഇയിലുള്ള ബന്ധുക്കള്‍ എമര്‍ജന്‍സി നമ്പറില്‍ ബന്ധപ്പെടണമെന്ന് ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. 056 5463903, 054 3090572, 054 3090572, 054 3090575 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്. ദുബയില്‍ നിന്നും പുറപ്പെട്ട വിമാനത്തില്‍ 10 കുട്ടികളടക്കം 184 യാത്രക്കാരും 7 വിമാന ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്. ഐഎക്‌സ് 134 വിമാനമാണ് അപകടത്തില്‍ പെട്ടത്