ദുബയ്- നഗരത്തിലെ തിരക്കേറിയ റോഡുകളിലൂടെ വാഹനമോടിക്കുന്നവരെ അമ്പരപ്പിച്ച് പുതിയ ദുബയില്‍ പുതിയ റഡാറുകള്‍. വേഗതിയിലോടുന്ന കാറിനുള്ളിലേക്ക് കൃത്യമായി 'നോക്കാന്‍' കഴിവുള്ള ഈ ഉപകരണം റോഡരികില്‍ പ്രത്യേകം സ്ഥാപിച്ച കൈവരികളിലാണ് ഘടിപ്പിച്ചിരിക്കുന്നത്. തുറന്നു പിടിച്ച സൂക്ഷ്മ ക്യാമറകളുമായി ചെറിയ ദൂരം ഇവ സ്വമേധയാ ചലിക്കുകയും ചെയ്യും. സ്റ്റാര്‍ വാഴ്‌സ് പോലുള്ള ഹോളിവൂഡ് സിനിമകളില്‍ കണ്ട തരത്തിലുള്ള അത്യാധുനിക റഡാര്‍ സംവിധാനമാണിത്.
സ്മാര്‍ട് കണ്‍ട്രോളര്‍ എന്നു പേരിട്ടിരിക്കുന്ന ഈ സ്മാര്‍ട് ഉപകരണം ദുബയ് പോലീസ് മിക്കയിടത്തും സ്ഥാപിച്ചിട്ടുണ്ട്. മറ്റു റഡാറുകളെ അപേക്ഷിച്ച സാങ്കേതികമായി ഏറെ സവിശേഷതകളുള്ള ഇവ എത്ര വേഗത്തിലോടുന്ന വാഹനമായാലും നമ്പര്‍ പ്ലേറ്റ് കൃത്യമായി പിടിച്ചെടുക്കുകയും ഡ്രൈവറെ തിരിച്ചറിയുകയും ട്രാഫിക് നിയമലംഘനങ്ങളെ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യും. മാത്രവുമല്ല, മറ്റു വാഹനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കാനും ഇവയ്ക്കു കഴിയും.
സാങ്കേതികമായി ഏറ്റവും മികവുറ്റ ക്യമറകളാണ് ഇതിലുപയോഗിച്ചിരിക്കുന്നത്. വേഗതയിലോടുന്ന വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റും ഡ്രൈവറേയും പിടിച്ചെടുക്കാന്‍ ഇതിനുകഴിയും. ഓഫീസര്‍മാര്‍ സ്മാര്‍ട് ഫോണില്‍ ആപ്ലിക്കേഷന്‍ വഴിയാണ് ഈ റഡാറുകളെ നിയന്ത്രിക്കുന്നതെന്നും ദുബയ് പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ് അല്‍ മെറി പറഞ്ഞു.
ഇവ കൂടാതെ നിരവധി സ്മാര്‍ട് ഉപകരണങ്ങളാണ് ദുബയ് പോലീസ് അവതരിപ്പിച്ചിട്ടുള്ളത്. വ്യാഴാഴ്ച സമാപിക്കുന്ന 37-ാമത് ജിറ്റെക്‌സ് എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിച്ച ദുബയ് പോലീസിന്റെ പറക്കും ബൈക്കും പുതിയ തരംഗമായി മാറിയിരിക്കുകയാണ്. കുറ്റകൃത്യങ്ങള്‍ തടയാനും സുരക്ഷയും നിയമപരിപാലനവും ഉറപ്പുവരുത്താനും ദുബയ് പോലീസ് നിരവധി ഹൈടെക്ക് ഉപകരണങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. പറക്കും ബൈക്ക് കൂടാതെ റോബോട്ട് വാഹനം, ഹോവര്‍ബൈക്ക്, ബാറ്റ് റഡാര്‍ തുടങ്ങിയവയും ഈ ഗണത്തിലുണ്ട്.