ബെയ്‌റൂത്ത് - തന്റെ പ്രതിശ്രുത വധുവിന്റെ ജീവിതം സ്‌ഫോടനം കവർന്നെടുത്തതിലുള്ള ഹൃദയം നുറുങ്ങുന്ന വേദന പങ്കുവെച്ച് ലബനോനി യുവാവ് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത സന്ദേശം സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ മനസ്സുകളിൽ വിങ്ങലായി. ലബനീസ് അഗ്നിശമന വിഭാഗം ഉദ്യോഗസ്ഥയായിരുന്ന സഹർ അൽഫാരിസിന്റെ വിയോഗത്തിലാണ് പ്രതിശ്രുത വരൻ സഹറിന്റെ ഫോട്ടോകൾ സഹിതം ഹൃദയസ്പൃക്കായ അനുശോചന സന്ദേശം പോസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെയാണ് അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് സഹർ ഫാരിസിന്റെ മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെടുത്തത്.
കഴിഞ്ഞ ജൂണിൽ തങ്ങളുടെ വിവാഹം നടത്താനാണ് നിശ്ചയിച്ചിരുന്നതെന്ന് യുവാവ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. പ്രത്യേക സാഹചര്യങ്ങളാൽ വിവാഹം പിന്നീട് നീട്ടിവെക്കേണ്ടിവരികയായിരുന്നു. കതിർമണ്ഡപത്തിലേക്ക് കാലെടുത്തുവെക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു സഹർ. നിന്നെ എനിക്ക് വിലക്കിയവന്റെ ഹൃദയം അല്ലാഹു കത്തിച്ചാമ്പലാക്കട്ടേയെന്ന് അനുശോചന സന്ദേശത്തിൽ ലബനീസ് സംസാര ശൈലിയിൽ യുവാവ് കുറിച്ചു. നിന്റെ വിയോഗത്തിലൂടെ എന്റെ നടുവാണ് ഒടിഞ്ഞത്. നിന്റെ അസാന്നിധ്യത്തിലൂടെ ജീവിതത്തിന്റെ മധുരം നഷ്ടപ്പെട്ടെന്നും യുവാവ് കുറിച്ചു. യുവാവിന്റെ അനുശോചന സന്ദേശവും സഹർ ഫാരിസിന്റെ ഫോട്ടോകളും സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ അനുകമ്പ പിടിച്ചുപറ്റുകയും ഇത് വൈറലാവുകയും ചെയ്തു.
ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി സഹർ ഫാരിസും മറ്റു ഒമ്പതു സഹപ്രവർത്തകരും അടങ്ങുന്ന സംഘം തുറമുഖത്ത് എത്തി മിനിറ്റുകൾക്കകമാണ് എല്ലാവരുടെയും ജീവൻ കവർന്ന ഉഗ്രസ്‌ഫോടനമുണ്ടായത്. ഇക്കൂട്ടത്തിൽ പെട്ട എട്ടു പേർ സുസ്‌മേരവദനരായി സെൽഫിക്ക് പോസ് ചെയ്യുന്ന ഫോട്ടോ ദുരന്തത്തിന് തൊട്ടുമുമ്പ് സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
തുറമുഖത്തിന്റെ ഒരു ഭാഗത്തുണ്ടായ പരിമിതമായ തീയണക്കുന്നതിന് രണ്ടു വാഹനങ്ങളിലായാണ് അഗ്നിശമന സംഘം തുറമുഖത്തെത്തിയത്. ഇവർ തുറമുഖത്തെത്തിയ ഉടൻ ഉഗ്ര സ്‌ഫോടനമുണ്ടാവുകയും എല്ലാവരെയും കാണാതാവുകയുമായിരുന്നു. ബുധനാഴ്ച 11 മണിയോടെയാണ് സഹർ ഫാരിസിന്റെ മൃതദേഹം അവശിഷ്ടങ്ങൾക്കടിയിൽ കണ്ടെത്തിയത്.