ഷാര്‍ജ- എമിറേറ്റിലെ വീടുകളില്‍ തുടര്‍ക്കഥയായ തീപ്പിടിത്ത സംഭവങ്ങള്‍ക്കു പിന്നിലെ മുഖ്യ കാരണം എലികളെന്ന് പോലീസ് ഫോറന്‍സിക് വിദഗ്ധന്‍. ഇലക്ട്രിക് കേബിളുകള്‍, വയറിങ്, ഗ്യാസ് സിലിണ്ടര്‍ ട്യൂബുകള്‍ എന്നിവ എലികള്‍ കാര്‍ന്നു തിന്നതാണ് ഷാര്‍ജയിലെ മിക്ക അഗ്നിബാധകള്‍ക്കു കാരണമെന്ന് ഷാര്‍ജ ഫോറന്‍സിക് ലബോട്ടറിയിലെ അഗ്നിശമന വിദഗ്ധന്‍ കേണല്‍ ആദില്‍ അല്‍ മസ്മി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ വീടുകളിലും താമസസ്ഥലങ്ങളിലും കണ്ടാല്‍ ഉടന്‍ മുനിസിപ്പാലിറ്റിയെ അറിയിക്കുകയോ എലികളെ തുരത്താനുള്ള കീടനാശിനികള്‍ പ്രയോഗിക്കുകയോ ചെയ്യണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ഷാര്‍ജയിലെ വില്ലകള്‍, വീടുകള്‍, അപാര്‍ട്ട്‌മെന്റുകള്‍ എന്നിവിടങ്ങളില്‍ ഈയിടെ വ്യാപകമായി ഉണ്ടായ തീപ്പിടിത്തങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിലാണ്, ഈ സംഭവങ്ങളിലെ പ്രധാനവില്ലന്‍മാര്‍ എലികളാണെന്ന് കണ്ടെത്തിയത്. എലി ശല്യം കാര്യമായി ഗൗനിക്കാത്തതും ഇവയുടെ അപകടസാധ്യതയെ കുറിച്ച് അവബോധമില്ലാത്തതുമാണ് പ്രധാന പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു.
സുഗന്ധം പുകയ്പ്പിക്കുന്ന ബര്‍ണറുകള്‍ കര്‍ട്ടനുകള്‍ക്കുള്ളിലും മുറിക്കുള്ളിലും വയ്ക്കുന്നതും, ഗുണനിലവാരം കുറഞ്ഞ വയറുകളും എക്സ്റ്റന്‍ഷനുകളും ഉപയോഗിക്കുന്നതും, എസിയുടെ കണക്ഷന്‍ വയറുകള്‍ പുറത്തേക്ക് തുറന്നിടുന്നതും, കാര്‍പറ്റിനു മുകളിലൂടെയോ ചൂടുള്ള സ്ഥലങ്ങളിലൂടേയൊ ഇലക്ട്രിക് വയറിംഗുകളിടുന്നതുമെല്ലാം അപകട സാധ്യത ഏറ്റുന്നതാണ്. പല വീടുകളിലും ഇസ്തിരിപ്പെട്ടികള്‍ ഓണ്‍ ചെയ്ത് വച്ച് പോയി അപകടങ്ങളുണ്ടായിട്ടുണ്ട്. ഉപയോഗ സമയത്തല്ലാതെ വാട്ടര്‍ ഹീറ്ററുകള്‍ ഓണ്‍ ചെയ്തിടരുത്. സേഫ്റ്റി വാല്‍വ് ഇല്ലാത്ത ഹീറ്ററുകള്‍ ഉപയോഗ സമയത്തല്ലാതെ ദീര്‍ഘ നേരം പ്രവര്‍ത്തിച്ചു കൊണ്ടിരുന്നാല്‍ പൊട്ടിത്തെറിക്കു വരെ കാരണമാകുമെന്നും അല്‍ മസ്മി മുന്നറിയിപ്പു നല്‍കി.
തീപ്പിടിത്ത സംഭവങ്ങളില്‍ ഭൂരിഭാഗവും അശ്രദ്ധകാരണം ഉണ്ടാകുന്നതാണ്. വീട്ടുകാര്‍ കൃത്യസമയത്ത് അറ്റകുറ്റപ്പണികള്‍ നടത്തുകയും ഇടവേളകളില്‍ പരിപാലിക്കുകയും ചെയ്യണമെന്നും അ്‌ദേഹം നിര്‍ദേശിച്ചു.