റിയാദ് - കൊറോണ കാരണം ഈ വർഷത്തെ റിയാദ് ട്രാവൽ ഫെയർ വീണ്ടും നീട്ടിവെച്ചു. ഇത് രണ്ടാം തവണയാണ് ട്രാവൽ ഫെയർ നീട്ടിവെക്കുന്നത്. റിയാദ് ട്രാവൽ ഫെയർ കഴിഞ്ഞ മാർച്ചിൽ സംഘടിപ്പിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഇത് പിന്നീട് സെപ്റ്റംബറിലേക്ക് മാറ്റി. ഇതാണ് വീണ്ടും നീട്ടിവെച്ചത്.
അടുത്ത വർഷം മാർച്ച് 15 മുതൽ 18 വരെ ട്രാവൽ ഫെയർ നടത്താനാണ് പുതിയ തീരുമാനം. ഇതനുസരിച്ച് ഈ വർഷം റിയാദ് ട്രാവൽ ഫെയർ ഉണ്ടാകില്ല. ട്രാവൽ ഫെയറിൽ പങ്കെടുക്കുന്ന കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ഫെയർ സന്ദർശകരുടെയും ആരോഗ്യ, സുരക്ഷ മുൻനിർത്തിയാണ് ഫെയർ നീട്ടിവെക്കുന്നതെന്ന് ഫെയർ സംഘാടന ചുമതല വഹിക്കുന്ന അസാസ് എക്‌സിബിഷൻസ് കമ്പനി ഡയറക്ടർ ജനറൽ ബന്ദർ അൽഖരൈനി പറഞ്ഞു.
സൗദിയിലെ ഏറ്റവും വലിയ ടൂറിസം, ട്രാവൽ എക്‌സിബിഷനാണ് റിയാദ് ട്രാവൽ ഫെയർ. മധ്യപൗരസ്ത്യ രാജ്യങ്ങളിൽ നിന്നും ഉത്തരാഫ്രിക്കയിൽ നിന്നും ഏഷ്യയിൽ നിന്നും യൂറോപ്പിൽ നിന്നും ഓസ്‌ട്രേലിയയിൽ നിന്നുമുള്ള കമ്പനികളെയും സ്ഥാപനങ്ങളെയും സന്ദർശകരെയും റിയാദ് ട്രാവൽ ഫെയർ ആകർഷിക്കാറുണ്ട്. 50 രാജ്യങ്ങളിൽ നിന്നുള്ള 275 കമ്പനികളും സ്ഥാപനങ്ങളും ഈ വർഷത്തെ റിയാദ് ട്രാവൽ ഫെയറിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ട്രാവൽ ഫെയർ പതിനായിരക്കണക്കിനാളുകൾ സന്ദർശിക്കുമെന്നും പ്രതീക്ഷിച്ചിരുന്നു.