റിയാദ് - സ്‌പോൺസർമാർ മരണപ്പെടുന്ന സാഹചര്യങ്ങളിൽ ഗാർഹിക തൊഴിലാളികളുടെ ഫൈനൽ എക്‌സിറ്റിന് സ്വീകരിക്കേണ്ട നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് ജവാസാത്ത് വിശദീകരണം നൽകി. മരണപ്പെട്ട പിതാവിന്റെ സ്‌പോൺസർഷിപ്പിലുള്ള വേലക്കാരിക്ക് ഫൈനൽ എക്‌സിറ്റ് നൽകാൻ എന്ത് നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് ആരാഞ്ഞ് സൗദി പൗരൻ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് ഇത്തരം സാഹചര്യങ്ങളിൽ പൂർത്തിയാക്കേണ്ട നടപടികൾ ജവാസാത്ത് വ്യക്തമാക്കിയത്.
ഫൈനൽ എക്‌സിറ്റ് നേടാൻ ഗുണഭോക്താവായ വിദേശ തൊഴിലാളി ആഗ്രഹിക്കുന്ന പക്ഷം സ്‌പോൺസറുടെ അന്തരാവകാശികളിൽ ഒരാൾക്കൊപ്പം ഗുണഭോക്താവ് ജവാസാത്ത് ഡയറക്ടറേറ്റിനു കീഴിലെ നിയമകാര്യ വിഭാഗത്തെ നേരിട്ട് സമീപിക്കുകയാണ് വേണ്ടത്. ഗുണഭോക്താവിന്റെയും സ്‌പോൺസറുടെ അനന്തരാവകാശികളിൽ ഒരാളുടെയും അപേക്ഷയുടെ അടിസ്ഥാനത്തിൽ ഫൈനൽ എക്‌സിറ്റ് അനുവദിക്കുമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.