തിരുവനന്തപുരം- പ്രോട്ടോക്കോള്‍ പാലിക്കാതെ തിരുവനന്തപുരത്ത് യു.എ.ഇ കോണ്‍സുലേറ്റ് സന്ദര്‍ശിച്ച സംസ്ഥാന മന്ത്രിമാരെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ശേഖരിക്കുന്നതായി റിപ്പോര്‍ട്ട്. തിരുവനന്തപുരം എയര്‍പോര്‍ട്ട് വഴി നടന്ന സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്ന സമയത്ത് രണ്ടു മന്ത്രിമാര്‍ മൂന്നിലേറെ തവണ യു.എ.ഇ കോണ്‍സുലേറ്റില്‍ സന്ദര്‍ശനം നടത്തിയതായി പറയുന്നു.
മന്ത്രിമാര്‍ നയതന്ത്ര കാര്യാലയങ്ങളില്‍ ഓദ്യോഗിക ചടങ്ങുകളില്‍ പങ്കെടുക്കണമെങ്കില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടണമെന്നിരിക്കെയാണ് ഇരുവരും പ്രോട്ടോകോള്‍ ലംഘിച്ച് സന്ദര്‍ശനം നടത്തിയിരിക്കുന്നത്.
യു.എ.ഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്യുന്ന സമയത്തു സ്വപ്ന മുന്‍കയ്യെടുത്താണ് ഇവരെ വിവിധ പരിപാടികളില്‍ പങ്കെടുപ്പിച്ചത്. ഇരുവരും ഔദ്യോഗിക, സ്വകാര്യ കാര്യങ്ങള്‍ക്കായി മൂന്നിലേറെ തവണ വീതം പോയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒരു മന്ത്രി മകന്റെ വിസാ കാര്യത്തിനായും കോണ്‍സുലേറ്റിലെത്തി.
നയതന്ത്ര കാര്യാലയങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ സംസ്ഥാന പൊതുഭരണ വകുപ്പ് പ്രോട്ടോക്കോള്‍ വിഭാഗം വഴിയാണ് അനുമതി തേടേണ്ടത്. കോണ്‍സുലേറ്റുകള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയെ ക്ഷണിക്കാനും പ്രോട്ടോക്കോള്‍ വിഭാഗത്തെ സമീപിക്കണം.