തൊടുപുഴ-ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2.74 അടി ഉയർന്ന് 2340.3 അടിയിലെത്തി. സംഭരണശേഷിയുടെ 38 ശതമാനമാണിത്. പദ്ധതിയുടെ വൃഷ്ടി പ്രദേശത്ത് ഇന്നലെ 123.4 മി.മീ മഴ രേഖപ്പെടുത്തി. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായി. ഇന്നലെ 4.63 കോടി യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം അണക്കെട്ടിൽ ഒഴുകിയെത്തി. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 117.9 അടിയായി ഉയർന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് 124.2 മി.മീ മഴ രേഖപ്പെടുത്തി. സെക്കന്റിൽ 4783.75 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. 304.58 ഘനയടി വെള്ളം തമിഴ്‌നാട്ടിലേക്ക് ഒഴുക്കുന്നുണ്ട്.
വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ കല്ലാർകുട്ടി, പാംബ്ല ഡാമുകളുടെ അഞ്ച് ഷട്ടർ ഘട്ടം ഘട്ടമായി ഉയർത്തി. ഇന്നലെ രാവിലെ 9 മുതൽ കല്ലാർകുട്ടി 80 ഉം പാംബ്ല 120 ഉം സെന്റീമീറ്ററും ഉയർത്തി. കല്ലാർകുട്ടിയിൽ നിന്ന് 400 ക്യുമെക്‌സും പാംബ്ലയിൽ നിന്ന് 900 ക്യുമെക്‌സും വരെ ജലം ഒഴുക്കിവിടുംന്നുണ്ട്. മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ ഇരുകരകളിലുമുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ ജില്ലാ കലക്ടർ എച്ച്. ദിനേശൻ അറിയിച്ചു. മലങ്കര അണക്കെട്ടിന്റെ ആറ് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം ഉയർത്തി പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. ജൂലൈ 29 മുതൽ എല്ലാ ഷട്ടറുകളും നിയന്ത്രിത അളവിൽ ഉയർത്തി വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്. 42 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. 38.86 മീറ്ററാണ് മലങ്കരയിലെ ഇന്നലത്തെ ജലനിരപ്പ്.